ശബരിമല തീര്‍ഥാടനം: കോട്ടയത്ത് ഒരുക്കങ്ങള്‍ ഒന്നുമായില്ല; ബസ് സ്‌റ്റോപ്പ് ഓടിക്കളിക്കുന്നത് യാത്രക്കാരെ വലയ്ക്കുന്നു; സൈന്‍ ബോര്‍ഡ് സ്ഥാപിക്കാന്‍ പോലും അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല
സ്വന്തം ലേഖകന്‍
കോട്ടയം: ശബരിമല തീര്‍ഥാടനം ആരംഭിക്കാന്‍ ദിവസങ്ങള്‍ ശേഷിക്കെ കോട്ടയത്ത് ഒരുക്കങ്ങള്‍ ഒന്നുമായില്ല. ഈ സ്ഥിതി തുടര്‍ന്നാല്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നടക്കം അയ്യപ്പ ഭക്തരുടെ നൂറുകണക്കിന് വാഹനങ്ങള്‍ കോട്ടയം നഗരത്തില്‍ എത്തി കുരുക്കിലാവാണ് സാധ്യത. മണ്ഡല മകര വിളക്ക് കാലം ആരംഭിക്കുന്ന വൃശ്ചികം ഒന്നിന് രണ്ടു ദിവസം മുന്‍പേ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള അയ്യപ്പ ഭക്തയുടെ ഒഴുക്ക് ആരംഭിക്കും. തീര്‍ഥാടകരുടെ പ്രധാന ഇടത്താവളമാണ് കോട്ടയം. പക്ഷേ വാഹന പാര്‍ക്കിംഗിനോ ഗതാഗത നിയന്ത്രണത്തിനോ ഉള്ള ഒരു കാര്യവും ഇതുവരെ നടപ്പാക്കിയിട്ടില്ല.
ശബരിമലയിലേക്ക് പോകുന്ന അയ്യപ്പഭക്തര്‍ കോട്ടയം തിരുനക്കര ക്ഷേത്രത്തിലെത്തി പ്രാര്‍ഥിച്ച ശേഷമാണ് മടങ്ങുന്നത്. തിരുനക്കര ബസ് സ്റ്റാന്‍ഡ് ഷോപ്പിംഗ് കോംപ്ലക്‌സ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട് ക്ഷേത്രത്തിലേക്കുള്ള റോഡ് ഭാഗികമായി അടച്ചിരിക്കുകയാണ്. ഗാന്ധിസ്‌ക്വയറില്‍ നിന്ന് തിരുനക്കര ക്ഷേത്രത്തിനു മുന്നിലൂടെ പോകുന്ന റോഡാണ് ഭാഗികമായി അടച്ചത്. ഇതോടെ ഗതാഗതം ഇവിടെ സുഗമമല്ല. അയ്യപ്പ ഭക്തരുടെ വാഹനങ്ങള്‍ കൂടി എത്തുന്നതോടെ ഇവിടെ കുരുക്ക് മുറുകാനാണ് സാധ്യത. അങ്ങനെ ഗതാഗതക്കുരുക്ക് നഗരത്തിന്റെ മറ്റു മേഖലകളിലേക്കും നീളും.
ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിന്റെ തെക്കുഭാഗം എത്രയും പെട്ടെന്ന് പൊളിച്ചു നീക്കി ക്ഷേത്രത്തിലേക്കുള്ള റോഡ് പൂര്‍ണമായി തുറന്നു കൊടുത്താല്‍ തടസം നീങ്ങും. ഇക്കാര്യത്തില്‍ നഗരസഭയും പോലീസും റവന്യു വിഭാഗവും അടിന്തര ഇടപെടല്‍ നടത്തേണ്ടിയിരിക്കുന്നു.
അതുപോലെ ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിന്റെ തെക്കും പടിഞ്ഞാറുമുള്ള ഭാഗങ്ങള്‍ അടിയന്തരമായി പൊളിച്ചു മാറ്റി ബസ് കയറ്റി വിട്ടാലേ ഇപ്പോഴത്തെ ഗതാഗതക്കുരുക്കിനും യാത്രാ ക്ലേശത്തിനും പരിഹാരമാകു. ഇപ്പോള്‍ ബസ് നിര്‍ത്തുന്നത് എവിടെയാണെന്നറിയാതെ യാത്രക്കാര്‍ ഓടി നടക്കുകയാണ്.
ബസ് സ്റ്റാന്‍ഡ് പൂട്ടിയപ്പോള്‍ ആദ്യം പോസ്റ്റ് ഓഫീസ് റോഡിലായിരുന്നു ബസുകള്‍ക്ക് സ്‌റ്റോപ്പ് അനുവദിച്ചത്. പിന്നീടത് ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിലേക്ക് മാറ്റി. ഇപ്പോഴത് വീണ്ടും പഴയ പടി പോസ്റ്റ് ഓഫീസ് റോഡിലേക്ക് മാറ്റി. ഇങ്ങനെ ബസ് സ്റ്റോപ്പ് ഓടിക്കളിക്കുകയാണ്. ഇതോടെ കോട്ടയത്തിനു പുറത്തു നിന്നെത്തുന്ന യാത്രക്കാര്‍ ബസ് സ്റ്റോപ്പ് തേടി അലയുന്ന കാഴ്ചയും കാണാം.
കോട്ടയത്തിനു പുറമെ ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ നിന്ന് നൂറുകണക്കിന് രോഗികളാണ് ദിനംപ്രതി മെഡിക്കല്‍ കോളജിലേക്ക് പോകുന്നത്. സ്ത്രീകളും പ്രായമായവരും കോട്ടയം ടൗണിലെത്തി മെഡിക്കല്‍ കോളജിലേക്കുള്ള ബസ് എവിടെയാണെന്നു അന്വേഷിച്ചു നടക്കുകയാണ്. വഴിയാത്രക്കാരോടും കടക്കാരോടും ചോദിച്ചാണ് ബസ് സ്‌റ്റോപ്പ് എവിടെയെന്ന് മനസിലാക്കുന്നത്. നഗരത്തില്‍ പല വട്ടം നടന്നാണ് സ്റ്റോപ്പ് കണ്ടെത്തി ബസില്‍ കയറി പോകുന്നത്. ബസ് സ്്‌റ്റോപ്പ് മാറ്റിയെന്നോ എവിടെയാണ് സ്‌റ്റോപ്പ് എന്നോ കാണിക്കുന്ന ഒരു ബോര്‍ഡ് പോലും സ്ഥാപിക്കാന്‍ ഇതുവരെ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല.
തിരുനക്കര സ്റ്റാന്‍ഡ് കെട്ടിടം പൊളിക്കാന്‍ തുടങ്ങിയിട്ട് രണ്ടു മാസമായി. ഇതുവരെ മൂന്നില്‍ ഒന്നു ഭാഗമേ പൊളിച്ചു നീക്കാന്‍ കഴിഞ്ഞിട്ടുള്ളു. ശബരിമല സീസണ്‍ ആരംഭിക്കാനിരിക്കുന്ന കാര്യം അറിയാമായിട്ടും അധികൃതര്‍ ഒന്നും ചെയ്തില്ല.
ടാക്‌സി സ്റ്റാന്‍ഡ് പഴയ പോലീസ് സ്‌റ്റേഷന്‍ മൈതാനത്തേക്ക് മാറ്റിയതോടെ തീര്‍ഥാടക വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനിടമില്ല. തിരുനക്കര ക്ഷേത്ര മൈതാനം നിറയുമ്പോള്‍ തിരുനക്കര ടാക്‌സി സ്റ്റാന്‍ഡിലായിരുന്നു മുന്‍വര്‍ഷങ്ങളില്‍ അയ്യപ്പ ഭക്തരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരുന്നത്. ടാക്‌സികള്‍ക്കു പോലും ഇടമില്ലാത്ത പഴയ പോലീസ് സ്‌റ്റേഷന്‍ മൈതാനത്ത് മറ്റു വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് അനുവദിക്കുന്നില്ല. നഗരത്തില്‍ ആകെയുള്ള കംഫര്‍ട്ട് സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നതും തിരുനക്കര ബസ് സ്റ്റാന്‍ഡിലാണ്.