ആ ചുവന്ന വാഗൺ ആർ കാർ പാറപ്പാടം വിട്ടു പോയത് രാവിലെ പത്തു മണിയ്ക്ക്..! ദമ്പതിമാരെ ആക്രമിച്ച് ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ പൊലീസിനു നിർണ്ണായക വിവരം; അന്വേഷണം സംഘം കാത്തിരിക്കുന്നത് ആ വിവരത്തിനു വേണ്ടി

ആ ചുവന്ന വാഗൺ ആർ കാർ പാറപ്പാടം വിട്ടു പോയത് രാവിലെ പത്തു മണിയ്ക്ക്..! ദമ്പതിമാരെ ആക്രമിച്ച് ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ പൊലീസിനു നിർണ്ണായക വിവരം; അന്വേഷണം സംഘം കാത്തിരിക്കുന്നത് ആ വിവരത്തിനു വേണ്ടി

തേർഡ് ഐ ബ്യൂറോ

കോട്ടയം: താഴത്തങ്ങാടി പാറപ്പാടത്ത് ദമ്പതിമാരെ ആക്രമിച്ച് ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ പൊലീസിനു നിർണ്ണായക വിവരങ്ങൾ. തിങ്കളാഴ്ച വൈകിട്ട് നാലു മണിയോടെയാണ് കൊലപാതകം നടന്നത് എന്നായിരുന്നു പൊലീസിന്റെ നിഗമനം. എന്നാൽ, രാവിലെ പത്തു മണിയ്ക്കു ഇവരുടെ വീട്ടിലെ ചുവന്ന വാഗൺ ആർ കാർ സമീപത്തെ റോഡിലൂടെ കടന്നു പോകുന്നതായി സി.സി.ടി.വി ക്യാമറയിൽ കണ്ടെത്തിയിട്ടുണ്ട്. ഇതോടെ കൊലപാതകം നടന്ന സമയം സംബന്ധിച്ചു പൊലീസിനു വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.

താഴത്തങ്ങാടി പാറപ്പാടം ഷാനി മൻസിലിൽ ഷീബ (60)യെ തലയ്ക്കടിച്ചു കൊലപ്പെടുത്തുകയും, ഭർത്താവ് മുഹമ്മദ് സാലിയെ (65) ക്രൂരമായി ആക്രമിച്ചു പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിലാണ് പൊലീസിനു നിർണ്ണായകമായ സൂചനകൾ ഇപ്പോൾ ലഭിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊലപാതകവിവരം പുറത്തറിഞ്ഞ തിങ്കളാഴ്ച പൊലീസിന്റെ കണക്കു കൂട്ടലുകൾ മുഴുവൻ ഉച്ചയ്ക്കു ശേഷമാണ് കൊലപാതകം നടന്നത് എന്ന രീതിയിലായിരുന്നു. ഉച്ചയ്ക്കു രണ്ടരയോടെ ഷീബയെ വീടിനു പുറത്തു കണ്ടു എന്ന രീതിയിലും പ്രദേശ വാസികളിൽ ചിലർ പൊലീസിനു മൊഴി നൽകിയിരുന്നു. എന്നാൽ, ഇത് മാറ്റി മറിക്കുന്ന നിർണ്ണായക വിവരങ്ങളാണ് പൊലീസിനു സിസിടിവി ക്യാമറാ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ലഭിച്ചത്.

പ്രദേശത്തെ വീടുകളിലെ സിസിടിവി ക്യാമറ പരിശോധിച്ച പൊലീസ് സംഘം കണ്ടത് രാവിലെ പത്തു മണിയോടെ വീടിനു സമീപത്തെ വഴിയിലൂടെ കാർ പ്രധാന വഴിയിലേയ്ക്കു കയറിപ്പോകുന്നതാണ്. ഇത് മാത്രമല്ല ചപ്പാത്തിയും, മുട്ടയും ഉള്ളിക്കറിയും രാവിലെ ഭക്ഷണം പാകം ചെയ്യുന്നതിനായി തയ്യാറാക്കി വച്ചിരുന്നതായിരുന്നു എന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

വീടിന്റെ സ്വീകരണ മുറിയിൽ ചിതറിക്കിടന്ന രക്തം കട്ടപിടിച്ചിരുന്നു. രക്തം കട്ടപിടിച്ച നിലയിൽ കണ്ടെത്തി എന്നത് തന്നെ പൊലീസ് എത്തുമ്പോൾ കൊലപാതകം നടന്നിട്ട് മണിക്കൂറുകൾ കഴിഞ്ഞിരുന്നു എന്ന പൊലീസിന്റെ നിഗമനത്തെ ശരിവയ്ക്കുന്നതാണ്. ചൊവ്വാഴ്ച രാവിലെ നടക്കുന്ന പോസ്റ്റ്‌മോർട്ടത്തിനും, ഇതിനു ശേഷമുള്ള പ്രാഥമിക വിവരങ്ങൾക്കും ശേഷം മാത്രമേ പൊലീസിനു കൃത്യമായ നിഗമനത്തിൽ എത്താൻ സാധിക്കൂ.

വീട്ടിൽ നിന്നും പോയ ചുവന്ന കാർ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം ഇപ്പോൾ പുരോഗമിക്കുന്നത്. ഈ കാറിനായി താഴത്തങ്ങാടി – ഇല്ലിക്കൽ – കുമരകം – കോട്ടയം നഗരം എന്നിവിടങ്ങളിലെ നൂറുകണക്കിന് സിസിടിവി ക്യാമറകൾ രാത്രി തന്നെ പൊലീസ് പരിശോധിച്ചിട്ടുണ്ട്. അധികം വൈകാതെ തന്നെ പ്രതികളെപ്പറ്റി കൃത്യമായ സൂചന ലഭിക്കുമെന്നു ജില്ലാ പൊലീസ് മേധാവി ജി.ജയദേവ് തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു.