play-sharp-fill
ശബരിമല തീർഥാടകർക്കും ജീവനക്കാർക്കും
5 ലക്ഷം രൂപയുടെ ഇൻഷുറൻസ്‌ ലഭ്യമാക്കി ദേവസ്വം ബോർഡ്

ശബരിമല തീർഥാടകർക്കും ജീവനക്കാർക്കും
5 ലക്ഷം രൂപയുടെ ഇൻഷുറൻസ്‌ ലഭ്യമാക്കി ദേവസ്വം ബോർഡ്

 

തിരുവനന്തപുരം: ശബരിമല തീർഥാടകർക്കും ജീവനക്കാർക്കും 5 ലക്ഷം രൂപ അപകട ഇൻഷുറൻസ്‌ ഏർപ്പെടുത്തി തിരുവിതാംകൂർ ദേവസ്വം ബോർഡ്‌. വെർച്വൽ ക്യൂ മുഖേന ബുക്ക്‌ ചെയ്യുന്ന തീർഥാടകർക്കും സ്ഥിരം താൽക്കാലിക ജീവനക്കാർക്കുമാണ്‌ ഇൻഷുറൻസ്‌ പരിരക്ഷ ലഭിക്കുക.

 

ശബരിമല സ്ഥിതി ചെയ്യുന്ന പത്തനംതിട്ടയിലും ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലും അപകടത്തിൽപ്പെട്ട്‌ മരിക്കുന്ന തീർഥാടകരുടെയും ജീവനക്കാരുടെയും ആശ്രിതർക്ക്‌ ഇൻഷുറൻസ്‌ തുക ലഭിക്കും. എല്ലാ സംസ്ഥാനത്തുനിന്നുള്ളവർക്കും ഇൻഷുറൻസ്‌ പരിരക്ഷ ലഭ്യമാകും. തീർഥാടനം കഴിഞ്ഞ്‌ മടങ്ങുന്നവർക്കും ഈ നാലുജില്ലകളിലുമുണ്ടാകുന്ന അപകടമരണത്തിന്‌ പരിരക്ഷ കിട്ടും.

 

പ്രീമിയം തുക പൂർണമായും ദേവസ്വം ബോർഡാണ്‌ അടയ്‌ക്കുന്നത്‌. പരിക്കേൽക്കുന്നവർക്കുള്ള ഇൻഷുറൻസ്‌ സംബന്ധിച്ച്‌ ചർച്ചകൾ നടക്കുന്നു. ഒരു വർഷത്തേക്കാണ്‌ കവറേജ്‌. മണ്ഡലകാലത്തും മാസപൂജയ്‌ക്ക്‌ വരുമ്പോഴും പരിരക്ഷ ലഭിക്കുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ദേവസ്വം ബോർഡിലെ സ്ഥിരം ജീവനക്കാർക്ക്‌ കേരളത്തിൽ എവിടെവച്ച്‌ അപകടമരണം സംഭവിച്ചാലും അഞ്ചുലക്ഷം രൂപ ഇൻഷുറൻസ്‌ അനുവദിക്കും. താൽക്കാലിക ദിവസ വേതനക്കാർക്ക്‌ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം ജില്ലയിൽ അപകടമുണ്ടായാൽ പരിരക്ഷ ലഭിക്കും.

 

ശബരിമലയിൽ മാത്രം ദിവസ വേതന അടിസ്ഥാനത്തിലും സ്ഥിരമായും നാലായിരത്തോളം ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്‌. തീർഥാടനത്തിനിടെ മരിക്കുന്നവരുടെ മൃതദേഹം സംസ്ഥാനത്തിനകത്ത്‌ വീടുകളിലെത്തിക്കാൻ മുപ്പതിനായിരം രൂപയും ഇതര സംസ്ഥാനങ്ങളിലേക്ക്‌ കൊണ്ടുപോകാൻ ഒരുലക്ഷം രൂപയുംവരെ നൽകും. ഈ തുക ദേവസ്വംബോർഡ്‌ നേരിട്ട്‌ അനുവദിച്ചശേഷം ഇൻഷുറൻസ്‌ കമ്പനിയിൽനിന്ന്‌ ഈടാക്കുമെന്ന്‌ ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ പി എസ്‌ പ്രശാന്ത്‌ പറഞ്ഞു. ഇൻഷുറൻസ്‌ സംബന്ധിച്ച കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന്‌ ബോർഡ്‌ ജീവനക്കാരും കമ്പനി ജീവനക്കാരും ഉൾപ്പെട്ട ഹെൽപ്‌ ഡെസ്ക്‌ രൂപീകരിക്കും.