video
play-sharp-fill
മകര വിളക്ക് കഴിഞ്ഞിട്ടും സന്നിധാനത്ത് തീര്‍ത്ഥാടക പ്രവാഹം; തിരുവാഭരണ ദര്‍ശനം 19 വരെ; 20ന് പുലര്‍ച്ചെ നട അടയ്ക്കും

മകര വിളക്ക് കഴിഞ്ഞിട്ടും സന്നിധാനത്ത് തീര്‍ത്ഥാടക പ്രവാഹം; തിരുവാഭരണ ദര്‍ശനം 19 വരെ; 20ന് പുലര്‍ച്ചെ നട അടയ്ക്കും

സ്വന്തം ലേഖിക

ശബരിമല: മകരസംക്രമ പൂജയും മകരജ്യോതി ദര്‍ശനവും കഴിഞ്ഞിട്ടും സന്നിധാനത്തേക്ക് തീര്‍ത്ഥാടക പ്രവാഹം തുടരുന്നു.

പന്തളത്തു നിന്ന് കൊണ്ടു വന്ന തിരുവാഭരണങ്ങള്‍ ചാര്‍ത്തിയുളള ദര്‍ശനം 19 വരെ ഉണ്ടാവും. 20ന് പുലര്‍ച്ചെ നട അടയ്ക്കും. അന്ന് ഭക്തര്‍ക്ക് ദര്‍ശനമില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ വൈകിട്ട് മാളികപ്പുറത്തു നിന്ന് പതിനെട്ടാം പടിയിലേക്ക് അമ്പലപ്പുഴ, ആലങ്ങാട്ട് സംഘത്തിന്റെ ആചാരപരമായ എഴുന്നളളത്ത് നടന്നു. താലപ്പൊലിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ നടന്ന എഴുന്നളളത്ത് ഭക്തിസാന്ദ്രമായി.

ദീപാരാധനയ്ക്ക് ശേഷം പടി പൂജ നടന്നു. അത്താഴപൂജയ്ക്കു ശേഷം രാത്രി 10ന് മാളികപ്പുറം മണിമണ്ഡപത്തില്‍ നിന്ന് പതിനെട്ടാംപടിയിലേക്ക് വിളക്കിനെഴുന്നളളത്തും വേട്ടക്കുറുപ്പന്മാരുടെ നേതൃത്വത്തില്‍ നായാട്ടുവിളിയും നടന്നു. 18ന് രാത്രി ശരംകുത്തിയിലേക്കുളള എഴുന്നളളത്തും നായാട്ടുവിളിയും , 19ന് മാളികപ്പുറത്ത് പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് വലിയ ഗുരുതിയും നടക്കും.

ജനുവരി ഒന്ന് മുതല്‍ 13.96 ലക്ഷം തീര്‍ത്ഥാടകര്‍ വെര്‍ച്വല്‍ ക്യൂ വഴി ദര്‍ശനത്തിന് ബുക്കു ചെയ്തു. മകരവിളക്ക് ദിവസം മാത്രം 89,939 പേരാണ് വെര്‍ച്വല്‍ ക്യൂ വഴി ബുക്കിംഗ് നടത്തിയത്.

പര്‍ണശാലകള്‍ കെട്ടി പൂങ്കാവനത്തില്‍ കഴിഞ്ഞിരുന്നവരും 13ന് രാത്രി പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് എത്തിയവരും ദര്‍ശനം കാത്ത് സന്നിധാനത്ത് തങ്ങി. അരവണ പ്രസാദത്തിനായി മണിക്കൂറുകള്‍ ക്യൂ നില്‍ക്കേണ്ടി വന്നതും സന്നിധാനത്ത് ഭക്തജനത്തിരക്ക് വര്‍ദ്ധിക്കാന്‍ കാരണമായി.

ആന്ധ്ര, കര്‍ണാടക, തമിഴ്നാട്, തെലുങ്കാന സംസ്ഥാനങ്ങളില്‍ നിന്നുള്ള അയ്യപ്പഭക്തരാണ് ദര്‍ശനം നടത്തി മടങ്ങുന്നവരില്‍ അധികവും.
കോവിഡിനെ തുടര്‍ന്നുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിച്ച സാഹചര്യത്തില്‍ കണക്കുകൂട്ടലുകള്‍ക്കപ്പുറമുളള തീര്‍ത്ഥാടക പ്രവാഹമാണ് ഇക്കുറിയുണ്ടായത്.