റോഡുകളുടെ നിര്‍മാണം, അറ്റകുറ്റപ്പണികള്‍ എന്നിവ നിര്‍വഹിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ കരാറുകാരുമായി അവിശുദ്ധ ബന്ധം പുലര്‍ത്തിവരുന്നതായി വ്യാപക പരാതി; ഓപ്പറേഷന് സരള്‍ രാസ്ത്ര; കോട്ടയത്ത് വിജിലൻസ് പരിശോധന; ക്രമക്കേടുകൾ കണ്ടെത്തിയതായി സൂചന
കോട്ടയം: റോഡുകളിലെ ക്രമക്കേട് കണ്ടെത്താനുള്ള ഓപ്പറേഷന് സരള്‍ രാസ്ത്ര-രണ്ടിന്റെ ഭാഗമായി ജില്ലയിലും വിജിലന്‍സിന്റെ പരിശോധന. റോഡുകളുടെ നിര്‍മാണം, അറ്റകുറ്റപ്പണികള്‍ എന്നിവ നിര്‍വഹിക്കുന്നതില്‍ പൊതുമരാമത്ത് വകുപ്പ്, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ എന്‍ജിനിയറിംഗ് വിഭാഗം എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥര്‍ കരാറുകാരുമായി അവിശുദ്ധ ബന്ധം പുലര്‍ത്തിവരുന്നതായി വ്യാപക പരാതിയുയര്‍ന്നിരുന്നു. ഇതിനെത്തുടർന്നാണ് നടപടി.
കോട്ടയം-കൊല്ലാട്, പാന്പാടി, രാമപുരം തുടങ്ങിയ ജില്ലയില്‍ പ്രധാനപ്പെട്ട മൂന്നു റോഡുകളിലാണ് പരിശോധന നടന്നത്. റോഡ് കോര്‍ കട്ട് ചെയ്ത് ശേഖരിച്ച സാന്പിളുകള്‍ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചു. റിപ്പോര്‍ട്ട് കിട്ടിയതിനു ശേഷം ക്രമക്കേടുകളുണ്ടെങ്കില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് വിജിലന്‍സ് വിഭാഗം അറിയിച്ചു.
ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയുടെ ഭാഗമായി പുതുതായി നിര്‍മിക്കപ്പെട്ടതും അറ്റകുറ്റപ്പണികള്‍ നടത്തിയതുമായ നിരവധി റോഡുകളുടെ നിര്‍മാണം പൂര്‍ത്തിയായി മാസങ്ങള്‍ക്കുള്ളില്‍ റോഡ് പൊട്ടിപ്പൊളിയുന്നതായും കണ്ടെത്തിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ പിന്‍ബലത്തില്‍ ചില കരാറുകാര്‍ ടെന്‍ഡറില്‍ പറഞ്ഞിരിക്കുന്ന അളവിലും കനത്തിലും റോഡ് പണികള്‍ ചെയ്യാറില്ലെന്നും ചില കരാറുകാര്‍ നിലവാരം കുറഞ്ഞ നിര്‍മാണ സാമഗ്രികള്‍ റോഡ് നിര്‍മാണത്തിനും പണികള്‍ക്കും ഉപയോഗിച്ച് വരുന്നതായും കണ്ടെത്തിയിരുന്നു.
റോഡ് നിര്‍മാണത്തിന് സാങ്കേതിക അനുമതി നല്‍കേണ്ട എന്‍ജിനിയര്‍മാര്‍ കേന്ദ്ര റോഡ് ട്രാന്‍സ്പോര്‍ട്ട് ഹൈവേ മന്ത്രാലയം റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പ്രകാരമല്ലാതെ പുതിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും അറ്റകുറ്റപ്പണികള്‍ക്കും സാങ്കേതിക അനുമതി നല്‍കുന്നതായി ആക്ഷേപം ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു പരിശോധന.
പരിശോധനയില്‍ ചെറിയ ക്രമക്കേടുകള്‍ കണ്ടെത്തിയതായാണ് സൂചന. വിജിലന്‍സ് എസ്പി വി.ജി. വിനോദ്കുമാറിന്റെ മേല്‍നോട്ടത്തില്‍ ഡിവൈഎസ്പി വി.ആര്. രവികുമാര്‍, പി.വി. മനോജ്കുമാര്‍, സജു കെ.ദാസ്, പി. അനൂപ്, ഗിരീഷ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ടീമാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്. വാട്ടര്‍ അഥോറിറ്റി, ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥരും പരിശോധയില്‍ പങ്കെടുത്തു. പൊതുമരാമത്ത് ഉദ്യോഗസ്ഥരെ പരിശോധന സ്ഥലത്ത് വിളിച്ചു വരുത്തിയിരുന്നു.
പുതുതായി നിര്‍മിക്കുന്ന റോഡുകളില്‍ ഗ്രേഡ് മെറ്റല്‍ ഉപയോഗിക്കാതെയും ടാര്‍ നിശ്ചിത അളവില്‍ ഉപയോഗിക്കാതെയും നിര്‍മാണം നടത്തുന്നതായി കണ്ടെത്തി. ഓരോ ലെയറിന്റെയും കനം ടെന്‍ഡറില്‍ പറഞ്ഞിരിക്കുന്ന പ്രകാരം നിര്‍മിക്കാതെ കനം കുറച്ചു നിര്‍മിച്ച ശേഷം എന്‍ജിനിയര്‍മാരുമായി ഒത്തുകളിച്ച് എം ബുക്കില്‍ തെറ്റായി രേഖപ്പെടുത്തി ബില്ല് മാറുന്നതായും വിജിലന്‍സിനു പരാതി ലഭിച്ചിട്ടുണ്ട്.