play-sharp-fill
റിസർവ് ബാങ്ക് ഉദ്യോഗസ്ഥ ചമഞ്ഞ് തട്ടിപ്പ് ;വിസ വാഗ്ദാനം ചെയ്തും ബിസിനസ് വായ്പ വാഗ്ദാനം ചെയ്തും നിലമ്പൂർ സ്വദേശി ഷിബില തട്ടിയെടുത്തത് ലക്ഷങ്ങൾ.

റിസർവ് ബാങ്ക് ഉദ്യോഗസ്ഥ ചമഞ്ഞ് തട്ടിപ്പ് ;വിസ വാഗ്ദാനം ചെയ്തും ബിസിനസ് വായ്പ വാഗ്ദാനം ചെയ്തും നിലമ്പൂർ സ്വദേശി ഷിബില തട്ടിയെടുത്തത് ലക്ഷങ്ങൾ.

സ്വന്തം ലേഖിക.

തിരുവനന്തപുരം: റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥ ചമഞ്ഞ് തട്ടിപ്പ് നടത്തിയ സ്ത്രീ പൊലീസ് പിടിയിലായി. മലപ്പുറം ജില്ലയില്‍ നിലമ്പൂരിന് അടുത്ത് അകമ്പാടം സ്വദേശി തരിപ്പയില്‍ ഷിബില(28) ആണ് പിടിയിലായത്.

 

തിരുവനന്തപുരം ബാലരാമപുരത്ത് നിന്നാണ് പിടിയിലായത്. വിസ വാഗ്ദാനം ചെയ്തും ബിസിനസ് വായ്പ വാഗ്ദാനം ചെയ്തും തട്ടിപ്പ് നടത്തിയെന്നാണ് കേസ്. വയനാട്, മലപ്പുറം, തൃശ്ശൂര്‍ ജില്ലകളിലായി നിരവധി പേര്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

അകമ്പാടം സ്വദേശിയായ യുവാവിന് കാനഡയില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ ക്യാഷറായി ജോലി നല്‍കാമെന്ന് പറഞ്ഞ് 10 ലക്ഷം രൂപ തട്ടിയെടുത്ത പരാതിയില്‍ ഷിബിലക്കെതിരെ പോലീസ് കേസെടുത്തിരുന്നു. റിസര്‍വ് ബാങ്കില്‍ ജോലിയുണ്ട് എന്ന് ബന്ധുക്കളേയും നാട്ടുകാരേയും പ്രതി പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു.

 

നിലമ്പൂര്‍ സ്വദേശിയായ വ്യവസായിയോട് റിസര്‍വ്വ് ബാങ്കില്‍ നിന്നും ബിസിനസ്സ് ആവശ്യത്തിനായി വൻ തുക വായ്പവാങ്ങി തരാമെന്ന് പറഞ്ഞു പല തവണകളിലായി 30 ലക്ഷം രൂപ തട്ടിയെടുത്തിരുന്നു. വീണ്ടും പണം ആവശ്യപ്പെട്ടപ്പോള്‍ സംശയം തോന്നിയ വ്യവസായി തിരുവനന്തപരം റിസര്‍വ് ബാങ്ക് ഓഫീസില്‍ അന്വേഷിച്ചപ്പോഴാണ് ഇങ്ങനെ ഒരാള്‍ അവിടെ ജോലി ചെയ്യുന്നില്ലെന്ന് മനസ്സിലായത്.

 

തുടര്‍ന്ന് പണം നഷ്ടപ്പെട്ട വ്യവസായി കോടതിയില്‍ പരാതി നല്‍കുകയും പ്രതിക്കെതിരെ വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. വയനാട്, മലപ്പുറം, തൃശ്ശൂര്‍ ജില്ലകളിലായി പ്രതിക്കെതിരെ നിരവധി പരാതികള്‍ ലഭിച്ചിരുന്നു. നിലമ്പൂർ ഡാൻസാഫും നിലമ്പൂർ പോലീസും ചേര്‍ന്ന് തിരുവനന്തപുരം ബാലരാമപുരത്തു നിന്നുമാണ് പ്രതിയെ പിടികൂടിയത്.

 

ഷിബില അറസ്റ്റിലായത് അറിഞ്ഞ് സ്റ്റേഷനില്‍ പരാതി പ്രവാഹമായിരുന്നു.4 ലക്ഷം മുതല്‍ 10 ലക്ഷം വരെ നഷ്ടപ്പെട്ട നിരവധി പേരാണ് പരാതിയുമായി എത്തിയത്. അമ്പലവയല്‍, മണ്ണുത്തി, വടക്കാഞ്ചേരി, തിരൂരങ്ങാടി സ്റ്റേഷനുകളിലും പ്രതിക്കെതിരെ കേസ്സ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.