ശബരിമല നടവരവില്‍ 20 കോടി രൂപയുടെ കുറവ് ; 28 ദിവസത്തിനിടെ ലഭിച്ചത് 134 കോടി രൂപ ; ഭക്തരുടെ എണ്ണത്തില്‍ ഒന്നരലക്ഷത്തിന്റെ കുറവ്

ശബരിമല നടവരവില്‍ 20 കോടി രൂപയുടെ കുറവ് ; 28 ദിവസത്തിനിടെ ലഭിച്ചത് 134 കോടി രൂപ ; ഭക്തരുടെ എണ്ണത്തില്‍ ഒന്നരലക്ഷത്തിന്റെ കുറവ്

സ്വന്തം ലേഖകൻ

പത്തനംതിട്ട: മണ്ഡലകാല തീര്‍ഥാടനം ആരംഭിച്ച് ഒരു മാസം ആയ പശ്ചാത്തലത്തില്‍ ശബരിമല നടവരവില്‍ 20 കോടി രൂപയുടെ കുറവ്. 28 ദിവസത്തെ നടവരവ് കണക്കനുസരിച്ച് 134.44 കോടി രൂപയാണ് ഇത്തവണ ലഭിച്ചതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് അറിയിച്ചു.

കഴിഞ്ഞവര്‍ഷം സമാന കാലയളവില്‍ 154 കോടി രൂപയാണ് നടവരവായി ലഭിച്ചത്. തീര്‍ഥാടകരുടെ എണ്ണത്തിലും കുറവുണ്ട്. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് തീര്‍ഥാടകരുടെ എണ്ണത്തില്‍ ഒന്നര ലക്ഷത്തിന്റെ കുറവ് ഉണ്ടായതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇത്തവണ മണ്ഡലകാലത്തിന്റെ തുടക്കത്തില്‍ ശബരിമലയില്‍ തിരക്ക് കുറവായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞയാഴ്ച മുതലാണ് തിരക്ക് കൂടിയത്. ഒരു ഘട്ടത്തില്‍ പ്രതിദിന തീര്‍ഥാടകരുടെ എണ്ണം 80000 കടക്കുന്ന സ്ഥിതിയുണ്ടായി. തിരക്ക് വര്‍ധിച്ചതിനെ തുടര്‍ന്ന് 18 മണിക്കൂര്‍ വരെ ക്യൂവില്‍ നിന്ന ശേഷമാണ് പലര്‍ക്കും ദര്‍ശനം ലഭിച്ചത്. തിരക്ക് കൂടിയതിനെ തുടര്‍ന്ന് ചിലര്‍ ദര്‍ശനം നടത്താതെ പാതിവഴിയില്‍ തിരികെ പോയി. തിരക്ക് നിയന്ത്രിക്കാന്‍ കഴിയാത്തതില്‍ സര്‍ക്കാരിനെതിരെ വലിയ തോതില്‍ ആക്ഷേപവും ഉയര്‍ന്നിരുന്നു.

അരവണ ഇനത്തില്‍ ഇത്തവണ 61.91 കോടി രൂപയാണ് ലഭിച്ചത്. 28 ദിവസത്തെ കണക്കാണിത്. കഴിഞ്ഞ തവണ ഇത് 73.75 കോടിയായിരുന്നുവെന്നും തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് കണക്കുകള്‍ വ്യക്തമാക്കുന്നു.