എസ് എഫ് ഐ നേതാക്കള്‍ ഉള്‍പ്പെട്ട പി എസ് സി തട്ടിപ്പ് കേസ്; തൊണ്ടിമുതലുമായി ബന്ധപ്പെട്ട രേഖകളില്‍ അവ്യക്തത; കോടതി കുറ്റപത്രം മടക്കി

എസ് എഫ് ഐ നേതാക്കള്‍ ഉള്‍പ്പെട്ട പി എസ് സി തട്ടിപ്പ് കേസ്; തൊണ്ടിമുതലുമായി ബന്ധപ്പെട്ട രേഖകളില്‍ അവ്യക്തത; കോടതി കുറ്റപത്രം മടക്കി

സ്വന്തം ലേഖിക

തിരുവനന്തപുരം: അഞ്ച് എസ് എഫ് ഐ നേതാക്കള്‍ ഉള്‍പ്പെട്ട പി എസ് സി പരീക്ഷാത്തട്ടിപ്പ് കേസിലെ കുറ്റപത്രം ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് തിരുവനന്തപുരം സി ജെ എം കോടതി മടക്കി.

തൊണ്ടിമുതലുമായി ബന്ധപ്പെട്ട രേഖകള്‍ വ്യക്തമല്ലെന്നാണ് കോടതിയുടെ നിരീക്ഷണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവം നടന്ന് നാലുവര്‍ഷങ്ങള്‍ക്കുശേഷം കഴിഞ്ഞയാഴ്ചയാണ് പൊലീസ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. ഇന്നലെയും ഇന്നുമായാണ് കോടതി കുറ്റപത്രം പരിശോധിച്ചത്.

തുടര്‍ന്ന് അപൂര്‍ണമാണെന്ന് ചൂണ്ടിക്കാട്ടി കുറ്റപത്രം അന്വേഷണ സംഘത്തിന് മടക്കി അയക്കുകയായിരുന്നു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ത്ഥികളായ അഞ്ച് എസ് എഫ് ഐ നേതാക്കളാണ് കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

എസ് എഫ് ഐ നേതാക്കളായിരുന്ന ശിവരഞ്ജിത്, നസീം, പ്രണവ് എന്നിവര്‍ പിഎസ് സി നടത്തിയ പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ തട്ടിപ്പിലൂടെ റാങ്ക് പട്ടികയില്‍ ഇടം നേടുകയായിരുന്നു. ഒന്ന്, രണ്ട്, 28 റാങ്കുകളാണ് തട്ടിപ്പിലൂടെ ഇവര്‍ നേടിയത്.

പിന്നാലെ ഇവര്‍ റാങ്ക് നേടിയത് ക്രമക്കേടിലൂടെയാണെന്ന് ആരോപണം ഉയരുകയും സംഭവത്തില്‍ അന്വേഷണം നടക്കുകയും ചെയ്തു. തുടര്‍ന്ന് പരീക്ഷയില്‍ ഇവര്‍ക്ക് പുറത്തുനിന്ന് സഹായം ലഭിച്ചതായി കണ്ടെത്തിയിരുന്നു.

പൊലീസുകാരനായ ഗോകുല്‍ സുഹൃത്തുക്കളായ സഫീ‌ര്‍, പ്രവീണ്‍ എന്നിവരാണ് ശിവരഞ്ജിത്തിനെയും നസീമിനെയും പ്രണവിനെയും പരീക്ഷയില്‍ സഹായിച്ചത്.