എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷിക്കാർക്ക് സംവരണം; നിയമന അംഗീകാരമില്ലാതെ തുടരുന്ന അധ്യാപകരെയും അനധ്യാപകരെയും മാറ്റാൻ നിർദ്ദേശം; ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ സർക്കാർ മാർഗ്ഗ നിർദ്ദേശങ്ങൾ പുറത്തിറക്കി

എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷിക്കാർക്ക് സംവരണം; നിയമന അംഗീകാരമില്ലാതെ തുടരുന്ന അധ്യാപകരെയും അനധ്യാപകരെയും മാറ്റാൻ നിർദ്ദേശം; ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ സർക്കാർ മാർഗ്ഗ നിർദ്ദേശങ്ങൾ പുറത്തിറക്കി

സ്വന്തം ലേഖകൻ
തിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷിക്കാർക്കായി ഒഴിവുകൾ മാറ്റിവയ്ക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഇത്തരത്തിൽ ഒരു തീരുമാനം. എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണ നിയമനത്തിന്റെ മാർഗ നിർദ്ദേശത്തിലാണ് ഇക്കാര്യം പറയുന്നത്.

2018 നവംബർ 18 മുതൽ ഉണ്ടായ ഒഴിവുകളിലേക്ക് നിയമാനുസൃതമല്ലാതെ നിയമിക്കപ്പെട്ട അധ്യാപകരെയും അനധ്യാപകരെയും തൽസ്ഥാനത്തുനിന്ന് മാറ്റി ഭിന്നശേഷിക്കാരെ നിയമിക്കണം.

അവർ ജോലിയിൽ പ്രവേശിക്കുന്നത് വരെ നിലവിലുള്ളവർക്ക് തുടരാനാവുന്നതാണ്. അവർക്ക് താത്കാലികക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കുമെങ്കിലും ഇവരുടെ പ്രൊബേഷൻ ഡിക്ലയർ ചെയ്യാനോ വാർഷിക ഇൻക്രിമെന്റുകൾ അനുവദിക്കാനോ പാടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാനേജർ, സബ്‌ റീജണൽ, സ്പെഷ്യൽ എംപ്ലോയ്‌മെന്റ് ഓഫീസർക്ക് അയച്ച ഭിന്നശേഷി ഉദ്യോഗാർഥിയെ ആവശ്യപ്പെട്ടുള്ള റിക്വസിഷൻ ഫോമിന്റെ പകർപ്പ് ലഭ്യമായാൽ അക്കാര്യം ഉറപ്പുവരുത്തി നിലവിലെ ഉദ്യോഗാർഥിക്ക് താത്കാലിക നിയമനാംഗീകാരം നൽകാം.

2021 നവംബർ ഏഴിനുശേഷം നിയമിക്കപ്പെട്ട ആൾക്കും താത്കാലിക നിയമനാംഗീകാരത്തിന് അർഹതയുണ്ടാകും. ഒഴിവ് റിപ്പോർട്ട് ചെയ്തകാര്യം ഉറപ്പുവരുത്തി മാത്രമേ താത്കാലിക നിയമനാംഗീകാരം നൽകാവൂ. ഭിന്നശേഷി ഉദ്യോഗാർഥി ജോലിയിൽ പ്രവേശിക്കുമ്പോൾ താത്കാലികക്കാരെ ആ സ്കൂളിലോ മാനേജ്‌മെന്റിനുകീഴിലെ മറ്റ് സ്കൂളുകളിലോ പിന്നീടുണ്ടാകുന്ന ഒഴിവുകളിൽ യോഗ്യതയ്ക്ക് വിധേയമായി പുനർനിയമനം നടത്താം. ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി മേഖലകളിൽ മുൻഗണന നൽകാം.

നടപടിക്രമങ്ങളെല്ലാം പാലിച്ച ശേഷവും സംവരണനിയമനത്തിന് ഭിന്നശേഷി ഉദ്യോഗാർഥിയെ ലഭിക്കുന്നില്ലെങ്കിൽ ആ തസ്തികയിലുള്ള താത്കാലികക്കാരെ 2018 നവംബർ 18-ന് ശേഷമുള്ള നിയമനത്തീയതി മുതൽ സ്ഥിരപ്പെടുത്താം. റോസ്റ്റർ തയ്യാറാക്കി സമർപ്പിക്കാത്ത മാനേജ്‌മെന്റുകൾക്ക് നിയമനാംഗീകാരം ലഭിക്കില്ല. 2018 നവംബർ 18-ന് ശേഷം ഉണ്ടായ ഒഴിവുകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നൽകണം. ഭിന്നശേഷി സംവരണം പാലിക്കപ്പെടുന്ന മുറയ്ക്ക് ദിവസവേതനക്കാരെ നിയമനത്തീയതി മുതൽ റഗുലറായി ക്രമീകരിക്കാം.

മുമ്പ്‌ അംഗീകാരം നിരസിക്കപ്പെട്ട നിയമനങ്ങളിൽ സർക്കാർ പറയുന്ന മാനദണ്ഡങ്ങളെല്ലാം ഉണ്ടെങ്കിൽ അംഗീകാരം നൽകാൻ അപ്പ്‌ലേറ്റ് ഉത്തരവ് ഇല്ലാതെതന്നെ വിദ്യാഭ്യാസ ഓഫീസർമാർക്ക് പുനഃപരിഗണിക്കാമെന്നും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിൽ പറയുന്നുണ്ട്.