വെള്ളപ്പൊക്കത്തിന് ശേഷം  ഒരു കൈത്താങ്ങ്

വെള്ളപ്പൊക്കത്തിന് ശേഷം ഒരു കൈത്താങ്ങ്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ദുരിതം വിതച്ച മീനച്ചിലാറ്റിലെ വെള്ളപ്പൊക്കത്തിന് ഏറ്റവും കൂടുതൽ കഷ്ടനഷ്ടങ്ങൾ അനുഭവിക്കേണ്ടി വന്നത് പാറമ്പുഴ മുതൽ നട്ടാശ്ശേരി വരെയുള്ള പ്രദേശങ്ങളിലെ ജനങ്ങളാണ്. താഴ്ന്ന പ്രദേശങ്ങളിലെ ഒറ്റനിലവീടുകൾ മേൽക്കൂരയോളം വെള്ളത്തിനടിയിലായി. പ്രതീക്ഷിക്കാതെ പെട്ടെന്ന് കയറിയ വെള്ളത്തിൽ വീട്ടിനുള്ളിൽ കഴുത്തറ്റം വെള്ളത്തിൽ ഒരു പകൽ മുഴുവൻ കഴിഞ്ഞവരെയും രോഗം വന്ന് ശയ്യാവലംബികളായവരെയും പുറത്തെത്തിച്ച് സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റാൻ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ കുറേ മനുഷ്യസ്നേഹികളുണ്ട് ഇവിടെ.

പലയിടത്തും വെള്ളപ്പൊക്കം ആഘോഷമാക്കി മാറ്റി വെള്ളത്തിൽ കളിച്ചും വഴിയാത്രക്കാരെ ആക്രമിച്ചും സാമൂഹ്യവിരുദ്ധരായ കുറേ ചെറുപ്പക്കാർ അഴിഞ്ഞാടിയതും നാം വാർത്തയിലൂടെ അറിഞ്ഞു. എന്നാൽ നട്ടാശ്ശേരിയിലെ യുവാക്കൾ വെള്ളം പൊങ്ങിയതു മുതൽ ഒരു ദ്രുതകർമ്മസേനയെപ്പോലെ ജാഗ്രതയോടെ വിശ്രമമില്ലാതെ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. ഒപ്പം പഞ്ചായത്ത് മെമ്പർമാർ, വില്ലേജ് ഓഫീസർ, പൊതുപ്രവർത്തകർ ഒക്കെയും തങ്ങളുടെ സ്വന്തം കടമയെന്നവണ്ണം കർമ്മരംഗത്ത് വന്നത് പ്രശംസാർഹമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാടിന്റെ എന്തു പ്രശ്നങ്ങളിലും മുന്നിൽ നിന്ന് പ്രവർത്തിക്കുന്ന ഗോപു നട്ടാശ്ശേരി, പഞ്ചായത്ത് മെമ്പർ നളിനാക്ഷൻ, മധു മംഗലശ്ശേരി തുടങ്ങിയവരൊക്കെ നേതൃത്വം നൽകി. ഗ്രീൻ ഫ്രെട്ടേണിറ്റിയുടെ പ്രസിഡണ്ട് ഡോ.ജേക്കബ് ജോർജ് സാർ മീനന്തറയാറിന്റെ ശുചീകരണത്തിനായി വാങ്ങിയ വള്ളം പ്രവർത്തന രംഗത്തെ ഹീറോയായി. വെള്ളത്തിൽ പെട്ട് മുങ്ങിപ്പൊങ്ങിയ നാലു പേരെ രക്ഷിക്കാനായത് ഈ വള്ളമുണ്ടായത് മൂലമാണ്. വീടുകളിൽ കുടുങ്ങിയവരെ ദുരിതാശ്വാസ ക്യാമ്പുകളിലെത്തിക്കാനും വിവിധ സംഘടനകൾ എത്തിച്ചുകൊടുത്ത ഭക്ഷണപ്പൊതികളും മരുന്നും കൃത്യസമയത്ത് അർഹപ്പെട്ടവരിൽ എത്തിക്കുന്നതിനും കർമ്മസേനയോടൊപ്പം ചേർന്ന് ഈ വള്ളവും തന്റെ കടമ നിറവേറ്റി! ഒരു സുഖചികിത്സ ആവശ്യമായ നിലയിൽ അത് അവശനിലയിലുമായി.

ഇപ്പോൾ വെള്ളം നന്നായി ഇറങ്ങിക്കഴിഞ്ഞിരിക്കുന്നു. നാടിന്റെ പൊതുജീവിതം സാധാരണനിലയിലേക്ക് എത്താൻ ഇനിയും വൈകും. ദുരിതങ്ങൾ ഇനിയും തീർന്നിട്ടില്ല. കിണറുകളെല്ലാം മലിനപ്പെട്ടിരിക്കുന്നു. തൊടികളിലും മുറ്റത്തു മൊന്നും ഇപ്പോഴും ചെളി ഉണങ്ങിയിട്ടില്ല. ശുദ്ധജലത്തിനായി കഷ്ടപ്പെടുന്നു. ഒരാഴ്ചയോളം വെള്ളപ്പൊക്കത്തിൽ പെട്ടു പോയതിനാൽ പണിയില്ലാതായ നിരവധി പേർ പട്ടിണിയിലായി. രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ ഇപ്പോഴും രംഗത്ത് സജീവമായ ജനപ്രതിനിധി നളിനാക്ഷന്റെ വീട്ടിനകത്ത് നെഞ്ചോളം വെള്ളമായിരുന്നു. പല രേഖകളും വെള്ളപ്പൊക്കത്തിൽ നശിച്ചുപോയി. ഇതേ അവസ്ഥ നൂറുകണക്കിന് പേർക്ക് ഉണ്ടായി.

കോട്ടയം നാട്ടുകൂട്ടം, ഗ്രീൻ ഫെട്ടേണിറ്റി എന്നീ സംഘടനകളും കോട്ടയം യെരുശലേം മാർത്തോമ പള്ളിയും ഡിവൈഎഫ്ഐ വട്ട മൂട് യൂണിറ്റും ഡോ.സെബാസ്റ്റ്യൻ തോമസ് , നാരായണൻ കൈപ്പട്ടൂർ ചാലായിൽ, ജയൻ കറുകമറ്റം, ദീപു പുറത്തിട്ടയിൽ, ദീപു കുന്നുംകിടാരത്തിൽ, മണിക്കുട്ടൻ മണ്ഡപത്തിൽ, സുധീഷ് നടുവത്ത്
എന്നീ വ്യക്തികളും സംഭാവന ചെയ്ത തുകയ്ക്ക് വാങ്ങിയ അരിയും പലവ്യഞ്ജനങ്ങളും ഇന്ന് വിതരണം ചെയ്തു. എലിപ്പുലിക്കാട്ട് ഉൾപ്പെടുന്ന വിജയപുരം പഞ്ചായത്തിലെ ഒന്നാം വാർഡിലാണ് ഇന്നത്തെ വിതരണം നടന്നത്. വരുംദിവസങ്ങളിലും തുടരും. വെള്ളപ്പൊക്കത്തിൽപെട്ട് വലിയ തോതിൽ ദുരിതമനുഭവിക്കുന്നവരുടെ ലിസ്റ്റ് തയ്യാറാക്കിയാണ് വിതരണം നടത്തുന്നത്.

നട്ടാശ്ശേരി ജയഭാരത് പബ്ലിക് ലൈബ്രറിയുടെ മുന്നിൽവച്ച് ഡോ. ജേക്കബ് ജോർജ് അരിയും പലവ്യഞ്ജനങ്ങളും നൽകി കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. നളിനാക്ഷൻ, പളളിക്കോണം രാജീവ്, ഗോപു നട്ടാശ്ശേരി എന്നിവർ സംസാരിച്ചു. അരി, പഞ്ചസാര, കാപ്പിപ്പൊടി, ഗോതമ്പുപൊടി, കുടിവെള്ളം എന്നിവയാണ് വിതരണം ചെയ്യുന്നത്.

ഗോകുൽ പുതിയടത്തുമാലി, ശ്യാം പുറത്തിട്ടയിൽ, ടോം പള്ളിക്കുന്നേൽ, മധു മംഗലശ്ശേരിൽ, അരവിന്ദ് നാഗപ്പള്ളിയിൽ, ദീപു പുറത്തിട്ടയിൽ, ദേവാനന്ദ് ,
രാജേഷ് നെടിയപ്പള്ളി, അജയകുമാർ, അറക്കവേലിൽ, അഖിൽ ചാമക്കാല, ശരത് ചെങ്ങേത്ത്, കണ്ണൻ വടക്കേമുറി എന്നിവർ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.