സംവിധായകന്‍ രഞ്ജിത്തിനെതിരായുള്ള ബംഗാളി നടിയുടെ പരാതിയിൽ, സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടും ; എത്ര ഉന്നത സ്ഥാനത്തുള്ള ആളുകളായാലും നടപടി വേണം ; വനിത കമ്മീഷന്‍ അധ്യക്ഷ പി സതീദേവി
സംവിധായകന്‍ രഞ്ജിത്തിനെതിരായുള്ള ബംഗാളി നടിയുടെ പരാതിയില്‍ പ്രതികരണവുമായി വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി.
കുറ്റം ചെയ്‌തെന്ന ആരോപണം തെളിയുന്ന പക്ഷം എത്ര ഉന്നത സ്ഥാനത്തുള്ള ആളുകളായാലും നടപടി എടുക്കണമെന്നതാണ് വനിതാ കമ്മീഷന്റെ അഭിപ്രായമെന്ന് സതീദേവി പറഞ്ഞു. നടിയുടെ ആരോപണം അന്വേഷിക്കണം. ആരോപണം തെളിഞ്ഞാല്‍ ഇത്തരത്തിലുള്ള തെറ്റായ പ്രവര്‍ത്തനങ്ങള്‍ ചെയ്തിട്ടുള്ള ആളുകള്‍ ഉന്നത സ്ഥാനത്തിരിക്കുന്നത് ഒരുതരത്തിലും ഉചിതമല്ല – അവര്‍ പറഞ്ഞു.
ആരോപണം ഉയര്‍ന്നു വന്നിട്ടുള്ള പശ്ചാത്തലത്തില്‍, പ്രത്യേകിച്ച് അധികാരസ്ഥാനത്തിരിക്കുന്നയാള്‍ക്കെതിരായത് കൊണ്ട് തന്നെ നിജസ്ഥിതി ആരാഞ്ഞുകൊണ്ട് കമ്മീഷന്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെടും. പ്രാഥമിക പരിശോധന നടത്തിക്കൊണ്ട് നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയാറാകും എന്നാണ് കരുതുന്നത്. പരാതിക്കാരിക്ക് നിയമ പരിരക്ഷ ലഭിക്കണം – അവര്‍ പറഞ്ഞു.
ആര്‍ജ്ജവത്തോടെ പരാതിപ്പെടാന്‍ അപമാനം നേരിട്ടുള്ള ആരും മുന്നോട്ട് വരണം, നിയമ പരിരക്ഷ ഉറപ്പുവരുത്തേണ്ടതായിട്ടുണ്ട്, അതിനുള്ള ആത്മധൈര്യം ഏത് മേഖലയിലായാലും സ്ത്രീകള്‍ കാണിക്കണം എന്നതാണ് വനിതാ കമ്മീഷന്റെ അഭിപ്രായമെന്നും അധ്യക്ഷ വ്യക്തമാക്കി.