കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ എട്ടു വയസുകാരി മരിച്ചു: ആശുപത്രിയിൽ സംഘർഷാവസ്ഥ; പ്രതിഷേധവുമായി നൂറുകണക്കിന് നാട്ടുകാർ ആശുപത്രിയിൽ; കുട്ടിയുടെ അമ്മ ആത്മഹത്യാശ്രമം നടത്തി

കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ എട്ടു വയസുകാരി മരിച്ചു: ആശുപത്രിയിൽ സംഘർഷാവസ്ഥ; പ്രതിഷേധവുമായി നൂറുകണക്കിന് നാട്ടുകാർ ആശുപത്രിയിൽ; കുട്ടിയുടെ അമ്മ ആത്മഹത്യാശ്രമം നടത്തി

തേർഡ് ഐ ബ്യൂറോ

കോട്ടയം: കുടമാളൂർ കിംസ് ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിച്ച എട്ടു വയസുകാരി മരിച്ച സംഭവത്തിൽ ആശുപത്രി അധികൃതർക്ക് പിഴവ് സംഭവിച്ചതായി ആരോപിച്ച് ആശുപത്രിയിൽ വൻ സംഘർഷാവസ്ഥ. ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ ആർപ്പൂക്കര പനമ്പാലം കാവിൽ വീട്ടിൽ എ.വി ചാക്കോ മറിയം ദമ്പതികളുടെ മകൾ എയ്ൻ അൽഫോൺസ് (എട്ട്) മരിച്ചതിനെ തുടർന്നാണ് ആശുപത്രിയിൽ വൻ സംഘർഷാവസ്ഥ ഉടലെടുത്തത്.
തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് എയ്‌നെയുമായി മാതാവ് ആശുപത്രിയിൽ എത്തിയത്. കടുത്ത വയർ വേദന അനുഭവപ്പെട്ട കുട്ടിയെ കൃത്യമായ പരിശോധനകൾക്ക് വിധേയനാക്കണമെന്നായിരുന്നു മാതാപിതാക്കളുടെ ആവശ്യം. എന്നാൽ, പരിശോധനകൾ നടത്തിയ ശേഷം ആശുപത്രി അധികൃതർ ഗ്യാസിന്റെ പ്രശ്‌നമാണെന്ന് പറഞ്ഞ് കുട്ടിയെ മടക്കി അയക്കുകയായിരുന്നു. എന്നാൽ, വൈകുന്നേരമായിട്ടും വയർ വേദനയും അസ്വസ്ഥതയും കുറയാതെ വന്നതോടെ മാതാപിതാക്കൾ കുട്ടിയെയുമായി വീണ്ടും ആശുപത്രിയിൽ എത്തി. എന്നാൽ, കുട്ടിയെ പരിശോധിച്ചെങ്കിലും കൃത്യമായി മരുന്നു നൽകിയില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
രാത്രി വൈകിയും അസ്വസ്ഥത അനുഭവപ്പെട്ട കുട്ടിയെ മാതാപിതാക്കൾ എട്ടരയോടെ കിംസ് ആശുപത്രിയിൽ എത്തിച്ചു. എന്നാൽ, കുട്ടിയെ ആശുപത്രിയിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയായിരുന്നു. രാത്രി ഒൻപതരോടെ കുട്ടി മരിക്കുയും ചെയ്തു. ഇതോടെയാണ് ആശുപത്രിയിൽ സംഘർഷാവസ്ഥ ഉടലെടുത്തത്. കുട്ടിയുടെ ബന്ധുക്കൾ ആശുപത്രി അധികൃതരുമായി വാക്കേറ്റവും സംഘർഷവുമുണ്ടായി. ഇതിനിടെ ആശുപത്രിയ്ക്ക് മുന്നിലെ ആറ്റിൽ ചാടി കുട്ടിയുടെ മാതാവ് ജീവനൊടുക്കാൻ ശ്രമം നടത്തുകയും ചെയ്തു. ഇതോടെയാണ് സ്ഥിതിഗതികൾ അതിരൂക്ഷമായത്. ബന്ധുക്കൾ ബഹളം വച്ചതോടെ വെസ്റ്റ് എസ്.ഐ എം.ജെ അരുണിന്റെ നേതൃത്വത്തിൽ പൊലീസ് സംഘവും സ്ഥലത്ത് എത്തി. രാത്രി വൈകിയും സംഘർഷാവസ്ഥ തുടരുകയാണ്.
എന്നാൽ, തങ്ങളുടെ ഭാഗത്ത് പിഴവുകളൊന്നും സംഭവിച്ചിട്ടില്ലെന്നും കൃത്യമായ രീതിയിൽ ആവശ്യമായ ചികിത്സ കുട്ടിയ്ക്ക് നൽകിയെന്നുമാണ് കിംസ് ആശുപത്രി അധികൃതരുടെ വാദം.