റിഫ മെഹ്നുവിന്‍റെ മരണം; പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി;  ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്കും അയക്കും

റിഫ മെഹ്നുവിന്‍റെ മരണം; പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്കും അയക്കും

സ്വന്തം ലേഖകൻ

കോഴിക്കോട്: ദുരൂഹ സാഹചര്യത്തില്‍ ദുബായില്‍ മരിച്ച മലയാളി വ്ളോഗര്‍ റിഫ മെഹ്‍നുവിന്‍റെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി.

മരണത്തിലെ ദുരൂഹത നീക്കണമെന്ന മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്നാണ് കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്തത്. ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്കും അയക്കും. റിഫക്ക് നീതികിട്ടുമെന്നാണ് പ്രതീക്ഷയെന്ന് മാതാപിതാക്കള്‍ പ്രതികരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിദേശത്ത് താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ വ്ളോഗര്‍ റിഫയുടെ മരണകാരണം കണ്ടെത്തണമെന്ന മാതാപിതാക്കളുടെ പരാതിയെത്തുടര്‍ന്നുളള അന്വേഷണമാണ് അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നത്. ശ്വാസം മുട്ടിച്ചാണോ അതോ വിഷപദാര്‍ത്ഥങ്ങള്‍ ഉളളില്‍ ചെന്നാണോ മരണം സംഭവിച്ചത് എന്നറിയാനുളള പരിശോധനയാണ് പുരോഗമിക്കുന്നത്.

തലയോട്ടിക്കുള്‍പ്പടെ ക്ഷതം സംഭവിച്ചോയെന്നും കണ്ടെത്തേണ്ടതുണ്ട്. പാവണ്ടൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ അടക്കം ചെയ്ത റിഫയുടെ മൃതദേഹം രാവിലെ 11ഓടെയാണ് പുറത്തെടുത്തത്. തുടര്‍ന്ന് സബ് കളക്ടറുടെ സാന്നിദ്ധ്യത്തില്‍ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി.

രണ്ട് മാസം മുൻപ് അടക്കം ചെയ്തതിനാല്‍ മൃതദേഹം പൂര്‍ണമായി ജീര്‍ണ്ണിച്ചിട്ടില്ലായിരുന്നു. അതിനാല്‍ വിശദമായ പരിശോധനകള്‍ക്ക് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വിശദമായ രാസ പരിശോധനകള്‍ക്കായി ആന്തരികാവയവങ്ങളുടെ സാമ്പിളുകളും ശേഖരിച്ച ശേഷം മൃതദേഹം മറവ് ചെയ്യാന്‍ വിട്ടുനല്‍കി.
ദുരൂഹതകള്‍ പുറത്തുവരുമെന്നാണ് റിഫയുടെ കുടുംബാംഗങ്ങളുടെ പ്രതീക്ഷ.