അന്നേ പൃഥ്വിരാജ് പറഞ്ഞു; സംഘപരിവാറിനെതിരെ; ലൂസിഫറിൽ എന്തുകൊണ്ടു ബി.ജെ.പി വന്നില്ല; പൃഥ്വിരാജിന്റെ തുറന്നു പറച്ചിൽ ഇങ്ങനെ
തേർഡ് ഐ ബ്യൂറോ
കോട്ടയം: ലക്ഷദ്വീപിന്റെ പേരിൽ പൃഥ്വിരാജിനെ വളഞ്ഞിട്ടാക്രമിക്കുന്ന സംഘപരിവാറിന് നേരത്തെ തന്നെ താരം മറുപടി നൽകിയിരുന്നു. ലൂസിഫറിൽ എന്തുകൊണ്ട് ബി.ജെ.പിയും നേതാക്കളും കഥാപാത്രമായില്ല എന്ന ചോദ്യത്തിനാണ് പൃഥ്വിരാജ് മറ്റൊരു അഭിമുഖത്തിൽ മറുപടി നൽകിയത്.
ലക്ഷദ്വീപിലെ അഡ്മിനിസ്‌ട്രേറ്റർ പ്രഭുൽ ഖോഡ പട്ടേലിന്റെ ഭരണനയങ്ങൾക്കെതിരെ തന്റെ സോഷ്യൽ മീഡിയാ പോസ്റ്റിലൂടെയാണ് നടനും സംവിധായകനുമായ പൃഥ്വിരാജ് രംഗത്തുവന്നതിന് പിന്നാലെയാണ് ഇദ്ദേഹത്തിന് നേരെ സൈബർ ആക്രമണം ശക്തമായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതേതുടർന്ന് സംഘപരിവാറിൽ നിന്നും സൈബർ ആക്രമണം നേരിട്ട പൃഥ്വിരാജിന് പിന്തുണയുമായി നിരവധി പേർ രംഗത്ത് എത്തിയിരുന്നു.
അരുൺ ഗോപി, മിഥുൻ മാനുവൽ തോമസ്, നടന്മാരായ അജു വർഗീസ്, ആന്റണി വർഗീസ്, മുൻ എം എൽ എ വി ടി ബൽറാം തുടങ്ങിയവർ സോഷ്യൽ മീഡിയ വഴിയാണ് നടനെ പിന്തുണച്ചത്.
ഈ സാഹചര്യത്തിൽ, താൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായ ലൂസിഫറിൽ നിന്നും ബിജെപിയെയും സംഘപരിവാറിനെയും ഒഴിവാക്കിയതിന്റെ കാരണമെന്തെന്ന് പറഞ്ഞുകൊണ്ടുള്ള പൃഥ്വിരാജിന്റെ വാക്കുകൾ വീണ്ടും പ്രസക്തമാകുകയാണ്. ഓൺലൈൻ മാദ്ധ്യമമായ ‘ദ ക്യൂ’വിന് നൽകിയ അഭിമുഖത്തിലാണ് ഇതിനുള്ള കാരണം വ്യക്തമാക്കുന്നത്. ഇന്നത്തെ സാഹചര്യത്തിൽ കേരളത്തിലെ രാഷ്ട്രീയത്തെ കുറിച്ച് സംസാരിക്കുമ്പോൾ നമുക്ക് രണ്ട് രാഷ്ട്രീയ ശക്തികളെ കുറിച്ച് മാത്രമാണ് പരാമർശിക്കാൻ സാധിക്കുക എന്നാണ് 2020 മേയിൽ പുറത്തുവന്ന ഈ അഭിമുഖത്തിൽ പൃഥ്വിരാജ് പറയുന്നത്.
പൃഥ്വിരാജിന്റെ വാക്കുകൾ:
‘പ്രധാനമായും രണ്ട് രാഷ്ട്രീയ ശക്തികളെ കുറിച്ച് മാത്രമേ പറയാൻ കഴിയുകയുള്ളൂ. ഒരു ഭരണപക്ഷവും ഒരു പ്രതിപക്ഷവും. ഇനി മൂന്നാമതൊരു രാഷ്ട്രീയ ശക്തി നമ്മുടെ സമൂഹത്തിലോ നമ്മുടെ പൊളിറ്റിക്കൽ ലാൻഡ്‌സ്‌കേപ്പിലോ ഒരു വലിയ ശക്തിയായി ഉടലെടുക്കുകയാണെങ്കിൽ, അന്നൊരു പൊളിറ്റിക്കൽസിനിമ ഞാൻ ചെയ്യുകയാണെങ്കിൽ അതിനെയും ഞാൻ പരാമർശിക്കും.
ഇതേ സിനിമ രാജസ്ഥാനിലോ മഹാരാഷ്ട്രയിലോ ഗുജറാത്തിലോ ആണ് പ്‌ളേസ് ചെയ്യുന്നതെങ്കിൽ വേറൊരു ലാൻഡ്‌സ്‌കേപ്പ് ആയിരിക്കും സിനിമയ്ക്ക് ഉണ്ടാകുക’