

കെ.കെ റോഡിലെ മേൽപ്പാലം നാലുവരിയായാൽ പാത ഇരട്ടിപ്പിക്കൽ വൈകും: പറഞ്ഞ സമയത്ത് പണി തീരില്ലെന്ന് റെയിൽവേ
സ്വന്തം ലേഖകൻ
കോട്ടയം: കഞ്ഞിക്കുഴിയിലെ മേൽപ്പാലം നാലുവരിയാക്കുന്നതിൽ ഇടങ്കോലുമായി റെയിൽവേ രംഗത്ത്. മേൽപ്പാലം നാലുവരിയാക്കുന്നതിനുള്ള തുക സർക്കാർ കണ്ടെത്താമെന്നറിയിച്ചിട്ടും റെയിൽവേ ഇപ്പോൾ ഉടക്കുമായി രംഗത്ത് എത്തിയിരിക്കുകയാണ്. മേൽപ്പാലം നാലുവരിയിൽ നിർമ്മാണം നടത്തിയാൽ ഇത് റെയിൽവേയുടെ പാത ഇരട്ടിപ്പിക്കൽ ജോലികൾ വൈകിപ്പിക്കുമെന്ന ആരോപണമാണ് ഇപ്പോൾ റെയിൽവേ അധികൃതർ ഉന്നയിരിച്ചിരിക്കുന്നത്. ഇത് പാത ഇരട്ടിപ്പിക്കൽ ജോലികളെ പിന്നോട്ടടിക്കും. നിലവിൽ കോട്ടയത്തെ റെയിൽവേ മേൽപാലങ്ങൾ ഉൾപ്പെടെയുള്ള നിർമാണം പൂർത്തിയാക്കി 2020 മാർച്ച് 31ന് പാതയിരട്ടിപ്പിക്കൽ പൂർത്തിയാക്കാൻ കഴിയില്ലെന്നാണ് റെയിൽവേ അധികൃതരുടെ വിലയിരുത്തൽ. റെയിൽവേ പാത ഇരട്ടിപ്പിക്കലിെൻറ ഭാഗമായി കഞ്ഞിക്കുഴിയിൽ രണ്ടുവരി മേൽപാലം നിർമിക്കുന്നതിന് പ്രാരംഭനടപടികൾ ആരംഭിച്ചഘട്ടത്തിലാണ് നാലുവരിപ്പാല പണിയണമെന്ന് സർക്കാർ ഉത്തരവിറങ്ങിയത്. സി.പി.എം ജില്ല സെക്രട്ടറി വി.എൻ. വാസവെൻറ നേതൃത്വത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ, ദക്ഷിമേഖല റെയിൽവേ ചീഫ് എൻജീനിയർ എന്നിവർക്ക് നിവേദനം നൽകിയതിനെത്തുടർന്ന് നേരത്തെ വിദഗ്ധസംഘം സ്ഥലം സന്ദർശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മേൽപാലം നാലുവരിയായി നിർമിക്കാൻ ഉത്തരവ് ഇറങ്ങിയത്.