സ്ഥിരതയുള്ള സര്‍ക്കാരിനെ രാജ്യം തെരഞ്ഞെടുത്തു ; രാഷ്ട്രപതി

സ്ഥിരതയുള്ള സര്‍ക്കാരിനെ രാജ്യം തെരഞ്ഞെടുത്തു ; രാഷ്ട്രപതി

സ്വന്തംലേഖകൻ

ന്യൂഡല്‍ഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദ് പാര്‍ലമെന്റിന്റെ സംയുക്തസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ശ്രീനാരായണ ഗുരുവിനെ പ്രകീര്‍ത്തിച്ചാണ് രാഷ്ട്രപതി പ്രസംഗം ആരംഭിച്ചത്. ജാതിഭേദം മതദ്വേഷം എന്ന ശ്രീനാരായണഗുരുവിന്റെ സൂക്തം ഉദ്ധരിച്ച് കൊണ്ടാണ് പ്രസംഗം തുടങ്ങിയത്. ജാതി മത ഭേദമന്യേ എല്ലാവരുടേയും ഉന്നമനമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. സബ് കാ സാഥ് സബ് കാ വികായ് സബ് കാ വിശ്വാസ് എന്നതാണ് സര്‍ക്കാരിന്റെ ആപ്കവാക്യം.
സ്ഥിരതയുള്ള സര്‍ക്കാരിനെയാണ് രാജ്യം തെരഞ്ഞെടുത്തത്. എല്ലാവരേയും വിശ്വാസത്തിലെടുത്തുകൊണ്ടുള്ള വികസനമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. തെരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിശ്വാസീയത വര്‍ധിപ്പിച്ചുവെന്നും വികസനത്തിന്റെ വേഗം വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിന് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കര്‍ഷകരുടെ ഉന്നമനമാണ് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യം. 13,000 കോടിയുടെ കാര്‍ഷിക ക്ഷേമ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചതായും 2022 ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. കാര്‍ഷിക മേഖലയില്‍ 25 ലക്ഷം കോടി നിക്ഷേപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഉന്നത വിദ്യാഭ്യാസ രംഗത്ത് സീറ്റുകള്‍ വര്‍ധിപ്പിക്കും. ജവാന്‍മാരുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.ബേഠി ബച്ചാവോ ബേഠി പഠാവോ പദ്ധതി വ്യാപിപ്പിക്കും.
സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷനേയും രാഷ്ട്രപതി പ്രശംസിച്ചു. 61 കോടിയിലധികം ആളുകള്‍ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
മുത്തലാഖ് നിര്‍ത്തലാക്കേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.
വരള്‍ച്ചയാണ് ഏറ്റവും വലിയ വെല്ലുവിളിയെന്നും എല്ലായിടത്തും കുടിവെള്ളം എത്തിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. അഴിമതി തുടച്ച് നീക്കുമെന്നും കള്ളപ്പണത്തിന് അനധികൃത സ്വത്ത് സമ്പാദനത്തിനുമെതിരെ നിയമം കര്‍ശനമാക്കുമെന്നും വിദേശത്ത് അനധികൃത നിക്ഷേപം നടത്തുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാവപ്പെട്ടവര്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുമെന്നും ഒന്നര ലക്ഷം അരോഗ്യ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആയുഷ്മാന്‍ പദ്ധതിയിടെ നേട്ടം 50 കോടി ജനങ്ങളിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.