
ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളുടെ കൂട്ടത്തിലേക്ക് പുതിയൊരെണ്ണം കൂടി കണ്ടെത്തി ഗവേഷകർ. തുടർച്ചയായി മലബന്ധം അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഹൃദയാഘാതത്തിന്റെ ലക്ഷണമാകാം എന്ന് പുതിയ പഠനത്തില്‍ പറയുന്നു.
മൂന്നോ അതിലധികമോ ദിവസമായി തുടരുന്ന മലബന്ധം ശ്രദ്ധിക്കേണ്ടതാണെന്നും അത് ഹൃദയാഘാതം ഉള്‍പ്പെടെയുള്ള പല ഹൃദ്രോഗങ്ങളുടെയും ലക്ഷണമാകാമെന്നാണ് ഗവേഷകർ കണ്ടെത്തിയത്.
ആഴ്ചയില്‍ മൂന്നുദിവസം തുടർച്ചയായി അനുഭവപ്പെടുന്നതോ, അല്ലെങ്കില്‍ ആഴ്ചയില്‍ കുറഞ്ഞത് മൂന്നുതവണയോ മലബന്ധം അനുഭവപ്പെടുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കണമെന്നാണ് ഗവേഷകർ പറയുന്നത്. സമ്മർദം അനുഭവിക്കുന്നതിന്റെ ഭാഗമായി മലബന്ധം ഉണ്ടാകാമെങ്കിലും ചിലഘട്ടങ്ങളില്‍ ഹൃദ്രോഗത്തിന്റെ ഭാഗമായും ഈ ലക്ഷണമുണ്ടാകാം എന്നാണ് ഗവേഷകർ പറയുന്നത്. തുടർച്ചയായി മലബന്ധം ഉണ്ടാകുന്നത് പക്ഷാഘാതം, ഹൃദയാഘാതം, ഹൃദ്രോഗങ്ങള്‍ എന്നിവയ്ക്ക് കാരണമാകാം. ഓസ്ട്രേലിയയിലെ മെല്‍ബോണിലുള്ള മൊനാഷ് സർവകലാശാലയിലെ ഗവേഷകരാണ് പഠനത്തിനുപിന്നില്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പുകയില, അമിതവണ്ണം, ഹൈപ്പർടെൻഷൻ തുടങ്ങിയവ ഹൃദ്രോഗങ്ങളിലേക്ക് നയിക്കുന്ന പ്രധാനഘടകങ്ങളാണെന്നത് മിക്കവർക്കും അറിയുന്ന കാര്യമാണ്. എന്നാല്‍ മലബന്ധവും ഹൃദയാഘാതവും തമ്മിലുള്ള ബന്ധത്തേക്കുറിച്ച് പഠനം നടത്തുകയായിരുന്നു ഗവേഷകർ. ഇതിനായി യു.കെ.യില്‍ നിന്നുള്ള 408,354 പേരുടെ ആരോഗ്യവിവരങ്ങള്‍ ശേഖരിച്ചു. ഇവരില്‍ 23814 പേർ മലബന്ധം അനുഭവിക്കുന്നവരായിരുന്നു. ഇക്കൂട്ടരില്‍ ഹൃദ്രോഗസാധ്യത കൂടുതലാണെന്ന് ഗവേഷകർ പറയുന്നു. മലബന്ധം ഉള്ളവരില്‍ ഉയർന്ന രക്തസമ്മർദവും അതിനോട് അനുബന്ധിച്ച് ഹൃദ്രോഗങ്ങളും കൂടുതലായി കണ്ടുവെന്ന് ഗവേഷകർ വ്യക്തമാക്കി.
ലോകജനസംഖ്യയില്‍ പതിന്നാല് ശതമാനം പേരെ മലബന്ധം ബാധിക്കുന്നുണ്ടെന്നും അതിലേറെയും പ്രായംകൂടിയവരും സ്ത്രീകളുമാണെന്നും പഠനത്തില്‍ പറയുന്നുണ്ട്. ഈ സാഹചര്യത്തില്‍ കുടലിന്റെ ആരോഗ്യവും ഹൃദയാരോഗ്യവും തമ്മില്‍ വരുംകാലങ്ങളില്‍ കൂടുതല്‍ പഠനം നടക്കേണ്ടത് പ്രധാനമാണെന്നും ഗവേഷകർ പറയുന്നുണ്ട്.
മലബന്ധം അനുഭവിക്കുന്നവരില്‍ ശ്വാസോച്ഛ്വാസം ക്രമരഹിതമാവുകയും ഇത് രക്തസമ്മർദത്തിലേക്ക് നയിക്കുകയും ചെയ്യുമെന്ന് വിദഗ്ധർ പറയുന്നു. രക്തസമ്മർദം കൂടുന്നതുവഴി ഹൃദ്രോഗസാധ്യതകളും വർധിക്കുമെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍. കൂടാതെ സ്ഥിരമായി മലബന്ധം ഉള്ളവരില്‍ ദഹനം, ഹൃദയമിടിപ്പ്, ശ്വാസോച്ഛ്വാസം തുടങ്ങിയവയെ നിയന്ത്രിക്കുന്ന വേഗസ് നേർവിന്റെ പ്രവർത്തനം തകരാറിലാവുകയും അതുവഴി ഹൃദയാഘാതമുണ്ടാവുകയും ചെയ്യാമെന്ന് വിദഗ്ധർ പറയുന്നു.
മലബന്ധം ഒഴിവാക്കാനായി ദിവസവും എട്ടുഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. നാരുകളുള്ള വിഭവങ്ങള്‍ ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തണം. മലം കൂടുതലായി ഉണ്ടാകുവാനും മലശോധന സുഗമമാക്കുവാനും നാരുകള്‍ സഹായിക്കും. ഇലക്കറികള്‍, പഴവർഗങ്ങള്‍, പച്ചക്കറികള്‍, തവിടുകളയാത്ത ധാന്യം എന്നിവയില്‍ നാരുകള്‍ സമൃദ്ധമായി അടങ്ങിയിട്ടുണ്ട്. മലശോധനയ്ക്കുള്ള തോന്നലുണ്ടായാല്‍ പിടിച്ചു വയ്ക്കരുത്. കൃത്യസമയംതന്നെ മലശോധനയ്ക്കായി മാറ്റിവയ്ക്കാൻ ശീലിക്കണം. ദിവസവും രാവിലെ അരമണിക്കൂർ വ്യായാമം ചെയ്യുന്നത് ദഹനവും ശോധനയും സുഗമമാക്കും.
നാരുകളില്ലാത്ത ഫാസ്റ്റ്ഫുഡ്, ജങ്ക്ഫുഡ് വിഭവങ്ങള്‍ ഒഴിവാക്കണം. ചുവന്ന മാംസവും കൊഴുപ്പ് അമിതമായി അടങ്ങിയ ഭക്ഷണ വിഭവങ്ങളും വറപൊരി സാധനങ്ങളും ഒഴിവാക്കണം. ഭക്ഷണരീതിയിലും ജീവിതശൈലിയിലുമുള്ള മാറ്റങ്ങള്‍കൊണ്ടും മലബന്ധം മാറിയില്ലെങ്കില്‍ മാത്രമേ മരുന്നുകളെ ആശ്രയിക്കാവൂ. കാരണം ഇവയില്‍ പലതും മരുന്നിനോടുള്ള വിധേയത്വമുണ്ടാക്കാനിടയുണ്ട്. രക്തപരിശോധന നടത്തി തൈറോയ്ഡിന്റെ പ്രവർത്തനവും വിലയിരുത്തണം.
ശ്രദ്ധിക്കേണ്ട പ്രാരംഭ ഹൃദ്രോഗ സൂചനകള്‍ എന്തൊക്കെയാണ്?
ഹൃദ്രോഗം പോലെ ജീവിതശൈലി പ്രശ്നങ്ങള്‍ കൊണ്ടുണ്ടാകുന്ന മിക്ക രോഗങ്ങളും വളരെ സാവധാനത്തില്‍ ഗുരുതരമായിത്തീരുകയാണ് ചെയ്യുന്നത്. ഹൃദയധമനികളില്‍ കൊഴുപ്പ് സാവധാനം അടിഞ്ഞ് ബ്ലോക്ക് ഉണ്ടാകുന്ന സ്ഥിതിയിലേക്ക് എത്തിച്ചേരുവാൻ പത്തോ ഇരുപതോ ചിലപ്പോള്‍ അതിലധികമോ വർഷങ്ങള്‍ തന്നെ എടുത്തേക്കാം. ചിലപ്പോള്‍ 20 അല്ലെങ്കില്‍ 25 വയസ്സില്‍ ആയിരിക്കും രോഗാവസ്ഥയുടെ ആദ്യപടികള്‍ ശരീരത്തില്‍ കണ്ടു തുടങ്ങുന്നത്. പക്ഷേ ഈ സമയത്ത് ഇത് യാതൊരു തരത്തിലുള്ള രോഗലക്ഷണങ്ങളും സാധാരണയായി കാണിക്കാറില്ല.
പ്രാഥമിക പരിശോധനയില്‍ നിന്ന് ഹൃദ്രോഗ സാധ്യതകള്‍ തിരിച്ചറിയാൻ പോലും യഥാർഥത്തില്‍ കഴിയുകയില്ല. എന്നാല്‍ ഏതാനും വർഷങ്ങള്‍ കഴിയുമ്ബോഴേക്കും ചില ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നു. ഈ ലക്ഷണങ്ങളെയും ചിലപ്പോള്‍ നമുക്ക് തിരിച്ചറിയാൻ സാധിക്കാതെ വരാറുണ്ട്. വളരെ ക്ലാസിക്കല്‍ ആയ ഹൃദ്രോഗ ലക്ഷണങ്ങള്‍ (Typical Symptoms) ആരംഭിക്കുമ്ബോള്‍ മാത്രമാണ് അതൊരു ഹൃദ്രോഗ സൂചനയായി പലപ്പോഴും നാം തിരിച്ചറിയുന്നത്. നടക്കുമ്ബോള്‍ ശക്തമായ കിതപ്പ്, ജോലി ചെയ്യുമ്ബോഴോ ഭാരം എടുക്കുമ്ബോഴോ അനുഭവപ്പെടുന്ന നെഞ്ചുവേദന എന്നിവ സാധാരണയായി ഹൃദ്രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങളായി കരുതപ്പെടുന്നു.
എന്നാല്‍, ഇതിനു മുമ്ബേ ഹൃദ്രോഗസാധ്യത സംശയിക്കേണ്ട ചില സൂചനകള്‍ തിരിച്ചറിയപ്പെടേണ്ടതുണ്ട്. അമിതമായ ക്ഷീണം, ജോലി ചെയ്യുമ്ബോഴോ ഭാരം എടുക്കുമ്ബോഴോ ഇടതുകൈയില്‍ ഉണ്ടാകുന്ന കടച്ചില്‍, അമിതമായ വിയർപ്പ്, കഴുത്ത് പിടിച്ചുമുറുക്കുന്നത് പോലെയുള്ള വേദന, അധ്വാനം ചെയ്യുമ്ബോള്‍ ഉണ്ടാകുന്ന കണ്ണില്‍ ഇരുട്ട് അടയ്ക്കല്‍ അല്ലെങ്കില്‍ ബോധക്കേട് എന്നിവ ഹൃദ്രോഗത്തിന്റെ വിദൂര സൂചനകളായി മനസ്സിലാക്കേണ്ടതുണ്ട്. ഭാരപ്പെട്ട ജോലികള്‍ ചെയ്യുമ്ബോള്‍ നെഞ്ചില്‍ പതിവായി അസ്വസ്ഥത ഉണ്ടാകുകയും വിശ്രമിക്കുമ്ബോള്‍ വേദനയ്ക്ക് ആശ്വാസം ലഭിക്കുകയും ചെയ്യുന്നവർ തീർച്ചയായും വൈദ്യോപദേശം തേടേണ്ടതാണ്. നെഞ്ചരിച്ചില്‍ പ്രശ്നങ്ങളായോ ഗ്യാസിന്റെ ബുദ്ധിമുട്ടായോ അവയെ അവഗണിക്കരുത്.







