സ്വകാര്യ ആശുപത്രികളെ മാധ്യമങ്ങൾക്ക് ഭയമോ..? ആശുപത്രിയുടെ പിഴവ് മൂലം മരണം നടന്നാലും പേര് പറയാൻ മടിച്ച് മാധ്യമങ്ങൾ; സർക്കാർ ആശുപത്രിക്കെതിരെ വാർത്തയെഴുതുന്ന തൂലികകൾ സ്വകാര്യ ആശുപത്രിയെ കണ്ടാൽ വിറയ്ക്കുന്നു

സ്വകാര്യ ആശുപത്രികളെ മാധ്യമങ്ങൾക്ക് ഭയമോ..? ആശുപത്രിയുടെ പിഴവ് മൂലം മരണം നടന്നാലും പേര് പറയാൻ മടിച്ച് മാധ്യമങ്ങൾ; സർക്കാർ ആശുപത്രിക്കെതിരെ വാർത്തയെഴുതുന്ന തൂലികകൾ സ്വകാര്യ ആശുപത്രിയെ കണ്ടാൽ വിറയ്ക്കുന്നു

സ്വന്തം ലേഖകൻ

കോട്ടയം: ഡോക്ടറുടെയോ, ആശുപത്രിയുടെയോ പിഴവ് മൂലം സ്വകാര്യ ആശുപത്രിയിൽ രോഗി മരിച്ചാലോ, ഗുരുതരമായ അപകടമുണ്ടായാലോ പോലും ആശുപത്രിയുടെ പേര് പറയാൻ മാധ്യമങ്ങൾക്ക് ഭയം. അടുത്തിടെ കോട്ടയം നഗരത്തിലുണ്ടായ രണ്ട് സംഭവങ്ങളിലും മരണം സംഭവിച്ചിട്ടു പോലും പ്രധാനമാധ്യമങ്ങളെല്ലാം വാർത്ത ഒതുക്കുകയായിരുന്നു. വാർത്ത പ്രസിദ്ധീകരിച്ച മാധ്യമങ്ങളാകട്ടെ ആശുപത്രികളുടെ പേര് പറയാൻ പോലും തയ്യാറായില്ല. സർക്കാർ ആശുപത്രിയിലെ ചെറിയ പിഴവ് പോലും വാർത്തയാക്കി മാറ്റി, ദിവസങ്ങളോളം പരമ്പര പോലും പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങളാണ് സ്വകാര്യ ആശുപത്രികളുടെ ഗുരുതരമായ പിഴവിനെ കണ്ടില്ലെന്ന് നടിക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ കോട്ടയം നഗരപരിധിയിൽ മാങ്ങാനം മന്ദിരം ആശുപത്രിയിലും, കാരിത്താസ് ആശുപത്രിയിലും, തിങ്കളാഴ്ച കുടമാളൂർ കിംസ് ആശുപത്രിയിലുമുണ്ടായ ചികിത്സാ പിഴവ് സംബന്ധിച്ചുള്ള വാർത്തകൾ ഏറ്റവും വിശദമായും, ആശുപത്രിയുടെ പേര് സഹിതവും നൽകിയത് തേർഡ് ഐ ന്യൂസ് ലൈവ് മാത്രമായിരുന്നു. ബാക്കിയുള്ള എല്ലാ മാധ്യമങ്ങളും വാർത്ത ഒതുക്കാൻ മത്സരിച്ചപ്പോഴാണ് തേർഡ് ഐ ന്യൂസ് ലൈവ് കൃത്യമായി വാർത്ത നൽകിയത്.
ഒക്ടോബർ മൂന്നിനായിരുന്നു ജില്ലയിലെ ആശുപത്രികളുടെ പിഴവ് ആദ്യം വാർത്തയായത്. മാങ്ങാനം മന്ദിരം ആശുപത്രിയിൽ പ്രസവത്തിനിടെയുണ്ടായ അമിത രക്തസ്രാവത്തെ തുടർന്ന് പനച്ചിക്കാട് നെല്ലിയ്ക്കൽ കവലയ്ക്കു സമീപം കുഴിമറ്റം കണിയാംപറമ്പിൽ കുഴിയാത്ത് കെ.വി വർഗീസിന്റെ മകളും പത്തനംതിട്ട് കടപ്ര പരുമല മാഞ്ചിയിൽ രഞ്ചിജോസഫിന്റെ ഭാര്യയുമായ സിനിമോൾ വർഗീസാണ് (27) മരിച്ചത്. അമിത രക്തസ്രാവത്തെ തുടർന്ന് മന്ദിരം ആശുപത്രിയിൽ മരിച്ചത്. സംഭവത്തിൽ മാങ്ങാനം മന്ദിരം ആശുപത്രിയ്‌ക്കെതിരെ ഈസ്റ്റ് പൊലീസ് കേസെടുത്തിട്ടുണ്ട്. നിലവിൽ കോട്ടയം ഡിവൈഎസ്പി ആർ.ശ്രീകുമാറാണ് ഈ ആശുപത്രിയ്‌ക്കെതിരായ കേസ് അന്വേഷിക്കുന്നത്.
ഇതിനിടെയാണ് തിങ്കളാഴ്ച കിംസ് ആശുപത്രിയിൽ എ്ട്ടുവയസുകാരി മരിച്ചത്. സംഭവത്തിൽ മാതൃഭൂമി പത്രം ആശുപത്രിയ്‌ക്കെതിരായ വാർത്ത ഒന്നാം പേജിൽ തന്നെ നൽകിയിട്ടുണ്ട്. എന്നാൽ, ആശുപത്രിയുടെ പേരോ മറ്റു വിശദാംശങ്ങളോ ഇവർ നൽകിയിട്ടുമില്ല. പരസ്യം നൽകുന്ന ആശുപത്രിയോടുള്ള പ്രതിപത്തിമൂലമാണ് കിംസ് ആശുപത്രിയ്‌ക്കെതിരായ വാർത്ത എല്ലാ മാധ്യമങ്ങളും കൃത്യമായി മുക്കിയെന്നതാണ് യാഥാർത്ഥ്യം. നിലവിൽ തേർഡ് ഐ ന്യൂസ് ലൈവ് മാത്രമാണ് ഇതു സംബന്ധിച്ചുള്ള വാർത്ത പുറത്തു വിട്ടിരിക്കുന്നത്. ഇതിനു ശേഷമാണ് മാതൃഭൂമി പോലും വിഷയം ഏറ്റെടുത്തതും.