സമയം അവസാനിച്ചു…! പുതുപ്പളളിയില്‍ ലഭിച്ചത് പത്ത് നാമനിര്‍ദ്ദേശ പത്രികകള്‍; മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം ആറ് സ്വതന്ത്രരും പിന്നെ ആപ്പും; ജെയ്ക്കിനും ചാണ്ടി ഉമ്മനും അപരന്മാരില്ല

സമയം അവസാനിച്ചു…! പുതുപ്പളളിയില്‍ ലഭിച്ചത് പത്ത് നാമനിര്‍ദ്ദേശ പത്രികകള്‍; മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം ആറ് സ്വതന്ത്രരും പിന്നെ ആപ്പും; ജെയ്ക്കിനും ചാണ്ടി ഉമ്മനും അപരന്മാരില്ല

സ്വന്തം ലേഖിക

കോട്ടയം: മുൻ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയുടെ മരണത്തെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളി നിയോജക മണ്ഡലത്തില്‍ നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണത്തിനുള്ള സമയ പരിധി അവസാനിച്ചു.

ഇതുവരെ 10 പത്രികകളാണ് ലഭിച്ചത്. എല്‍ഡിഎഫ്, യുഡിഎഫ്, എൻഡിഎ മുന്നണി സ്ഥാനാര്‍ഥികളെ കൂടാതെ ആറ് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും ആം ആദ്മി പാര്‍ട്ടിയും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലൂക്ക് തോമസാണ് ആപ് സ്ഥാനാര്‍ഥി. ഇടത് സ്ഥാനാര്‍ഥി ജെയ്ക്ക് സി തോമസിന്റെ ഡമ്മിയായി സി പി എം നേതാവ് റെജി സഖറിയയും പത്രിക നല്‍കി. പ്രമുഖ സ്ഥാനാര്‍ഥികളുടെ പേരിനോട് സാമ്യമുള്ള ആരും പത്രിക നല്‍കിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനായി ജെയ്ക് സി തോമസും യുഡിഎഫിന് വേണ്ടി ചാണ്ടി ഉമ്മനും എൻഡിഎയ്ക്ക് വേണ്ടി ലിജിൻ ലാലുമാണ് മത്സര രംഗത്തുള്ളത്. രണ്ട് തവണ ഉമ്മൻചാണ്ടിയോട് തോറ്റ ജെയ്ക്ക് മൂന്നാം അങ്കത്തിനായാണ് ഇറങ്ങുന്നത്.

സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് നല്‍കിയ ഒറ്റപേര് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിക്കുകയായിരുന്നു. ഉമ്മൻചാണ്ടിയുടെ മകൻ തന്നെ ഉപതെരഞ്ഞെടുപ്പില്‍ അങ്കത്തിന് ഇറങ്ങുന്ന സാഹചര്യത്തില്‍ വലിയ പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത് അല്‍പ്പം വൈകിയാണെങ്കിലും പരമാവധി വോട്ടുകള്‍ പിടിക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി സ്ഥാനാര്‍ത്ഥി.