വീടിന് വെളിയില്‍ കളിച്ചു കൊണ്ടിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി; ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ 20കാരന്‍ പൊലീസ് വലയിൽ;കേസില്‍ നിര്‍ണായകമായത് നൂറിലധികം സിസിടിവികള്‍ കേന്ദ്രീകരിച്ചുള്ള പരിശോധന
സ്വന്തം ലേഖകൻ
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രതിയെ പൊലീസ് പിടികൂടി. 36 മണിക്കൂറിനുള്ളിലാണ് 20കാരന്‍ പൊലീസ് വലയിലായത്.
രഘുബീര്‍ നഗര്‍ സ്വദേശിയായ സൂരജാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞ പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്. പോക്‌സോ ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ അനുസരിച്ചാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നൂറിലധികം സിസിടിവികള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ ലഭിച്ച പ്രതിയുടെ ചിത്രമാണ് കേസില്‍ നിര്‍ണായകമായത്. യുവാവിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി രാം മനോഹര്‍ ലോഹിയ ആശുപത്രിയില്‍ ചികിത്സയിലാണ്.
കഴിഞ്ഞദിവസമാണ് ഡല്‍ഹിയെ നടുക്കിയ സംഭവം അരങ്ങേറിയത്. വീടിന് വെളിയില്‍ കളിച്ചു കൊണ്ടിരുന്ന കുട്ടിയെ ഒറ്റപ്പെട്ട സ്ഥലത്തേയ്ക്ക് തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു എന്നാണ് കേസ്.
രക്തം വാര്‍ന്ന നിലയിലാണ് കുട്ടി വീട്ടില്‍ തിരിച്ചെത്തിയതെന്ന് മാതാപിതാക്കള്‍ പറഞ്ഞു. അവര്‍ ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പരിശോധനയില്‍ കുട്ടി പീഡനത്തിന് ഇരയായെന്ന് വ്യക്തമായി.
തുടര്‍ന്ന് നടത്തിയ വിപുലമായ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. 36 മണിക്കൂറിനകം പ്രതി വലയിലായതായി പൊലീസ് പറയുന്നു. നൂറ് കണക്കിന് സിസിടിവികളാണ് പരിശോധിച്ചത്. കുട്ടിയുമായി ബന്ധമുള്ളവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടാതിരുന്നതും പ്രദേശവാസിയല്ലാത്തതും അന്വേഷണത്തിന്റെ തുടക്കത്തില്‍ വെല്ലുവിളി സൃഷ്ടിച്ചു.
ഫോണ്‍ നമ്പറോ, വാഹന നമ്പറോ, ചെയ്യുന്ന തൊഴിലോ തുടങ്ങി പ്രതിയെ തിരിച്ചറിയാന്‍ സഹായിക്കുന്ന ഒരു തുമ്പും തുടക്കത്തില്‍ ലഭിച്ചില്ല. സിസിടിവി ദൃശ്യങ്ങള്‍ വ്യാപകമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയുടെ ചിത്രം ലഭിച്ചതെന്ന് ഡിസിപി പറയുന്നു.