രാജു നാരായണ സ്വാമിയെ പിരിച്ചു വിടാൻ സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്ത് നൽകി

രാജു നാരായണ സ്വാമിയെ പിരിച്ചു വിടാൻ സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്ത് നൽകി

സ്വന്തം ലേഖിക

 

തിരുവനന്തപുരം: അഡീഷണൽ ചീഫ് സെക്രട്ടറി പദവിയിലുള്ള കേരള കേഡർ ഐ.എ.എസ്. ഉദ്യോഗസ്ഥൻ രാജു നാരായണസ്വാമിക്ക് നിർബന്ധിത പിരിച്ചുവിടൽ നൽകാൻ സംസ്ഥാന സർക്കാർ കേന്ദ്രത്തിനു ശിപാർശ നൽകി. ഇതു സംബന്ധിച്ച അടിയന്തര സന്ദേശം കേന്ദ്ര പഴ്‌സണൽ മന്ത്രാലയത്തിന് അയച്ചുകൊടുത്തു.ഐ.എ.എസ്. ഉദ്യോഗസ്ഥനെന്ന നിലയിലെ പ്രവർത്തനങ്ങൾ വിശദമായി വിലയിരുത്തിയാണു സംസ്ഥാന സർവീസുകളിലെ ഉയർന്ന ഉദ്യോഗസ്ഥരടങ്ങിയ സമിതിയുടെ തീരുമാനം.സംസ്ഥാന, കേന്ദ്ര സർവീസുകളിലിരിക്കെ നിരുത്തരവാദപരമായും അച്ചടക്കമില്ലാതെയും പ്രവർത്തിച്ചെന്നു സമിതി കണ്ടെത്തി. സുപ്രധാന തസ്തികകൾ വഹിക്കുമ്പോഴും പലപ്പോഴും ഓഫീസിൽ എത്തിയിരുന്നില്ല. അടുത്തിടെ കേന്ദ്ര സർവീസിൽനിന്ന് സംസ്ഥാന സർവീസിലേക്കു തിരിച്ചുവന്ന കാര്യം സർക്കാരിനെ അറിയിച്ചില്ല. ഡൽഹിയിൽ നാളികേര വികസന ബോർഡ് ചെയർമാൻ പദവിയിൽനിന്ന് മൂന്നു മാസം മുമ്പ് വിരമിച്ച അദ്ദേഹം എവിടെയാണെന്നു സർക്കാർ രേഖകളിലില്ല. ഒളിവു ജീവിതത്തെപ്പറ്റി ഇതുവരെ വിവരമൊന്നുമില്ലെന്നു സമിതി നിരീക്ഷിച്ചു.കേരളത്തിൽ ഐ.എ.എസ്. ഉദ്യോഗസ്ഥനെ പിരിച്ചുവിടുന്നത് ആദ്യമായാണ്. സർവീസിൽ പത്തു വർഷം കൂടി ശേഷിക്കെയാണു പുറത്താകുന്നത്.സ്‌കൂൾ പഠനകാലം മുതൽ ഒന്നാം റാങ്കുകളുടെ കൂട്ടുകാരനായിരുന്നു രാജു നാരായണസ്വാമി. എസ്.എസ്.എൽ.സി, പ്രീഡിഗ്രി, ഗേറ്റ്, ഐ.ഐ.ടി.ഫൈനൽ പരീക്ഷകളിലെ ഒന്നാം റാങ്ക് സിവിൽ സർവീസ് പരീക്ഷയിലും ആവർത്തിച്ചു. സംസ്ഥാനത്ത് അഞ്ചു ജില്ലകളിൽ കലക്ടറായിരുന്നു. മുൻമന്ത്രി ടി.യു. കുരുവിളയുടെ ഭൂമി കുംഭകോണത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിച്ചത് രാജു നാരായണസ്വാമിയായിരുന്നു.