റിട്ട.വനിതാ എസ്.ഐയെയും പറ്റിച്ച് കോന്നിയിലെ പോപ്പുലർ ഫിനാൻസ്; കോടികൾ കട്ടുമുടിച്ച ശേഷം നാട്ടുകാരെ പറ്റിച്ച പോപ്പുലർ ഫിനാൻസിനെതിരെ പ്രതിഷേധം ശക്തം; ആത്മഹത്യയുടെ വക്കിൽ ഒരു നാട്ടുകാർ

റിട്ട.വനിതാ എസ്.ഐയെയും പറ്റിച്ച് കോന്നിയിലെ പോപ്പുലർ ഫിനാൻസ്; കോടികൾ കട്ടുമുടിച്ച ശേഷം നാട്ടുകാരെ പറ്റിച്ച പോപ്പുലർ ഫിനാൻസിനെതിരെ പ്രതിഷേധം ശക്തം; ആത്മഹത്യയുടെ വക്കിൽ ഒരു നാട്ടുകാർ

തേർഡ് ഐ ബ്യൂറോ

പത്തനംതിട്ട: എത്രകിട്ടിയാലും മലയാളി പഠിക്കില്ലെന്ന് ഉറപ്പാണ്. ചിട്ടിയും തട്ടിപ്പും, ആട് മാഞ്ചിയം തേക്ക് തട്ടിപ്പുകളും നടന്നിട്ടും കുന്നത്ത്കളത്തിൽ മാതൃകയിൽ സംസ്ഥാനമാകെ തട്ടിപ്പുകൾ നടന്നിട്ടു പോലും മലയാളി പാഠമൊന്നും പഠിച്ചില്ലെന്നാണ് വ്യക്തമാകുന്നത്. ഏറ്റവും ഒടുവിൽ കോന്നിയിൽ നിന്നും പുറത്തു വരുന്ന വാർത്തകളും തട്ടിപ്പിനു മുന്നിൽ കഴുത്തു നീട്ടുന്ന മലയാളിയുടെ നേർചിത്രമാണ് വ്യക്തമാക്കി നൽകുന്നത്.

കഴിഞ്ഞ മാർച്ചിൽ സർവീസിൽ നിന്ന് വിരമിച്ച വനിതാ എസ്ഐ ആനുകൂല്യമായി കിട്ടിയതും കൈയിലുള്ളതുമെല്ലാം ചേർത്ത് പോപ്പുലർ ഫിനാൻസിൽ കൊണ്ടിട്ടത് 28 ലക്ഷം രൂപയാണ്. അതിന് പകരമായി ഷെയർ സർട്ടിഫിക്കറ്റും രസീതുമാണ് കൊടുത്തത്. ഇതെല്ലാം തട്ടിയെടുത്ത് സംഘം സ്ഥലം വിട്ടതോടെ ഇവർ പാപ്പരായ സ്ഥിതിയിലായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതെല്ലാം കൈയിൽ കിട്ടിയിട്ടും വായിച്ചു നോക്കിയില്ല ഈ മുൻ പൊലീസ് ഉദ്യോഗസ്ഥ. ഒടുവിൽ പണമിടപാട് സ്ഥാപനം പൂട്ടുന്നുവെന്ന് അറിഞ്ഞ് കോന്നി സ്റ്റേഷനിലെത്തി പരാതി നൽകിയതും ഇവരാണ്. പോപ്പുലറിന് എതിരായ കേരളത്തിലെ ആദ്യ പരാതിയാണിത്.

പൊലീസിന് ഇപ്പോൾ കിട്ടിയ കണക്ക് പ്രകാരം നൂറു കോടിയുടെ തട്ടിപ്പ് നടന്നിട്ടുണ്ട്. വൻ തുക നിക്ഷേപിച്ച കള്ളപ്പണക്കാർ മിണ്ടുന്നില്ല. ദക്ഷിണേന്ത്യ മുഴുവൻ വ്യാപിച്ച്, തമിഴ്നാട്ടിലും മുംബൈയിലും ബംഗളൂരുവിലുമൊക്കെയായി മുന്നൂറോളം ബ്രാഞ്ചുകളുള്ള സ്ഥാപനമാണ് പോപ്പുലർ ഫിനാൻസ്. ഈ ബ്രാഞ്ചുകളും പത്രാസും പകിട്ടുമൊക്കെയാണ് നിക്ഷേപകരെ കുഴിയിൽ ചാടിച്ചത്. പോപ്പുലർ ഫിനാൻസിൽ പണം നിക്ഷേപിച്ചപ്പോൾ ഒൻപത് കടലാസ് കമ്പനികളുടെ ഷെയർ ആണ് നൽകിയത്. നിക്ഷേപത്തിനു പകരം ഷെയർ ആണ് തങ്ങളുടെ കൈയിലുള്ളത് എന്ന് നിക്ഷേപകരിൽ ഒരാൾ പോലും അറിഞ്ഞില്ല. പന്ത്രണ്ടു ശതമാനം പലിശ കിട്ടും എന്ന് അറിഞ്ഞപ്പോൾ ആൾക്കാർ കണ്ണും പൂട്ടി നിക്ഷേപം നടത്തുകയായിരുന്നു. ദേശ സാൽകൃത ബാങ്കുകളിൽ ലഭിക്കുന്നതിന്റെ ഇരട്ടിയാണ് ഈ പലിശ. വളരെ ആസൂത്രിതമായിട്ടാണ് തട്ടിപ്പ് അരങ്ങേറിയത്.

ഫിക്‌സഡ് ഡെപ്പോസിറ്റ് സർട്ടിഫിക്കറ്റിന് പകരം ലിമിറ്റഡ് ലയബിലിറ്റി പാർട്ണർ ഷിപ്പ് സർട്ടിഫിക്കറ്റ് നൽകിയായിരുന്നു തട്ടിപ്പ്. പോപ്പുലറിന്റെ തന്നെ വിവിധ പേരുകളിൽ രൂപീകരിച്ച കടലാസു കമ്പനികളുടെ രസീതാണ് നിക്ഷേപർക്ക് നൽകിയത്. അതിൽ കൃത്യമായി പറഞ്ഞിട്ടുള്ളത് ഇത് ഷെയർ സർട്ടിഫിക്കറ്റാണെന്നും ലാഭവിഹിതം 12 ശതമാനം ആണെന്നുമാണ്. ഇതൊന്നും ആരും നോക്കിയിരുന്നില്ല എന്നുള്ളതാണ് ശ്രദ്ധേയം. പരാതി വന്നപ്പോൾ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇതൊക്കെ കണ്ടു പിടിച്ചത്.

മാർച്ചിനു ശേഷമാണ് കമ്പനിയിൽ പ്രതിസന്ധി തലപൊക്കിയത്. നിക്ഷേപകർക്ക് പലിശയോ നിക്ഷേപമോ മാർച്ചിനു ശേഷം ലഭിച്ചിട്ടില്ല. സ്ഥാപനം പൊട്ടാൻ പോകുന്നുവെന്ന് വാർത്ത പരന്നു. നിക്ഷേപകർ പണത്തിനു തിടുക്കം കൂട്ടി ഫിനാൻസിനെ സമീപിച്ചു. പണം തിരികെ ചോദിച്ചവർക്ക് ആർക്കും കിട്ടിയില്ല. ഇതോടെ നിക്ഷേപകർ പ്രശ്‌നമുണ്ടാക്കി തുടങ്ങി. പതിവുപോലെ പരസ്യം കൈപ്പറ്റുന്ന മുഖ്യധാരാ മാധ്യമങ്ങൾ മൗനം പാലിച്ചു.

തെക്കേ ഇന്ത്യയിലെ അയ്യായിരത്തിലേറെ നിക്ഷേപകരുടെ കോടികൾ തട്ടിയെടുത്ത് പോപ്പുലർ ഫിനാൻസ് ഉടമകളായ തോമസ് ഡാനിയൽ എന്ന റോയിയും ഭാര്യ പ്രഭും മുങ്ങിയിരിക്കുകയാണ്. വിജയ് മല്യയെപ്പോലെ രാജ്യം വിടാതിരിക്കാൻ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. നിക്ഷേപകരെ കണ്ണീരു കുടിച്ച് മുങ്ങിയ ഇവർ തൃശൂർ, എറണാകുളം ഭാഗത്ത് എവിടെയോ ഉണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. നിലവിൽ ഇവരുടെ മൊബൈലുകൾ സ്വിച്ച്ഡ് ഓഫാണ്. ഇവരുടെ മൂന്നു പെൺ മക്കളും കേസിൽ പ്രതിയാകാനാണ് സാധ്യത.

പോപ്പുലർ ഫിനാൻസുമായി ബന്ധപ്പെട്ടു കോന്നി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. സാമ്പത്തിക തട്ടിപ്പ് പരാതികളെല്ലാം കേസുമായി ബന്ധപ്പെടുത്തി അന്വേഷിക്കാൻ നിർദ്ദേശം നൽകിയതായി ജില്ലാ പൊലീസ് മേധാവി കെജി സൈമൺ അറിയിച്ചു. വിശദമായ റിപ്പോർട്ട് കോടതിക്ക് അയക്കുമെന്നും നിലവിലെ അന്വേഷണ സംഘം വിപുലീകരിച്ചതായും ജില്ലാ പൊലീസ് മേധാവി പറഞ്ഞു. പ്രതികൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിച്ചു. ഫിനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ടു ക്രിമിനൽ കേസ് ആണ് രജിസ്റ്റർ ചെയ്തത്.

ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ലഭിക്കുന്ന പരാതികൾ ഇതുമായി ചേർക്കും. നിക്ഷേപകർ സിവിൽ നടപടികൾ തുടങ്ങിയിട്ടുണ്ടെങ്കിൽ സ്വന്തമായി നടത്തണം. നിലവിൽ പൊലീസ് ഇൻസ്‌പെക്ടർ പി.എസ് രാജേഷിന്റെ നേതൃത്വത്തിൽ എസ്ഐമാർ, എഎസ്ഐമാർ മറ്റു പൊലീസുദ്യോഗസ്ഥർ എന്നിവരടങ്ങിയ സംഘം കോന്നിയിൽ രജിസ്റ്റർ ചെയ്ത കേസിന്റെയും പൊലീസ് ഇൻസ്‌പെക്ടർ ന്യൂമാന്റെ നേതൃത്വത്തിലുള്ള സംഘം പത്തനംതിട്ടയിൽ രജിസ്റ്റർ ചെയ്ത കേസുകളുടെയും അന്വേഷണം നടത്തിവരികയാണ്. അടൂർ ഡിവൈ.എസ്പി ആർ ബിനു മേൽനോട്ടം വഹിക്കും.

തട്ടിപ്പിനായി ഇവർ ആദ്യം രൂപീകരിച്ചത് പോപ്പുലർ ഫിനാൻസ് ആണ്. ഒൻപത് ലിമിറ്റഡ് ലയബിലിറ്റി പാർട്ണർ ഷിപ്പ് കമ്പനികളുടെ ഷെയർ വിൽപ്പനയ്ക്കുള്ള എജന്റ്‌റ് മാത്രമാണ്. പോപ്പുലർ ഫിനാൻസ് നോൺ ബാങ്കിങ് ഫിനാൻസ് കമ്പനിയായാണ് രൂപീകരിച്ചത്. സ്വർണപണയം എടുക്കാൻ അർഹതയുള്ള കമ്പനിയാണ്. സ്വർണം പണയം എടുക്കുക. പലിശ സ്വീകരിക്കുക. ഇത് മറയാക്കി ഒൻപത് കമ്ബനികൾ രൂപീകരിക്കുകയാണ് ഇവർ ചെയ്തത്. നിക്ഷേപകർ പണം മുടക്കുമ്പോൾ നിക്ഷേപം സ്വീകരിക്കുന്നത് കമ്പനികളുടെ പേരിലാണ്. കമ്പനി ലാഭത്തിലായാൽ ലാഭം കൊടുക്കാം. നഷ്ടത്തിലായാൽ പണം പോകും. കടലാസ് കമ്പനികൾ ആയതിനാൽ ഒരു ലാഭവും വരാൻ പോകുന്നില്ല. കടലാസ് കമ്പനികൾ രൂപീകരിച്ചത് പണം തട്ടുക എന്ന ഉദ്ദേശ്യം മുൻ നിർത്തിയാണെന്ന സൂചനകളാണ് പൊലീസിനു ലഭിക്കുന്നത്. ഒരു മാസത്തിനുള്ളിൽ പണം നൽകാം എന്ന് പറയുന്നുണ്ടെങ്കിലും എല്ലാ തട്ടിപ്പ് കമ്പനികൾ പറയുന്ന രീതിയിലുള്ള ഒരു നീക്കമായി മാത്രമേ ഇത് കാണുന്നുള്ളൂ.

വ്യത്യസ്തമായ രീതിയിലാണ് നിക്ഷേപം സ്വീകരിച്ചത്. ലിമിറ്റഡ് ലയബിലിറ്റി പാർട്ണർ ഷിപ്പ് ആക്റ്റ് വഴിയാണ് ധനസമാഹരണം നടത്തിയിരിക്കുന്നത്. ഈ ആക്റ്റ് വഴി കമ്പനികൾ രൂപീകരിച്ച് വിവിധ കമ്പനികളുടെ ഷെയർ ആയിട്ടാണ് നിക്ഷേപം നടത്തിയിരിക്കുന്നത്. ഒൻപത് കമ്പനികളാണ് ഇവർ ഇതിനു വേണ്ടി രൂപീകരിച്ചത്. എല്ലാം കടലാസ് കമ്പനികൾ.

കമ്പനി പൊട്ടിയാലും തങ്ങൾക്ക് എതിരെ ഒരു കേസും വരരുത് എന്ന ഉദ്ദേശ്യത്തോടെയാണ് ഇവർ കമ്പനിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്തത്. നിക്ഷേപകർ വന്നാൽ ഏതെങ്കിലും കമ്പനിയുടെ അക്കൗണ്ട് നമ്പർ ഇവർ നൽകും. തൊട്ടടുത്ത ബാങ്കിൽ നിന്ന് ആർടിബിഎസ് ആയി തുക അക്കൗണ്ടിലേക്ക് ഇടാൻ പറയും. നിക്ഷേപകർക്ക് വിശ്വാസം കൂടും. ബാങ്ക് വഴിയുള്ള ട്രാൻസ്‌ക്ഷൻ ആയതിനാൽ. ഇത് കമ്പനിക്ക് രക്ഷപ്പെടാനുള്ള പഴുതായിരുന്നു. നിക്ഷേപകർക്ക് നൽകിയത് കമ്പനിയുടെ ഷെയർ ആണ്. കമ്പനി നഷ്ടത്തിലായതിനാൽ ഷെയർ തിരികെ കൊടുക്കാൻ കഴിയുന്നില്ല. ഇതിനു അനുസരിച്ചാണ് കമ്പനി പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നത്.