ശബരിമല വിധി വരാനിരിക്കെ ഇഷ്ടക്കാരനെ ദേവസ്വം ബോർഡ് പ്രസിഡന്റാക്കാനൊരുങ്ങി പിണറായി: പിൻവാതിലിലൂടെ സാമ്പത്തിക സംവരണം നടത്താനും നീക്കം

ശബരിമല വിധി വരാനിരിക്കെ ഇഷ്ടക്കാരനെ ദേവസ്വം ബോർഡ് പ്രസിഡന്റാക്കാനൊരുങ്ങി പിണറായി: പിൻവാതിലിലൂടെ സാമ്പത്തിക സംവരണം നടത്താനും നീക്കം

 

സ്വന്തം ലേഖകൻ 

കൊച്ചി: ശബരിമല വിധി വരാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സ്വന്തം ഇഷ്ടക്കാരനെ ദേവസ്വം ബോർഡ് പ്രസിഡന്റാക്കാനൊരുങ്ങി മുഖ്യമന്ത്രി പിണറായി വിജയൻ. ബോർഡ് പ്രസിഡന്റായി മുൻ കമ്മീഷണർ എൻ വാസുവിനെയാണ് പരിഗണിക്കുന്നത്.  ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ പത്മകുമാറിന്റെയും അംഗം കെ പി ശങ്കർദാസിന്റെ കാലാവധി അടുത്ത 14ന് തീരുന്നതിന്റെ പശ്ചാത്തലത്തിലാണ് എൻ വാസുവിനെ പരിഗണിക്കുന്നത്.
സിപിഎമ്മിന്റെ നോമിനിയായി എൻ വാസു പ്രസിഡന്റായും സിപിഐ സംസ്ഥാനകൗൺസിൽ അംഗം അഡ്വ കെ എസ് രവി അംഗവുമായാണ് അതാത് പാർട്ടികൾ നിർദേശിച്ചിരിക്കുന്നത്. ഓദ്യോഗിക തീരുമാനം അടുത്ത മന്ത്രിസഭായോഗത്തിലുണ്ടാകുമെന്നാണ് സൂചന.ദേവസ്വം ബോർഡ് കമ്മീഷണറായിരുന്ന എൻ വാസു നിയമവിദഗ്ധനാണ്. ചുനക്കര സ്വദേശിയായ കെ എസ് രവി സിപിഐയുടെ ആലപ്പുഴയിലെ പ്രമുഖ നേതാവാണ്.
അതേസമയം ദേവസ്വം ബോർഡ് നിയമനത്തിൽ സാമ്പത്തിക സംവരണം ഏർപ്പെടുത്തി.ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റേതാണ് തീരുമാനം. എല്ലാ ദേവസ്വത്തിലും പിന്നോക്ക വിഭാഗങ്ങൾക്കുള്ള സംവരണവും വർദ്ധിപ്പിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് സാമ്പത്തികസംവരണം നടപ്പാക്കുന്നത്.
ദേവസ്വം ബോർഡ് നിയമനങ്ങളിൽ മുന്നാക്ക സമുദായങ്ങൾക്ക് 10 ശതമാനം സംവരണം അനുവദിച്ച സർക്കാർ തീരുമാനത്തിനെതിരെ എസ്എൻഡിപി അടക്കമുള്ള വിഭാഗങ്ങൾ പ്രതിഷേധം ഉയർത്തുന്നതിനിടെയാണ് തീരുമാനം.മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ കണ്ടെത്താനുള്ള മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ റിട്ട.ജഡ്ജി കെ.ശശിധരൻനായർ ചെയർമാനായ കമ്മിഷനെ സർക്കാർ ചുമതലപ്പെടുത്തിയിരുന്നു. കമ്മിഷൻ റിപ്പോർട്ടിനു കാക്കാതെ, ദേവസ്വം ബോർഡുകളും റിക്രൂട്ട്‌മെന്റ് ബോർഡും ചേർന്നു തയ്യാറാക്കിയ ചട്ടങ്ങൾക്ക് അംഗീകാരം നൽകുകയാണ് ലക്ഷ്യം. ഇതിനായി മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ചേംബറിൽ ഇന്ന് ഉച്ചയ്ക്ക് വിവിധ ദേവസ്വം ബോർഡുകളുടെ പ്രസിഡന്റുമാരും ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് ചെയർമാനും അംഗങ്ങളും പങ്കെടുക്കുന്ന യോഗം ചേരുന്നുണ്ട്.

അപേക്ഷകൻ ബി.പി.എൽ ലിസ്റ്റിൽപ്പെട്ട വ്യക്തിയാണെന്ന പഞ്ചായത്ത് ഓഫീസറുടെ സാക്ഷ്യപത്രവും, മുന്നാക്ക വിഭാഗക്കാരനാണെന്ന റവന്യൂ സർട്ടിഫിക്കറ്റിന്റെയും അടിസ്ഥാനത്തിൽ സംവരണാർഹരെ കണ്ടെത്താമെന്ന ശുപാർശയാണ് ഇവർ നൽകിയിരിക്കുന്നത്.
ചട്ടങ്ങൾ അംഗീകരിക്കപ്പെട്ടാൽ ഉടൻ ഉത്തരവിറങ്ങും. പാലാ ഉപതിരഞ്ഞെടുപ്പും തുടർന്നുള്ള അഞ്ച് ഉപതിരഞ്ഞെടുപ്പുകളും മുന്നിൽക്കണ്ടാണ് സർക്കാർ ധൃതിപിടിച്ച നീക്കം നടത്തുത്തതെന്നാണ് ആക്ഷേപം. ഉപതിരഞ്ഞെടുപ്പുകൾക്കു മുമ്ബ് ഈ വിഷയത്തിൽ അന്തിമ തീരുമാനമുണ്ടാകണമെന്ന് സർക്കാരിനു മേൽ ചില സംഘടകൾ സമ്മർദ്ദം ചെലുത്തുന്നതായും വിവരമുണ്ട്.
2017നവംബർ രണ്ടാംവാരം ചേർന്ന മന്ത്രിസഭാ യോഗം അജണ്ടയ്ക്കു പുറത്തുള്ള വിഷയമായാണ് മുന്നാക്കക്കാർക്ക് സംവരണം നൽകാൻ തീരുമാനിച്ചത്. സാമുദായിക സംവരണം അട്ടിമറിക്കുന്ന തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമായതോടെ സർക്കാർ ഉത്തരവിറക്കാതെ മൗനം നടിക്കുകയായിരുന്നു.
തുടർന്ന് 2018 നവംബറിൽ ദേവസ്വം ബോർഡുകളോട് ഇതിനായുള്ള ശുപാർശകൾ പ്രത്യേകം നൽകാൻ മന്ത്രി ആവശ്യപ്പെട്ടു. പാവപ്പെവരെ കണ്ടത്താനുള്ള മാനദണ്ഡം എന്താണെന്ന ചോദ്യം ഉയർന്നതോടെയാണ് കമ്മിഷനെ നിയോഗിച്ചത്. ഇപ്പോൾ കമ്മിഷനെ നോക്കുകുത്തിയാക്കി ബോർഡുകളുടെ ശുപാർശ അംഗീകരിക്കാനാണ് നീക്കം.