അഴിമതിക്കെതിരെ പോരാടിയതിനുള്ള സമ്മാനം ;പിരിച്ചു വിടാനുള്ള സർക്കാർ നടപടിക്കെതിരെ രാജു നാരായണ സ്വാമി

അഴിമതിക്കെതിരെ പോരാടിയതിനുള്ള സമ്മാനം ;പിരിച്ചു വിടാനുള്ള സർക്കാർ നടപടിക്കെതിരെ രാജു നാരായണ സ്വാമി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ രാജു നാരായണ സ്വാമിയെ സംസ്ഥാന സർക്കാർ പിരിച്ചുവിടാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്. അഡീഷണൽ ചീഫ് സെക്രട്ടറി പദവിയിലുള്ള ഇദ്ദേഹത്തെ പിരിച്ചുവിടാനുള്ള ശുപാർശ സംസ്ഥാന സർക്കാർ കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തിന് നൽകി.എന്നാൽ, സിവിൽ സർവീസിൽ നിന്നും പിരിച്ചുവിടാൻ സർക്കാർ ശുപാർശ ചെയ്തു എന്ന വാർത്തയെ കുറിച്ച് അറിയില്ലെന്ന് രാജു നാരായണസ്വാമി പ്രതികരിച്ചു. സംസ്ഥാന സർക്കാർ ശുപാർശ ചെയ്തു എന്ന കാര്യം മാദ്ധ്യമങ്ങളിലൂടെ മാത്രമാണ് അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. തന്നെവേട്ടയാടുകയാണെന്നും അഴിമതിക്കെതിരായ പോരാട്ടത്തിനുള്ള സമ്മാനമാണിതെന്നും രാജു നാരായണ സ്വാമി കൂട്ടിച്ചേർത്തു. അതേസമയം, പിരിച്ചുവിടാനുള്ള ശുപാർശയെ കുറിച്ച് അറിയില്ലെന്ന് മന്ത്രി തോമസ് ഐസക് പ്രതികരിച്ചു.അച്ചടക്ക രാഹിത്യം ആരോപിച്ചാണ് രാജുനാരായണ സ്വാമിയെ പിരിച്ചുവിടാൻ സംസ്ഥാനം കേന്ദ്രത്തോട് ശുപാർശ ചെയ്തത്. കേന്ദ്ര- സംസ്ഥാന സർവീസുകളിലെ മുതിർന്ന ഉദ്യോഗസ്ഥരടങ്ങിയ സമിതിയുടെതാണ് തീരുമാനം. നേരത്തെ നാളികേര വികസന ബോർഡ് ചെയർമാനായിരുന്ന രാജുനാരായണ സ്വാമിയെ കാലാവധി പൂർത്തിയാവുന്നതിന് മുമ്പ് സംസ്ഥാന സർക്കാർ തിരിച്ചുവിളിച്ചിരുന്നു. ഇതിനെതിരെ അദ്ദേഹം സെൻട്രൽ അഡ്മിനിസ്ട്രേറ്രീവ് ടൈബ്യൂണലിനെ സമീപിച്ചിരുന്നു. 2018 ജൂലായ് 17നായിരുന്നു ഇദ്ദേഹത്തെ നാളികേര ബോർഡ് ചെയർമാനായി നിയോഗിച്ചത്.2018 ആഗസ്ത് 8 ന് ചുമതലയേറ്റെടുക്കുകയും ചെയ്തു. ചുരുങ്ങിയത് ഈ വർഷം ആഗസ്ത് 8 വരെ കാലാവധിയുണ്ടായിരിക്കേയാണ് മാർച്ചിൽ സംസ്ഥാന സർക്കാർ ഇദ്ദേഹത്തെ തിരിച്ചുവിളിച്ചത്. ഐ.എ. എസ് ഉദ്യോഗസ്ഥരെ രണ്ടു വർഷത്തിനുള്ളിൽ തിരിച്ചുവിളിക്കാൻ പാടില്ലെന്നാണ് ചട്ടം. മറിച്ച് ചെയ്യണമെങ്കിൽ റിട്ടയർമെന്റ്, സ്ഥാനക്കയറ്രം, ഡെപ്യൂട്ടേഷൻ, രണ്ടു മാസത്തിലധികം നീളുന്ന ട്രെയിനിംഗ് എന്നിവ ഉണ്ടാകണം.സിവിൽ സർവീസ് ബോർഡോ പ്രത്യേക കമ്മിറ്രിയോ കൂടി വേണം തിരിച്ചുവിളിക്കാൻ. ഇതേ തുടർന്ന് തിരിച്ചുവിളിക്കൽ സ്‌റ്രേ ചെയ്തിരുന്നു. നാളികേര വികസന ബോർഡിൽ ചുമതലയേറ്റെടുത്ത് രണ്ട് മാസത്തിനകം രാജുനാരായണ സ്വാമിക്ക് വധഭീഷണി ലഭിച്ചിരുന്നു. അഴിമതിയാരോപണത്തെ തുടർന്ന് ബാംഗ്ലൂർ റീജനൽ ഓഫീസിലെ രണ്ട് ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ചതിനെ തുടർന്നായിരുന്നു നടപടി.