റേഷൻ കടകളിൽ തിരിമറി: കൊറോണക്കാലത്തും തട്ടിപ്പും വെട്ടിപ്പും നടത്തി പാവങ്ങളുടെ കഞ്ഞിയിൽ കൈയ്യിട്ടുവാരി റേഷൻ കട ഉടമകൾ; ഒരാഴ്ചയ്ക്കിടെ ജില്ലയിൽ പിടികൂടിയത് രണ്ട് റേഷൻ കടകളിലെ തട്ടിപ്പ്

റേഷൻ കടകളിൽ തിരിമറി: കൊറോണക്കാലത്തും തട്ടിപ്പും വെട്ടിപ്പും നടത്തി പാവങ്ങളുടെ കഞ്ഞിയിൽ കൈയ്യിട്ടുവാരി റേഷൻ കട ഉടമകൾ; ഒരാഴ്ചയ്ക്കിടെ ജില്ലയിൽ പിടികൂടിയത് രണ്ട് റേഷൻ കടകളിലെ തട്ടിപ്പ്

സ്വന്തം ലേഖകൻ

കോട്ടയം: കൊറോണക്കാലത്ത് സാധാരണ ജനം പട്ടിണിയും വറുതിയുമായി വട്ടം ചുറ്റുമ്പോൾ , സാധാരണക്കാരെ കൊള്ളയടിക്കാൻ തട്ടിപ്പിന് വട്ടം കൂട്ടി റേഷൻ കട ഉടമകൾ.

സർക്കാർ സൗജന്യമായി നൽകിയ അരിയിൽ തൂക്കത്തിൽ തട്ടിപ്പ് നടത്തിയാണ് റേഷൻ കട ഉടമകൾ ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നു. തട്ടിപ്പും വെട്ടിപ്പും കണ്ടെത്തിയതോടെ തോട്ടയ്ക്കാട് വില്ലേജ് ഓഫിസിന് സമീപം പുഷ്പമ്മ അഗസ്റ്റിന്റെ ഉടമസ്ഥതയിലുള്ള 83 -ാം നമ്പർ റേഷൻ കട ഇന്നലെ സിവിൽ സപ്ളൈസ് അടച്ച് പൂട്ടി. രണ്ടു ദിവസം ആർപ്പുക്കര പനമ്പാലത്തെ മേരിക്കുട്ടി അലക്സിൻ്റെ പേരിലുള്ള 333 അം നമ്പർ റേഷൻ കടയുടെ ലൈസൻസും സിവിൽ സപ്ളൈസ് സസ്പെൻ്റ് ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ റേഷൻകടയിൽ നിന്നും 10 കിലോ ഗോതമ്പ് കരിഞ്ചന്തയിൽ വിറ്റതായി കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി. കൊറോണക്കാലത്ത് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷൻ വിതരണം ആരംഭിച്ചപ്പോൾ മുതൽ തന്നെ ജില്ലയിലെ സ്ഥിരം പ്രശ്നക്കാരായ റേഷൻ കടകൾക്കെതിരെ പരാതി ഉയർന്നിരുന്നു.

അരിയുടെ തൂക്കത്തിൽ തട്ടിപ്പ് നടത്തുന്നതായാണ് പ്രധാന പരാതി ഉയർന്നത്. ബയോമെട്രിക്ക് സംവിധാനമില്ലാത്തതിനാൽ ഉപഭോക്താക്കൾ വിരലടയാളം പതിപ്പിക്കേണ്ടതില്ല. ഇത് മുതലെടുത്താണ് സംഘം തട്ടിപ്പ് നടത്തുന്നത്. ഈ പേരിൽ വ്യാപകമായി തൂക്കത്തിൽ കൃത്രിമം നടത്തുകയും , വെട്ടിപ്പ് നടത്തുകയും ചെയ്യുന്ന ഇവർ അരി കരിഞ്ചന്തയിൽ മറിച്ചു വിൽക്കുകയും ചെയ്യുന്നത് പതിവാണ്.

അരിയും ഗോതമ്പും മാർക്കറ്റ് വിലയ്ക്ക് മറിച്ച് വിൽക്കുന്നത് പലപ്പോഴും കടയിലെ തന്നെ മറ്റ് റേഷൻ കാർഡ് ഉടമകൾക്കാണ് എന്നും വിജിലൻസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.

ഇതിനിടെ, ജില്ലയില്‍ 70 ശതമാനം കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ റേഷന്‍ വിതരണം ചെയ്തു. ആകെയുള്ള 514568 കാര്‍ഡ് ഉടമകളില്‍ 359503 പേര്‍ ഇതുവരെ റേഷന്‍ വാങ്ങി. സ്റ്റോക്ക് തീരുന്ന മുറയ്ക്ക് എല്ലാ റേഷന്‍ കടകളിലും റേഷന്‍ സാധനങ്ങള്‍ എത്തിച്ചു നല്‍കുന്നുണ്ട്. ഈ മാസം 30 വരെ സൗജന്യ റേഷന്‍ വാങ്ങാവുന്നതാണ്.

റേഷന്‍ വിതരണ പ്രവര്‍ത്തനങ്ങള്‍ ജില്ലയുടെ ചുമതലയുള്ള മന്ത്രി പി. തിലോത്തമന്‍ കഴിഞ്ഞ ദിവസം വിലയിരുത്തി. വൈക്കം മേഖലയിലെ റേഷന്‍ വിതരണ കേന്ദ്രങ്ങളില്‍ മന്ത്രി സന്ദര്‍ശനം നടത്തി.
എല്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കമ്യൂണിറ്റി കിച്ചണുകള്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. 71 ഗ്രാമപഞ്ചായത്തുകളിലായി 78ഉം ആറു മുനിസിപ്പാലിറ്റികളിലായി പത്തും കമ്യൂണിറ്റി കിച്ചണുകളാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഏഴു പഞ്ചായത്തുകളില്‍ രണ്ട് കിച്ചണുകള്‍ വീതമുണ്ട്. തൊഴിലുടമയുടെയോ കെട്ടിട ഉടമയുടെയോ സഹായം ലഭിക്കാത്ത അതിഥി തൊഴിലാളികള്‍ക്ക് ഗ്രാമപഞ്ചായത്തുകള്‍ ഭക്ഷ്യവസ്തുക്കള്‍ ലഭ്യമാക്കുന്നുണ്ട്.