കരിങ്ങോഴയ്ക്കല്‍ വീട്ടിലേക്ക് സ്റ്റേറ്റ് കാർ എത്തി; മന്ത്രിയെ സ്വീകരിച്ച്‌ ജോസ് കെ മാണി; കെ.എം.മാണി താമസിച്ചിരുന്ന പ്രശാന്ത് എന്ന മന്ത്രി മന്ദിരവും റോഷി അഗസ്റ്റിന് സ്വന്തം; പിൻഗാമി മകനല്ല, ശിഷ്യൻ

കരിങ്ങോഴയ്ക്കല്‍ വീട്ടിലേക്ക് സ്റ്റേറ്റ് കാർ എത്തി; മന്ത്രിയെ സ്വീകരിച്ച്‌ ജോസ് കെ മാണി; കെ.എം.മാണി താമസിച്ചിരുന്ന പ്രശാന്ത് എന്ന മന്ത്രി മന്ദിരവും റോഷി അഗസ്റ്റിന് സ്വന്തം; പിൻഗാമി മകനല്ല, ശിഷ്യൻ

Spread the love

ജി കെ

കോട്ടയം: ഒരിടവേളയ്ക്ക് ശേഷം പാലായിലെ കെ.എം. മാണിയുടെ കരിങ്ങോഴയ്ക്കല്‍ വീട്ടിലേക്ക് കേരളാ സ്‌റ്റേറ്റ് മൂന്നാം നമ്പര്‍ കാര്‍ എത്തി.

കാറില്‍ നിന്നും ഇറങ്ങിയത് കെ.എം.മാണിയുടെ അരുമയായ ശിക്ഷ്യനും ജലവിഭവ മന്ത്രിയുമായ റോഷി അഗസ്റ്റിന്‍. കെ.എം.മാണി താമസിച്ചിരുന്ന പ്രശാന്ത് എന്ന മന്ത്രി മന്ദിരവും റോഷി അഗസ്റ്റിന് ലഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്നാം നമ്പര്‍ സ്റ്റേറ്റ് കാര്‍ ജോസ് കെ.മാണിയിലൂടെ കരിങ്ങോഴയ്ക്കല്‍ വീട്ടില്‍ എത്തുമെന്ന് പ്രവര്‍ത്തകര്‍ പ്രതീക്ഷിച്ചെങ്കിലും പാര്‍ട്ടി ചെയര്‍മാന്‍ തോറ്റതോടെ ഈ സ്വപ്‌നം പൊലിഞ്ഞു.

എങ്കിലും വിശ്വസ്തനായ റോഷിയിലൂടെ മന്ത്രി സ്ഥാനം ലഭിച്ചതിന്റെ ആവേശത്തിലാണ് പ്രവര്‍ത്തകര്‍. കാഞ്ഞിരപ്പള്ളിയില്‍ നിന്നും വിജയിച്ച ഡോ. എന്‍. ജയരാജിന് ചീഫ് വിപ്പ് സ്ഥാനവും ലഭിച്ചു.

കേരളാ കോണ്‍ഗ്രസ് എമ്മിന്റെ ചെയര്‍മാനായ ജോസ് കെ.മാണിയ്ക്ക് ക്യാബിനറ്റ് പദവിയുള്ള ചെയര്‍മാന്‍ സ്ഥാനം ലഭിക്കാനുള്ള സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ സര്‍ക്കാരിന്റെ വാഹനവും ഡ്രൈവറും ശമ്പളവും ജോസ് കെ.മാണിയ്ക്ക് ലഭിക്കും. മന്ത്രി സ്ഥാനമില്ലെങ്കിലും കൊടിവെച്ച കാറില്‍ ജോസ് കെ.മാണിയ്ക്ക് നടക്കാമെന്ന് സാരം.

നിലവില്‍ കേരള കോണ്‍ഗ്രസ് എം ഉന്നതാധികാര കമ്മിറ്റി അംഗവും സംസ്ഥാന ജനറല്‍ സെക്രട്ടറിയുമാണ് റോഷി. കന്നിയങ്കം 1996-ല്‍ പേരാമ്പ്രയില്‍നിന്നായിരുന്നു. എന്നാല്‍ ആദ്യമത്സരത്തില്‍ സി.പി.എമ്മിന്റെ എന്‍.കെ. രാധയോടു പരാജയപ്പെട്ടു.

2752 വോട്ടുകള്‍ക്കായിരുന്നു തോല്‍വി. പിന്നീട് തട്ടകം മാറി ഇടുക്കിയിലെത്തി. 2001 മുതല്‍ ഇടുക്കിയില്‍ തുടര്‍ച്ചയായി വിജയം. കേരള കോണ്‍ഗ്രസിലെ പിളര്‍പ്പില്‍ ജോസ് കെ. മാണിയോടൊപ്പം ഉറച്ചുനിന്നു.

1969-ല്‍ ചക്കാമ്പുഴ ചെറുനിലത്ത് ചാലില്‍ അഗസ്റ്റിന്‍-ലീലാമ്മ ദമ്പതികളുടെ മൂന്ന് മക്കളില്‍ മൂത്തയാളായാണ് ജനനം. പാലാ സെന്റ് തോമസ് കോളേജില്‍നിന്ന് ഫിസിക്സില്‍ ബിരുദം നേടി. തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററില്‍ നേഴ്‌സായ റാണിയാണ് ഭാര്യ. മൂത്തമകള്‍ ആന്‍മരിയ വാഴത്തോപ്പ് സെന്റ് ജോര്‍ജ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനി. രണ്ടാമത്തെ മകള്‍ എയ്ഞ്ചല്‍ മരിയ എട്ടാം ക്ലാസിലും ഇളയ മകന്‍ അഗസ്റ്റിന്‍ രണ്ടാം ക്ലാസിലും പഠിക്കുന്നു

.ഇടുക്കി മണ്ഡലത്തിലെ ഇത്തവണത്തെ മത്സരം പൊടിപാറുന്നതായിരുന്നു. എല്‍.ഡി.എഫിനു വേണ്ടി റോഷിയും യു.ഡി.എഫിനു വേണ്ടി ഫ്രാന്‍സിസ് ജോര്‍ജും മത്സരത്തിനിറങ്ങി. 2016-ല്‍ റോഷി യു.ഡി.എഫിനും ഫ്രാന്‍സിസ് ജോര്‍ജ് എല്‍.ഡി.എഫിനും വേണ്ടി ഏറ്റുമുട്ടിയിരുന്നു എന്നതായിരുന്നു രസകരമായ മറ്റൊരു വസ്തുത.

സംഗീത വിശ്വനാഥനായിരുന്നു എന്‍.ഡി.എ. സ്ഥാനാര്‍ഥി. വീറുംവാശിയും നിറഞ്ഞ അങ്കത്തിനൊടുവില്‍ റോഷി ജയിച്ചുകയറി. 5573 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് റോഷിയുടെ വിജയം.