സാമ്പത്തിക പ്രയാസമുള്ളതിനാൽ സ്വർണാഭരണങ്ങൾ പണയപ്പെടുത്തി;തുടർന്ന് ഭാര്യയുടെ വക കുറ്റപ്പെടുത്തലും അവഹേളനവും; പുഴ കാണിക്കാമെന്നു പറഞ്ഞ് പുഴക്കരയിൽ എത്തിച്ചു; തടയണയുടെ മുകളിലൂടെ നടക്കുമ്പോൾ ഭാര്യയെയും ഒന്നര വയസ്സുകാരി മകളെയും പുഴയിൽ തള്ളിയിട്ടു; മാതാപിതാക്കളുടെ ചെറിയ പിണക്കങ്ങൾ വലിയ പ്രശ്നങ്ങളായപ്പോൾ പൊലിഞ്ഞത് ഒന്നര വയസ്സുകാരിയുടെ ജീവൻ
സ്വന്തം ലേഖകൻ
തലശ്ശേരി:ഒന്നരവയസുകാരി മകളെയും ഭാര്യയെയും പുഴയിൽ തള്ളിയിട്ട് കൊലപ്പെടുത്താനുള്ള കാരണമായി തലശ്ശേരി കോടതി ജീവനക്കാരനായ കെപി ഷിജു ചൂണ്ടിക്കാണിക്കുന്നത് സാമ്പത്തിക പ്രയാസംമൂലം പണയം വച്ച സ്വർണ്ണത്തിന്റെ പേരിലുള്ള പ്രശ്‌നം.
ഒന്നര വയസുകാരി അൻവിതയെയും അമ്മ സോനയെയും പുഴയിൽ തള്ളിയിട്ട ശേഷം ഒളിവിൽ പോയ ഷിജു കഴിഞ്ഞ ദിവസമാണ് പൊലീസ് പിടിയിലായത്. സോനയെ നാട്ടുകാർ രക്ഷിച്ചുവെങ്കിലും അൻവിത മരിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മകളെയും ഭാര്യയേയും പുഴയിലേക്ക് തള്ളിയിട്ട ശേഷം ഇവിടെ നിന്നും ഓടി മറഞ്ഞ ഷിജുവിനെ മട്ടന്നൂരിൽ നിന്നാണ് കതിരൂർ പൊലീസ് പിടികൂടിയത്. വെള്ളിയാഴ്ച വൈകീട്ട് ആറരയോടെയാണ് പാത്തിപ്പാലം പുഴയിലേക്ക് ഭാര്യയേയും ഒന്നര വയസുകാരി മകളെയും ഷിജു തള്ളിയിട്ടത്. ഭാര്യയും മകളും മരിച്ചെന്നു കരുതി ക്ഷേത്രകുളത്തിൽ ചാടി ആത്മഹത്യ ചെയ്യാനൊരുങ്ങിയ ഷിജുവിനെ നാട്ടുകാർ രക്ഷപെടുത്തുകയായിരുന്നു.
വള്ള്യായിയിൽ ക്ഷേത്ര ദർശനം കഴിഞ്ഞു വരുന്നതിനിടെയായിരുന്നു സംഭവം. പുഴ കാണിക്കാമെന്നു പറഞ്ഞ് പുഴക്കരയിൽ എത്തി തടയണയുടെ മുകളിലൂടെ നടക്കുമ്പോൾ തന്നെയും മകളെയും ഭർത്താവ് തള്ളി പുഴയിലിട്ടുവെന്നാണു ഭാര്യയുടെ മൊഴി. സംഭവത്തിനു ശേഷം ഷിജുവിന്റെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. ഇവർ എത്തിയ ബൈക്ക് ഉപേക്ഷിച്ചാണ് ഷിജു കടന്നു കളഞ്ഞത്.
സംഭവസ്ഥലത്തു നിന്ന് ഒരാൾ ഓടിപ്പോകുന്നതു കണ്ടതായി ദൃക്സാക്ഷികളും പറഞ്ഞിരുന്നു. അൻവിതയുടെ മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം പൊന്ന്യം നാലാം മൈലിനടുത്ത സോനയുടെ തറവാട്ടു വീട്ടിലെത്തിച്ചു സംസ്കരിച്ചു. സാമ്പത്തിക പ്രയാസമുള്ളതിനാൽ ഭാര്യയുടെ സ്വർണാഭരണങ്ങൾ പണയപ്പെടുത്തിയിരുന്നെന്നും ഇതിന്റെ പേരിൽ ഭാര്യ നിരന്തരം കുറ്റപ്പെടുത്തുകയും അവഹേളിക്കുകയും ചെയ്തതിനാലാണു പുഴയിൽ തള്ളിയിട്ടു കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നും ഷിജു പറഞ്ഞതായി പൊലീസ് പറയുന്നു.
ഭാര്യയെയും കുഞ്ഞിനെയും പുഴയിലേക്കു തള്ളിയിട്ടതാണെന്നു ഷിജു സമ്മതിച്ചതായി പൊലീസ് പറഞ്ഞു. സ്വർണം പണയത്തിലായിരുന്ന കാര്യം സോനയും പൊലീസിനോടു പറഞ്ഞിട്ടുണ്ട്. അറസ്റ്റിലായ ഷിജുവിനെ തലശ്ശേരി അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി റിമാൻഡ് ചെയ്തു.