മാധ്യമ പ്രവർത്തകൻ ജമാൽ ഖഷഗ്ജിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് വധശിക്ഷ : പ്രമുഖരായ രണ്ട് പ്രതികളെ കുറ്റവിമുക്തരാക്കി

മാധ്യമ പ്രവർത്തകൻ ജമാൽ ഖഷഗ്ജിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് വധശിക്ഷ : പ്രമുഖരായ രണ്ട് പ്രതികളെ കുറ്റവിമുക്തരാക്കി

 

സ്വന്തം ലേഖകൻ

റിയാദ്: വിമത സൗദി മാധ്യമ പ്രവർത്തകൻ ജമാൽ ഖഷഗ്ജിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് വധശിക്ഷ. കൊലപാതകത്തിൽ നേരിട്ട് ഇടപെട്ട അഞ്ച് പേർക്കാണ് വധശിക്ഷ വിധിച്ചത്. പ്രമുഖരായ സൗദി രഹസ്യാന്വേഷണ ഡെപ്യൂട്ടി ചീഫ് അഹമ്മദ് അൽ-അസ്സിരി, രാജകൊട്ടാരത്തിലെ മീഡിയ അഡൈ്വസറായ സൗദ് അൽ-ഖ്വത്വാനി എന്നിവരെ ശിക്ഷയിൽ നിന്ന് ഒഴിവാക്കി.

 

അഹമ്മദ് അൽ-അസ്സിരിയുടെ മേൽനോട്ടത്തിലും അൽ-ഖ്വത്വാനിയുടെ ഉപദേശപ്രകാരമായിരുന്നു കൊല നടന്നതെന്നാണ് പ്രോസിക്യൂഷൻ ആരോപിച്ചിരുന്നത്. എന്നാൽ വേണ്ടത്ര തെളിവുകൾ ഹാജരാക്കാനായില്ലെന്ന കാരണത്താലാണ് ഇരുവരെയും കേസിൽ നിന്ന് ഒഴിവാക്കിയത്. കേസിൽ പേര് ചേർക്കാത്ത 11 പ്രതികളാണ് ഉണ്ടായിരുന്നത്. അതിൽ 5 പേരെയാണ് ഇപ്പോൾ വധശിക്ഷയ്ക്ക് വിധിച്ചിരിക്കുന്നത്. മൂന്ന് പേർക്ക് 24 വർഷം തടവും വിധിച്ചു. മൂന്നു പേരെ വെറുതെ വിട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസ് പരിഗണിക്കുന്ന റിയാദിലെ പ്രത്യേക കോടതി അന്തർദേശിയ നിരീക്ഷകരുടെയും ഖഷഗ്ജിയുടെ ബന്ധുക്കളുടെയും സാന്നിധ്യത്തിൽ ഒമ്ബത് തവണയാണ് കേസ് പരിഗണിച്ചത്. ഖഷഗ്ജിയുടെ കൊലപാതകം മുൻകൂട്ടി തീരുമാനിച്ചതല്ലെന്നും പ്രോസിക്യൂഷൻ കണ്ടെത്തി.

 

യുഎസിൽ പ്രവാസ ജീവിതം നയിച്ചുവരികയായിരുന്ന ജമാൽ ഖഷഗ്ജിയുടെ കൊലപാതകം സൗദിയും പടിഞ്ഞാറൻ രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ഉലച്ചിരുന്നു. ഒക്ടോബർ രണ്ടിന് വിവാഹ രേഖകൾക്കായി ഇസ്താംബൂളിലെ സൗദി കോൺസുലേറ്റിലെത്തിയ ഖഷഗ്ജിയെ ദുരൂഹ സാഹചര്യത്തിൽ കാണാതാവുകയായിരുന്നു.

ആഴ്ചകൾ നീണ്ട ആരോപണ പ്രത്യാരോപണങ്ങൾക്കു ശേഷമാണ് ഖഷഗ്ജി കൊല്ലപ്പെട്ടതായി സൗദി സമ്മതിച്ചത്. സൗദിയുടെ കില്ലർ സംഘം ഖഷഗ്ജിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് തെളിവുകളുടെ അടിസ്ഥാനത്തിൽ തുർക്കി വ്യക്തമാക്കിയിരുന്നു. പ്രതികളെ വിചാരണക്കായി കൈമാറണമെന്നും തുർക്കി സൗദിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സൗദി ഇക്കാര്യം തള്ളുകയായിരുന്നു. ഖഷഗ്ജിയുടെ തിരോധാനത്തിനു പിന്നിൽ സൗദിയാണെന്നു തുടക്കം മുതൽ വിമർശനമുണ്ടായെങ്കിലും എല്ലാ ആരോപണങ്ങളും സൗദി നിഷേധിച്ചു. നിർണായക തെളിവുകൾ ലഭിച്ചെന്നു തുർക്കി പോലിസ് വ്യക്തമാക്കിതോടെ അമേരിക്കയടക്കമുള്ള രാജ്യങ്ങളിൽനിന്നു കടുത്ത സമ്മർദമാണു സൗദി നേരിട്ടത്.