വിവരാവകാശ അപേക്ഷകൾക്ക് വ്യക്തമായ മറുപടി നൽകണം ; മുപ്പത് ദിവസം വരെ കാത്തിരിക്കേണ്ടതില്ലെന്നും മുഖ്യ വിവരാവകാശ കമ്മീഷണർ

വിവരാവകാശ അപേക്ഷകൾക്ക് വ്യക്തമായ മറുപടി നൽകണം ; മുപ്പത് ദിവസം വരെ കാത്തിരിക്കേണ്ടതില്ലെന്നും മുഖ്യ വിവരാവകാശ കമ്മീഷണർ

 

സ്വന്തം ലേഖകൻ

കോഴിക്കോട്: വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകൾക്ക് വളരെ വേഗതയിൽ വ്യക്തമായ മറുപടി നൽകണമെന്ന് മുഖ്യ വിവരാവകാശ കമ്മീഷൻ. ഇതിനായി ബന്ധപ്പെട്ട സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാർ പ്രത്യേകം ശ്രദ്ധിക്കണമെന്നും ജനാധിപത്യക്രമത്തിൽ പൗരന്മാർക്ക് വിവരങ്ങൾ അറിയാനുള്ള അവകാശത്തെ ഉദ്യോഗസ്ഥർ മാനിക്കമെന്നും പറഞ്ഞു.

കോഴിക്കോട് ജില്ലയിലെ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാർ, അപ്പലറ്റ് അതോറിറ്റി ഉദ്യോഗസ്ഥർ എന്നിവർക്കായി സംസ്ഥാന വിവരാവകാശ കമ്മീഷൻ സിവിൽ സ്‌റ്റേഷനിലെ പ്ലാനിങ് സെക്രട്ടറിയേറ്റ് സമ്മേളന ഹാളിൽ സംഘടിപ്പിച്ച ഏകദിന ശിൽപ്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപേക്ഷയിൽ നൽകുന്ന മറുപടികൾ വ്യക്തവും പൂർണവുമാകണമെന്നും മറ്റൊരു അപേക്ഷയുമായി വീണ്ടും വരാൻ സാഹചര്യം ഒരുക്കരുതെന്നും അദ്ദേഹം പറഞ്ഞു.

വിവരാവകാശ അപേക്ഷയ്ക്ക് മറുപടി നൽകാൻ മുപ്പത് ദിവസം വരെ കാത്തിരിക്കേണ്ടതില്ലെന്നും പറഞ്ഞു. അപേക്ഷ ലഭിച്ച് 30 ദിവസത്തിനകം അപേക്ഷകന് വിവരം ലഭിച്ചിരിക്കണമെന്നാണ് നിയമത്തിൽ പറയുന്നത്. അല്ലാതെ 30 ദിവസത്തിനകം വിവരം തയ്യാറാക്കണമെന്നോ തപാലിൽ അയയ്ക്കണമെന്നോ അതിനിടയിലുള്ള തിയ്യതി രേഖപ്പെടുത്തി മറുപടി അയക്കണമെന്നോ അല്ല. പകർപ്പ് ആവശ്യപ്പെട്ടയാൾക്ക് 30 ദിവസത്തിനകം പകർപ്പ് നൽകണമെന്നും പകർപ്പ് ലഭിക്കാൻ നിശ്ചിത രൂപ അടയ്ക്കണമെന്ന് കാണിച്ച് 30ാം ദിവസം കത്തയച്ചാൽ പോരെന്നും പറഞ്ഞു.

വിവരം യഥാസമയം നൽകുന്നതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥനെതിരെ അപ്പീൽ സമയത്ത് കമ്മീഷൻ നടപടിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതോടൊപ്പം പബ്ലിക് ഇൻഫർമേഷൻ ഓഫീസറും അപ്പലറ്റ് അതോറിറ്റിയും എല്ലാ മറുപടികളിലും പേരും സ്ഥാനപ്പേരും വെക്കണം. അപേക്ഷകർക്ക് വിവരം നൽകുന്ന കാര്യത്തിൽ പിശുക്ക് കാണിക്കേണ്ടതില്ല. കൂടുതൽ വിവരം നൽകിയാലും കുഴപ്പമില്ല. കുറഞ്ഞാലാണ് പ്രശ്‌നം. ചോദ്യ രൂപേണയായതു കൊണ്ട് മറുപടി നകേണ്ടതില്ലെന്ന് വിവരാവകാശ നിയമത്തിൽ എവിടെയും പറയുന്നില്ലെന്നും ചോദ്യരൂപത്തിലുള്ള അപേക്ഷകളിലും വിവരങ്ങൾ ലഭ്യമാണെങ്കിൽ നൽകണമെന്നും മുഖ്യ വിവരാവകാശ കമ്മീഷണർ വ്യക്തമാക്കി.

ഇതിനു പുറമെ വിവരം നിഷേധിക്കുമ്പോൾ ഏത് വകുപ്പ് പ്രകാരമാണെന്ന് അപേക്ഷകന് ബോധ്യപ്പെടുന്ന രീതിയിൽ വ്യക്തമാക്കണമെന്നും നൽകുന്ന രേഖകൾ അപേക്ഷകൻ ആവശ്യപ്പെട്ടാലും ഇല്ലെങ്കിലും ഓരോ പേജും സാക്ഷ്യപ്പെടുത്തി നൽകമെന്നും അദ്ദേഹം പറഞ്ഞു.