സംപ്രേക്ഷണ ദിനങ്ങള്‍ കുറച്ചു; ചെമ്പൈ സംഗീതോത്സവത്തെ ദൂരദര്‍ശന്‍ അവഗണിക്കുന്നതായി പരാതി; പ്രോഗ്രാം മേധാവികളുടെ അലസതയെന്ന് ആരോപണം.കടുത്ത പ്രതിഷേധത്തിൽ ഭക്തരും സംഗീത ആസ്വാദകരും.
പതിവിന് വിപരീതമായി ചെമ്പൈ സംഗീതോത്സവത്തില്‍ നിന്നും ദൂരദര്‍ശന്‍ പിന്മാറുന്നു. തിരുവനന്തപുരം, തൃശൂര്‍ നിലയങ്ങള്‍ സംയോജിച്ച് ചെയ്യുന്ന ഈ പരിപാടി പ്രോഗ്രാം മേധാവികളുടെ അലസത മൂലം ഉപേക്ഷിക്കുന്നതായാണ് ആരോപണം. പതിവായി 15 ദിവസവും ചെയ്തിരുന്ന പരിപാടി 5 ദിവസത്തേക്ക് കുറയ്ക്കാനാണ് തീരുമാനമത്രെ.
ഗുരുവായൂരപ്പന്റെ കടാക്ഷം കൊണ്ട് സ്വന്തം ശബ്ദം വീണ്ടുകിട്ടിയ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ സ്മരണയ്ക്കായി ഗുരുവായൂര്‍ ക്ഷേത്രം വര്‍ഷം തോറും നടത്തിവരാറുള്ള ചെമ്പൈ സംഗീതോത്സവംഭാരതത്തില്‍ അങ്ങോളമിങ്ങോളമുള്ള ശാസ്ത്രീയ സംഗീത പ്രതിഭകളെയും മഹാരഥന്മാരെയും ആകര്‍ഷിക്കുന്ന പ്രശസ്ത സംഗീത സദസുകളില്‍ അഗ്രിമസ്ഥാനത്തുള്ളതാണ്.
15 ദിവസങ്ങളിലായി അരങ്ങേറുന്ന ഈ നാദവിസ്മയത്തില്‍ മഹാസംഗീതജ്ഞര്‍ക്കൊപ്പം നൂറുകണക്കിന് ഇളം പ്രതിഭകള്‍ക്കും മാറ്റ് തെളിയിക്കാന്‍ അവസരം കിട്ടുന്നു. ദൂരദര്‍ശന്‍ സംപ്രേഷണത്തിലൂടെ ലോകമെങ്ങുമുള്ള സംഗീതപ്രേമികള്‍ക്ക്, പ്രത്യേകിച്ച് മലയാളികള്‍ക്ക്, നാദസംരക്ഷകനായ ശ്രീഗുരുവായൂരപ്പന്റെ ഭക്തിയില്‍ ലയിക്കുവാനുള്ള അവസരവും കണക്കിലെടുത്താണ് സംഗീതോത്സവം ഏറെ പ്രാധാന്യത്തോടെ
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംപ്രേഷണം ചെയ്യാന്‍ ദൂരദര്‍ശന്‍ തീരുമാനിച്ചിരുന്നത്. മൂന്നിലധികം ക്യാമറകളും മറ്റു സാങ്കേതിക സംവിധാനങ്ങളും ഉപയോഗിച്ച് ആദ്യ 10 ദിവസങ്ങളിലെ സദസ് റെക്കോര്‍ഡ് ചെയ്ത് സംപ്രേഷണം ചെയ്തും അവസാന അഞ്ചു ദിവസങ്ങളിലെ സംഗീതസദസ് നേരിട്ടുള്ള സംപ്രേഷണമായുമാണ് ദൂരദര്‍ശന്‍ ജനങ്ങളില്‍ എത്തിച്ചിരുന്നത്.
കൊവിഡ് പ്രതിസന്ധിക്കു ശേഷം പുന:രാരംഭിക്കപ്പെട്ട ഈ സംഗീതോത്സവത്തിന് കഴിഞ്ഞവര്‍ഷം ആദ്യ 10 ദിവസം ഒരു ക്യാമറ വെച്ച് ഇഎന്‍ജി സംവിധാനത്തിലും ബാക്കി 5 ദിവസം നേരിട്ടുള്ള സംപ്രേഷണത്തിനും ദൂരദര്‍ശന്‍ തയാറായിരുന്നു. ഇഎന്‍ജി ക്യാമറ വഴിയുള്ള റെക്കോഡിങ്ങ് ഈ മഹാസംഗീതോത്സവത്തിന്റെ പ്രൗഢിക്ക് ചേര്‍ന്നതല്ലെന്നും പഴയ പോലെ മൂന്നിലധികം ക്യാമറകള്‍ ഉപയോഗിച്ച് നല്ല രീതിയില്‍ തന്നെ സംപ്രേഷണത്തിന് ദൂരദര്‍ശന്‍ മുതിരണമെന്നും സംഗീത വിദഗ്ധരും ബഹുജനങ്ങളും ആവശ്യപ്പെടുമ്പോഴാണ് ഇത്തവണ വെറും 5 ദിവസത്തെ ഇഎന്‍ജി റെക്കോര്‍ഡിങ് മാത്രം മതിയെന്ന ദൂരദര്‍ശന്‍ അധികാരികളുടെ വിവാദ തീരുമാനം വന്നിരിക്കുന്നത്.
ഇത്രയും ദിവസം പ്രോഗ്രാം നടത്താന്‍ തിരുവനന്തപുരം, തൃശൂര്‍ നിലയങ്ങളില്‍ ആവശ്യത്തിന് ജീവനക്കാരോ ക്യാമറാമാന്മാരോ ഇല്ലാത്തതിനാലാണ് ദൂരദര്‍ശന് വന്‍തോതില്‍ പരസ്യ വരുമാനവും പ്രേക്ഷക ശ്രദ്ധയും നല്‍കുന്നതും ഉയര്‍ന്ന നിലവാരത്തില്‍ പുന:പ്രക്ഷേപണ സാധ്യതയുമുള്ള 50 മണിക്കൂര്‍ പ്രോഗ്രാമും നഷ്ടപ്പെടുത്തുന്ന ഈ തീരുമാനമെടുത്തതത്രെ! അതിനൂതന ഡിജിറ്റല്‍ സാങ്കേതിക വിദ്യയോടെ സുസജ്ജമായ ഒരു കേന്ദ്രം ദൂരദര്‍ശന് സ്വന്തമായി തൃശൂരില്‍ ഉള്ളപ്പോഴാണ് ഈ സ്ഥിതി. ഈ കേന്ദ്രത്തിന്റെ സുഗമമായ നടത്തിപ്പിനു വേണ്ടി ആകാശവാണിയിലെ പ്രോഗ്രാം മേധാവിക്ക് ചുമതല നല്‍കുകയും ചെയ്തു.
ആവശ്യത്തിന് പ്രോഗ്രാം ജീവനക്കാരെ ആകാശവാണിയില്‍ നിന്നോ അല്ലെങ്കില്‍ മറ്റ് നിലയങ്ങളില്‍ നിന്നോ കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ പുറത്തുനിന്നോ എടുക്കാമെന്നുള്ളപ്പോഴാണ് ഈ മുടന്തന്‍ ന്യായം ദൂരദര്‍ശന്‍ ഉന്നയിക്കുന്നത് എന്നത് എന്തുവന്നാലും ഈ പരിപാടി പ്രാധാന്യത്തോടെ സംപ്രേഷണം ചെയ്യാന്‍ അനുവദിക്കില്ല എന്ന ചിലരുടെ പ്രേരണയിലാണെന്ന് പറയപ്പെടുന്നു. പഴയ പ്രോഗ്രാം മേധാവി വിരമിച്ച ശേഷം പുതിയ മേധാവി ആകാശവാണിയില്‍ നിന്ന് ചാര്‍ജെടുത്തെങ്കിലും പ്രോഗ്രാമുകള്‍ തയ്യാറാക്കാന്‍ കഴിയാത്ത തൃശൂര്‍ കേന്ദ്രം അടച്ചുപൂട്ടല്‍ ഭീഷണി നേരിടുമ്പോഴാണ് തൃശൂര്‍, തിരുവനന്തപുരം നിലയങ്ങളുടെ അസ്തിത്വം തകര്‍ക്കുന്ന തീരുമാനങ്ങള്‍ ഉണ്ടാകുന്നത്.
ശ്രീകൃഷ്ണഭക്തര്‍ക്കും സംഗീത പ്രേമികള്‍ക്കും എതിരായ ദൂരദര്‍ശന്റെ ഈ തീരുമാനത്തിനെതിരെ ജനങ്ങളും സംസ്ഥാന ബിജെപി നേതൃത്വവും പ്രതിഷേധവുമായി രംഗത്തെത്തി. ഈ വിഷയത്തില്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ. വി.ടി. രമ ഉന്നത ഉദ്യോഗസ്ഥമേധാവികളുമായും വാര്‍ത്താവിതരണ വകുപ്പ് മന്ത്രിയുമായും സംസാരിച്ചു. ഈ മഹോത്സവം അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ 15 ദിവസവും ദൂരദര്‍ശന്റെ മലയാളം, ഭാരതി ചാനലുകളില്‍ സംപ്രേഷണം ചെയ്യണമെന്ന് അവര്‍ ആവശ്യപ്പെട്ടു.