ബ്രേക്കിന്  പകരം അമർത്തിയത് ആക്‌സിലേറ്ററിൽ: മൂവാറ്റുപുഴയിൽ സ്‌കൂൾ അസംബ്ലിയിൽ യോഗ ദിന പരിപാടിയിലേയ്ക്ക് കാർ പാഞ്ഞുകയറി: 11 വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പരിക്കേറ്റു

ബ്രേക്കിന് പകരം അമർത്തിയത് ആക്‌സിലേറ്ററിൽ: മൂവാറ്റുപുഴയിൽ സ്‌കൂൾ അസംബ്ലിയിൽ യോഗ ദിന പരിപാടിയിലേയ്ക്ക് കാർ പാഞ്ഞുകയറി: 11 വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പരിക്കേറ്റു

സ്വന്തം ലേഖകൻ

തൊടുപുഴ: ബ്രേക്കിന് പകരം ആക്‌സിലേറ്റർ അമർത്തിയതോടെ സ്‌കൂൾ അസംബ്ലിയിലേയ്ക്ക് കാർ പാഞ്ഞു കയറി. സ്‌കൂളിലെ യോഗാ ദിന പരിപാടികൾക്കായി കുട്ടികൾ തയ്യാറെടുക്കുന്നതിനിടെയാണ് മൂവാറ്റുപുഴയിലെ വിവേകാനന്ദ സ്‌കൂളിന്റെ അസംബ്ലിയിലേയ്ക്ക് കാർ പാഞ്ഞു കയറിയത്. 11 കുട്ടികൾക്കും രണ്ട് അദ്ധ്യാപകർക്കും അപകടത്തിൽ പരിക്കേറ്റു. അപകടത്തിൽ സാരമായി പരിക്കേറ്റ ഒരു അദ്ധ്യാപികയെയും, രണ്ടു വിദ്യാർത്ഥികളെയും മൂവാറ്റുപുഴ നിർമ്മല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച രാവിലെ 10 മണിയോടെയായിരുന്നു അപകടം.
സ്‌കൂൾ അഡ്മിനിസ്‌ട്രേറ്റർ കൃഷ്ണകുമാറിന്റെ വാഹനമാണ് അസംബ്ലിയിലേയ്ക്ക് പാഞ്ഞു കയറിയത്. സ്‌കൂളിലേയ്ക്ക് കൃഷ്ണകുമാർ വരുമ്പോൾ കാർ ഓടിച്ചിരുന്നത് ശ്രീകുമാർ വർമ്മ എന്നയാളായിരുന്നു. കാർ സ്‌കൂളിന്റെ ഗേറ്റ് കടക്കുമ്പോൾ തൊട്ടടുത്തുള്ള ഓഡിറ്റോറിയത്തിലേയ്ക്ക് പോകാൻ വിദ്യാർത്ഥികൾ വരിവരിയായി നിൽക്കുകയായിരുന്നു. ഇതിനിടെയിലേയ്ക്കാണ് കൃഷ്ണകുമാറിന്റെ കാർ വിദ്യാർത്ഥികൾക്ക് ഇടയിലേയ്ക്ക് പാഞ്ഞു കയറിയത്.
ഓടിക്കൂടിയ നാട്ടുകാരും അദ്ധ്യാപകരും വിദ്യാർത്ഥകളും ചേർന്നാണ് പരിക്കേറ്റവരെ രക്ഷപെടുത്തി രക്ഷാപ്രവർത്തനം നടത്തിയത്. തുടർന്ന് ഇവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ല. കാർ ഓടിച്ച ഡ്രൈവർക്കെതിരെ കേസെടുത്തിട്ടുണ്ട്.