റബര്‍ കര്‍ഷകര്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനായി റബര്‍ വില സ്ഥിരതാ ഫണ്ട് 250 രൂപയായി ഉയര്‍ത്തണം: ജോസ് കെ.മാണി

റബര്‍ കര്‍ഷകര്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനായി റബര്‍ വില സ്ഥിരതാ ഫണ്ട് 250 രൂപയായി ഉയര്‍ത്തണം: ജോസ് കെ.മാണി

സ്വന്തം ലേഖിക

കോട്ടയം: റബര്‍ കര്‍ഷകര്‍ നേരിടുന്ന രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനായി സംസ്ഥാന ബജറ്റില്‍ റബറിന് കിലോക്ക് 250 രൂപ ഉറപ്പാക്കണമെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

ഉല്‍പ്പാദന ചെലവിന് ആനുപാതികമായി റബറിന്റെ വിലസ്ഥിരതാ ഫണ്ട് 250 രൂപയായി വര്‍ധിപ്പിക്കേണ്ടത് അനിവാര്യമാണ്. ഈ ആവശ്യം കേരള കോണ്‍ഗ്രസ് (എം) പാര്‍ലമെന്ററി പാര്‍ട്ടി മുഖ്യമന്ത്രിയെ നേരില്‍ കണ്ട് ആവശ്യപ്പെട്ടിരുന്നതുമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളത്തിലെ 12 ലക്ഷത്തോളം ചെറുകിട നാമമാത്ര കര്‍ഷകരെ റബറിന്റെ വിലത്തകര്‍ച്ച ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്. ഉപാധിരഹിതമായി അനുവാദം നല്‍കിയ റബ്ബര്‍ ഇറക്കുമതി അടിയന്തിരമായി നിര്‍ത്തലാക്കുന്നതിന് കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കണം.

സ്വാഭാവിക റബ്ബര്‍ വില 150 രൂപയില്‍ താഴെ കൂപ്പു കുത്തുവാന്‍ ഉണ്ടായ പ്രധാന കാരണം രാജ്യത്തെ അനിയന്ത്രിതമായ ഇറക്കുമതിയാണ്. ഒരു കിലോ റബറിന്റെ ഇന്നത്തെ ഉല്‍പ്പാദന ചെലവ് റബര്‍ ബോര്‍ഡിന്റെ തന്നെ കണക്കനുസരിച്ച് 171 രൂപയാണ്.

സ്വാമിനാഥന്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഉല്‍പ്പാദനചെലവിന്റെ 50 ശതമാനം കൂട്ടി വേണം വിലസ്ഥിരതാ ഫണ്ട് നിശ്ചയിക്കാന്‍ എന്നാണ്. റബറിന് വിലയിടിവ് സംഭവിച്ച സാഹചര്യത്തില്‍ സംസ്ഥാനസര്‍ക്കാര്‍ കിലോയ്ക്ക് 170 രൂപ ഉറപ്പാക്കുന്ന റബര്‍ വിലസ്ഥിരതാ പദ്ധതി 250 രൂപയെങ്കിലും ഉയര്‍ത്തിയില്ലെങ്കില്‍ ഭൂരിഭാഗം കര്‍ഷകരും റബര്‍ കൃഷി തന്നെ ഉപേക്ഷിക്കുന്ന സ്ഥിതിയുണ്ടാകുമെന്നും ജോസ് കെ.മാണി പറഞ്ഞു.