കോട്ടയം റയിൽവേ സ്റ്റേഷനിൽ നിന്ന് മകളെ കൂട്ടിക്കൊണ്ട് പോകാൻ വന്ന പിതാവ് ബസിടിച്ച് മരിച്ചു; അപകടത്തിന് കാരണമായത് സ്വകാര്യ ബസിൻ്റെ അമിതവേഗത; സ്ട്രീറ്റ് ലൈറ്റുകൾ കത്താതിരുന്നതും അപകടത്തിന് കാരണമായി; നഗരത്തിൽ വെളിച്ചമില്ലാതായിട്ട് മാസങ്ങൾ; തിരിഞ്ഞ് നോക്കാതെ നഗരസഭ
സ്വന്തം ലേഖകൻ
കോട്ടയം: നഗരമധ്യത്തിൽ കുത്താട്ടുകുളം സ്വദേശിയുടെ മരണത്തിന് കാരണമായത് സ്വകാര്യ ബസിൻ്റെ അമിത വേഗം.
റയിൽവേ സ്റ്റേഷനിൽ നിന്ന് മകളെ കൂട്ടിക്കൊണ്ട് പോകാൻ വന്ന പിതാവിനെയാണ് ബസിടിച്ച് വീഴ്ത്തിയത്. കോട്ടയം എറണാകുളം റൂട്ടിലോടുന്ന ആവേ മരിയ ബസ് വെസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു. ബസിന്റെ അമിത വേഗതയായിരുന്നു അപകടത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി. അപകടശേഷം ഡ്രൈവർ ഓടിരക്ഷപെട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്ട്രീറ്റ് ലൈറ്റുകൾ കത്താത്തത് നഗരത്തിൽ നിരവധി അപകടങ്ങൾക്ക് കാരണമാകുന്നുവെന്നും, പല തവണ നഗരസഭാ അധികൃതരോട് പരാതി പറഞ്ഞെങ്കിലും വേണ്ട നടപടികൾ സ്വീകരിച്ചിട്ടില്ലായെന്നും പൊലീസ് വ്യക്തമാക്കി.
നഗരത്തിലെ രാത്രികാല അപകടങ്ങളിൽ പലതും സ്ട്രീറ്റ് ലൈറ്റുകളുടെ അഭാവമാണ്. തിരുനക്കരയിലും, ടിബി റോഡിലും, നാഗമ്പടം തുടങ്ങി പല സ്ഥലത്തും സ്ട്രീറ്റ് ലൈറ്റുകൾ പ്രവർത്തിക്കുന്നില്ല.
വെള്ളിയാഴ്ച വൈകുന്നേരമാണ് കുര്യൻ ഉതുപ്പ് റോഡിൽ സ്വകാര്യ ബസിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചത്. കൂത്താട്ടുകുളം സ്വദേശി എംകെ മുരളീധരന്‍ (61) ആണ് മരിച്ചത്. തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന മകളെ കൂട്ടിക്കൊണ്ടുവരാനായി റെയിൽവേ സ്റ്റേഷനിൽ എത്തിയതായിരുന്നു ഇദ്ദേഹവും ഭാര്യയും. ഇതിനിടെ ചായകുടിക്കാനായി റോഡ് ക്രോസ് ചെയ്ത് പോയി.
ഇതിന് ശേഷം തിരികെ കാര്‍ പാര്‍ക്ക് ചെയ്തിടത്തേക്ക് വരികെ ആവേ മരിയ ബസ് മുരളിധരനെ ഇടിക്കുകയായിരുന്നു. ഈ സമയം മകളും ഭാര്യയും ഇദ്ദേഹത്തെ കാത്ത് റോഡിന്റെ എതിര്‍വശത്ത് ഉണ്ടായിരുന്നു.നാഗമ്പടം ഭാഗത്ത് നിന്നും ശാസ്ത്രി റോഡിലേയ്ക്ക് വരികയായിരുന്ന ബസ്.
നാട്ടുകാർ ചേർന്ന് ജനറൽ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
നഗരത്തിൽ സ്ട്രീറ്റ് ലൈറ്റുകൾ തെളിയാത്തതിനാൽ അക്രമസംഭവങ്ങളും ദിനം പ്രതി ഉണ്ടാകുന്നു. തിരുനക്കര, കെ എസ് ആർ ടി സി , നാഗമ്പടം, വയസ്കര, തിരുനക്കര മൈതാനം എന്നിവിടങ്ങളിൽ അക്രമികൾ തമ്പടിക്കുന്നുണ്ട്. അക്രമം നടത്തിയിട്ട് ഇരുട്ടിന്റെ മറവിലൂടെ ഇവർ രക്ഷപെടുന്നത് നിത്യസംഭവമാണ്. ഈസ്റ്റ്-വെസ്റ്റ് പൊലീസ് സ്റ്റേഷനുകളിൽ നിന്ന് നിരവധി തവണ വഴിവിളക്കുകൾ തെളിയിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്കിയിരുന്നുവെങ്കിലും നഗരസഭയ്ക്ക് യാതൊരു കുലുക്കവുമില്ല. നഗരസഭാ അധികൃതർ ഗുരുതരമായ അലംഭാവമാണ് ഇക്കാര്യത്തിൽ കാണിക്കുന്നത്.