കേരളത്തില്‍ പേമാരി; വെള്ളം കയറി ഒറ്റപ്പെട്ട സ്ഥലങ്ങളിലെ രക്ഷാദൗത്യത്തിന് കടലിൻ്റെ മക്കള്‍; ഏഴു വള്ളങ്ങളുമായി ആദ്യസംഘം പത്തനംതിട്ടയില്‍

കേരളത്തില്‍ പേമാരി; വെള്ളം കയറി ഒറ്റപ്പെട്ട സ്ഥലങ്ങളിലെ രക്ഷാദൗത്യത്തിന് കടലിൻ്റെ മക്കള്‍; ഏഴു വള്ളങ്ങളുമായി ആദ്യസംഘം പത്തനംതിട്ടയില്‍

സ്വന്തം ലേഖിക

കൊല്ലം: അപ്രതീക്ഷിതമായി പെയ്ത പേമാരിയില്‍ കേരളത്തില്‍ വെള്ളം കയറി ഒറ്റപ്പെട്ട സ്ഥലങ്ങളിലെ രക്ഷാദൗത്യത്തിന് കേരളത്തിന്റെ സൈന്യം ഒരിക്കല്‍ക്കൂടി രംഗത്ത്.

പ്രളയ സമാനമായ സ്ഥിതിയിലേക്ക് കാര്യങ്ങള്‍ നീങ്ങുമ്പോള്‍, കൊല്ലം തീരദേശത്തെ പരമ്പരാഗത മത്സ്യ തൊഴിലാളികളാണ് രക്ഷാപ്രവര്‍ത്തനത്തിന് സജ്ജമായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏഴു വള്ളങ്ങളുമായി ആദ്യസംഘം പത്തനംതിട്ടയിലേക്കാണ് പോയത്. ജില്ലയിലെ വാടി, മൂദാക്കര, പോര്‍ട്ട് കൊല്ലം ഹാര്‍ബറുകളിലെ വള്ളങ്ങള്‍ രാത്രി 12 മണിയോടെയാണ് ലോറികളില്‍ കയറ്റി രക്ഷാപ്രവര്‍ത്തനത്തിനായി കുതിച്ചത്.പത്തനംതിട്ട ജില്ലാ കളക്ടറുടെ അഭ്യര്‍ത്ഥന പ്രകാരം ദുരന്തത്തെ നേരിടാന്‍ ഏഴ് വള്ളങ്ങളാണ് ആറന്മുള, പന്തളം, റാന്നി എന്നീ സ്ഥലങ്ങളിലേക്കായി രക്ഷാദൗത്യത്തിനു പോയത്.

പത്തനംതിട്ടയിലെ തീവ്ര വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കേരളത്തിന്റെ സൈന്യം വീണ്ടും ജീവന്മരണ പോരാട്ടത്തിന് തയ്യാറായത്. രാത്രി വൈകിയാണ് പത്തനംതിട്ടയിലേക്ക് പുറപ്പെടണമെന്ന അഭ്യര്‍ത്ഥന മത്സ്യത്തൊഴിലാളികള്‍ക്കു മുന്നിലെത്തുന്നത്. അഭ്യര്‍ത്ഥന ലഭിച്ചയുടനെ ഒരു നിമിഷം പോലും പാഴാക്കാതെ അവര്‍ ദൗത്യത്തിന് തയ്യാറായി.

കൊല്ലം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സുഹൈര്‍, കൊല്ലം എ സി പി വിജയകുമാര്‍,കൊല്ലം തഹസില്‍ദാര്‍ ശശിധരന്‍, മത്സ്യത്തൊഴിലാളി നേതാവ് ബെയിസിലാല്‍ തുടങ്ങിയവര്‍ സംഘത്തെ യാത്രയാക്കാന്‍ എത്തിയിരുന്നു.

ഓഖിയും ലോക്ക്ഡൗണുമെല്ലാം സൃഷ്ടിച്ച പ്രതിസന്ധിയില്‍ നിന്ന് ഇതുവരെയും മത്സ്യത്തൊഴിലാളികള്‍ കരകയറിയിട്ടില്ല. എങ്കിലും നാടിന് ആപത്ത് വന്നപ്പോള്‍ തങ്ങളുടെ ദുരിതങ്ങള്‍ മറന്ന് സഹോദരങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ അവര്‍ കുതിക്കുകയായിരുന്നു.