ശബരിമലവിഷയത്തിൽ സർവ്വകക്ഷിയോഗം പരാജയപ്പെടുത്തിയത്  സർക്കാരിന്റെ ധാർഷ്ട്യവും പിടിവാശിയും: കെ.എം.മാണി

ശബരിമലവിഷയത്തിൽ സർവ്വകക്ഷിയോഗം പരാജയപ്പെടുത്തിയത് സർക്കാരിന്റെ ധാർഷ്ട്യവും പിടിവാശിയും: കെ.എം.മാണി

സ്വന്തം ലേഖകൻ

ചരൽക്കുന്ന്: നിലപാടുകളിൽ വിട്ടുവീഴ്ച കാണിക്കാത്ത സംസ്ഥാനസർക്കാരിന്റെ ധാർഷ്ട്യവും പിടിവാശിയും ശബരിമലവിഷയത്തെ കൂടുതൽ സങ്കീർണ്ണമാക്കിയെന്ന് കേരളാ കോൺഗ്രസ് (എം) ചെയർമാൻ കെ.എം.മാണി. ജനവികാരം ഉൾക്കൊണ്ടുകൊണ്ട് സമവായത്തിന് ശ്രമിക്കേണ്ട സർക്കാർ പഴയ നിലപാട് ആവർത്തിച്ചതിലൂടെ സർവ്വകക്ഷിയോഗത്തെത്തന്നെ പരിഹാസ്യമാക്കി. വിശ്വാസസമൂഹത്തിന്റെ വികാരങ്ങൾക്ക് പുല്ലുവില കൽപ്പിക്കുകയും കോടതിവിധിയുടെ പേരു പറഞ്ഞ് ആചാരലംഘകരെ സ്പോൺസർ ചെയ്യുകയും ചെയ്യുന്ന സമീപനം ജനാധിപത്യകേരളം അംഗീകരിക്കില്ല.

യുവതീപ്രവേശനവിഷയത്തിൽ സാവകാശഹർജി നൽകാൻ സർക്കാർ തയ്യാറായില്ലായെങ്കിൽ അതിനു ചുമതലപ്പെട്ട തിരുവിതാംകൂർ ദേവസ്വംബോർഡ് ഉത്തരവാദിത്വം നിറവേറ്റണം. ഇക്കാര്യത്തിൽ സിപിഎം പുലർത്തുന്ന സോഷ്യൽ ഫാസിസ്റ്റു സമീപനത്തിനൊപ്പമാണോ എൽഡിഎഫിലെ മറ്റു ഘടകകക്ഷികളും എന്നറിയാൻ കേരളീയ സമൂഹത്തിനു താത്പര്യമുണ്ട്.
ബന്ധുനിയമനത്തിൽ എല്ലാ തെളിവുകളും പുറത്തുവന്ന സാഹചര്യത്തിൽ കുറ്റക്കാരനായ മന്ത്രി കെ.ടി. ജലീൽ രാജിവെച്ചേ മതിയാവൂ. മുഖ്യമന്ത്രി ഉടൻ കെ.ടി. ജലീലിന്റെ രാജി ഉടൻ ആവശ്യപ്പെടണം. 3000 കോടിയുടെ പ്രതിമയല്ല, പട്ടിണി അനുഭവിക്കുന്ന ഇൻഡ്യയിലെ ജനവിഭാഗങ്ങൾക്ക് വേണ്ടത്. പ്രതിമകളുടെ ഉയരമല്ല, വ്യക്തികളുടെ മാഹാത്മ്യത്തെ നിർണ്ണയിക്കുന്നത്. പ്രതിമയ്ക്ക് ഉയരം കുറവാണെങ്കിലും ഗാന്ധിജി ലോകാദരണീയനാണ്. ഇൻഡ്യയുടെ ചരിത്രത്തിൽ മുദ്രണം ചെയ്യപ്പെട്ട അലഹബാദിന്റെയും ഫൈസാബാദിന്റെയും ഹൈദ്രാബാദിന്റെയും പേരുമാറ്റാനുള്ള ബിജെപിയുടെ വർഗ്ഗീയ അജണ്ട ആപത്കരമാണ്.
ചരൽകുന്നിൽ ആരംഭിച്ച `മിഷൻ 2030′ കേരളാ കോൺഗ്രസ് (എം) സംസ്ഥാന നേതൃക്യാമ്പിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. പ്രളയത്തിൽ സർവ്വതും നഷ്ടപ്പെട്ട സാധാരണക്കാരെ മറന്നുപോയ സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് അദ്ധ്യക്ഷനായിരുന്ന കേരളാ കോൺഗ്രസ് (എം) ഡെപ്യൂട്ടി ചെയർമാൻ സി.എഫ്. തോമസ് എം.എൽ.എ പറഞ്ഞു.
നോട്ടുനിരോധനവും തെറ്റായ രീതിയിൽ ജിഎസ്ടി നടപ്പിലാക്കിയതും സ്വതന്ത്ര ഇന്ത്യ കണ്ട ചരിത്രവിഡ്ഢിത്തങ്ങളാണെന്ന് സംഘടനാ രേഖ അവതരിപ്പിച്ച പാർട്ടി വൈസ് ചെയർമാൻ ജോസ് കെ.മാണി എം.പി പറഞ്ഞു.
ജനറൽ സെക്രട്ടറി ജോയി എബ്രാഹാം, മോൻസ് ജോസ് എം.എൽ.എ, ഡോ. എൻ. ജയരാജ് എം.എൽ.എ, തോമസ് ഉണ്ണിയാടൻ, ജില്ലാ പ്രസിഡണ്ടുമാർ, സംസ്ഥാന ഭാരവാഹികൾ എന്നിവർ സംസാരിച്ചു.
രണ്ടു ദിവസം നീളുന്ന ക്യാമ്പ് വെള്ളിയാഴ്ച വൈകുന്നേരം സമാപിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group