ഒടുവില്‍ എസ് രാജേന്ദ്രന്‍ പുറത്തേക്ക്; ഇടുക്കി ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി

ഒടുവില്‍ എസ് രാജേന്ദ്രന്‍ പുറത്തേക്ക്; ഇടുക്കി ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി

Spread the love

സ്വന്തം ലേഖിക

ഇടുക്കി: ഇടുക്കിയിലെ സിപിഐഎം നേതാക്കളോട് ഇടഞ്ഞ നിന്നിരുന്ന മുന്‍ എംഎല്‍എ എസ് രാജേന്ദ്രനെ ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കി.

സി വി വര്‍ഗീസിനെ സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്ത കമ്മിറ്റിയില്‍ നിന്നാണ് എസ് രാജേന്ദ്രനെ ഒഴിവാക്കിയത്. പാര്‍ട്ടി സമ്മേളനങ്ങളില്‍ നിന്ന് വിട്ട് നിന്നിരുന്ന എസ് രാജേന്ദ്രനെ ഉള്‍പ്പെടുത്താതെ തന്നെയാവും ഇത്തവണ ഇടുക്കിയിലെ പുതിയ ജില്ലാ കമ്മിറ്റി എന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിനിടെ, പാര്‍ട്ടി അംഗത്വത്തില്‍ തുടരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന നേതൃത്വത്തിന് മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍ നല്‍കിയ കത്ത് പുറത്തുവന്നിരുന്നു. എം എം മണി എംഎല്‍എ അപമാനിച്ചെന്നും നേതൃത്വത്തെ അറിയിച്ചു.

കാര്യം വിശദീകരിക്കാന്‍ ശ്രമിച്ചപ്പോള്‍ കുടുംബത്തെ നോക്കി വീട്ടിലിരിക്കാനായിരുന്നു എം എം മണിയുടെ മറുപടിയെന്ന് ചൂണ്ടിക്കാട്ടുന്ന അദ്ദേഹം പള്ളന്‍ എന്ന ജാതിയുടെ പേരില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും രാജേന്ദ്രന്‍ സിപിഐഎം സംസ്ഥാന നേതൃത്വത്തിന് അയച്ച കത്തില്‍ പറയുന്നു.

‘തിരുവനന്തപുരം എംഎല്‍എ ഓഫീസില്‍ സഖാവ് എം എം മണിയെ കണ്ട് പുതിയ പ്രശ്നങ്ങള്‍ ഉയര്‍ന്നു വരുന്ന സാഹചര്യം പറഞ്ഞു. എന്നോട് അപ്പനേയും അമ്മയേയും മക്കളേയും കുടുംബത്തേയും നോക്കി മര്യാദക്ക് വീട്ടില്‍ ഇരുന്നു കൊള്ളണമെന്നും നിനക്ക് ആവശ്യത്തിന് പെന്‍ഷന്‍ കിട്ടുമല്ലോ. അതുകൊണ്ട് ലീവ് എടുത്ത് വീട്ടില്‍ പോയിരിക്കണമെന്നും വളരെ ദേഷ്യത്തില്‍ പ്രതികരിച്ചു.

വളരെ മുന്‍വിധിയോട് കൂടി തന്നെയാണ് എന്നോടുള്ള പെരുമാറ്റം എന്ന് അപ്പോള്‍ എനിക്ക് മനസ്സിലായി. ഇനി കമ്മിറ്റികളിലും സമ്മേളനങ്ങളിലും പോയാല്‍ ഇതിനേക്കാള്‍ മോശമായി പരസ്യമായി എനിക്ക് എതിരെ പ്രതികരിക്കുനെന്നും എനിക്ക് തോന്നി. ഇനി കമ്മിറ്റികളില്‍ പങ്കെടുക്കാത്തതിനെ കുറിച്ച്‌ ജില്ലാ സെക്രട്ടറിയെ കൃത്യമായി അറിയിച്ചിട്ടുണ്ട്.’ കത്തില്‍ പറയുന്നു.

അതേസമയം ജില്ലാ സെക്രട്ടറിയായിരുന്ന കെ കെ ജയചന്ദ്രന്‍ ഒഴിയുന്ന സാഹചര്യത്തിലാണ് സി വി വര്‍ഗീസിനെ ഇടുക്കി ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. അദ്ദേഹം തന്നെയാണ് വര്‍ഗീസിന്റെ പേര് നിര്‍ദേശിച്ചത്.

സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം എം മണി എംഎല്‍എയാണ് ഇക്കാര്യം അറിയിച്ചത്. ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടികാട്ടി സ്ഥാനം ഒഴിയുമെന്ന് കെ കെ ജയചന്ദ്രന്‍ നേരത്തെ തന്നെ നേതൃത്വത്തെ അറിയിച്ചിരുന്നു. 2001 മുതല്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കൂടിയാണ് ഇദ്ദേഹം. രണ്ട് തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്. ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡൻ്റ്, കെഎസ്‌ആര്‍ടിസി ഡയറക്ടര്‍ ബോര്‍ഡ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ജില്ലാ പഞ്ചായത്തംഗമായ വി എന്‍ മോഹനന്റെ പേരും സെക്രട്ടറി സ്ഥാനത്തേയ്ക്ക് ഉയര്‍ന്നെങ്കിലും ഇതിന് സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണ ലഭിച്ചില്ലെന്നാണ് വിവരം.