പെട്രോൾ പമ്പിലെത്തി ഇന്ധനം നിറയ്ക്കുന്നതിനിടെ മോശമായ പെരുമാറ്റം: ചോദ്യം ചെയ്ത അംഗപരിമിതനായ പമ്പ് ജീവനക്കാരനെ യുവാവ് ക്രൂരമായി മർദിച്ചു; സംഭവം കൊല്ലത്ത്
തേർഡ് ഐ ബ്യൂറോ
കൊല്ലം: ജില്ലയിൽ നിന്നുള്ള അക്രമ സംഭവങ്ങൾ വീണ്ടും തുടരുന്നു. ഓരോ ദിവസവും വ്യത്യസ്തമായ അക്രമ സംഭവങ്ങളാണ് ജില്ലയിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നത്. ഏറ്റവും ഒടുവിൽ പെട്രോൾ പമ്പിലെ അക്രമമാണ് വാർത്തയിൽ നിറയുന്നത്.
പെട്രോൾ അടിക്കാനായി പമ്പിലെത്തിയ യുവാവിന്റെ അപരമര്യാദയായ പെരുമാറ്റം ചോദ്യം ചെയ്തതിന് ഭിന്നശേഷിക്കാരനായ പമ്പ് ജീവനക്കാരനെ മർദ്ദിച്ചതായാണ് പരാതി ഉയർന്നിരിക്കുന്നത്.കൈയ്ക്കും കാലിനും സ്വാധീനം കുറവുള്ള വ്യക്തിയാണ് സിദ്ദിഖ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സിദ്ദിഖ് തന്നെ ബഹുമാനിച്ചില്ലെന്ന് ആരോപിച്ച് പമ്പിൽ പെട്രോൾ അടിക്കാനെത്തിയ യുവാവാണ് മർദിച്ചത്.
പെട്രോൾ അടിക്കാനെത്തിയപ്പോൾ പെട്രോൾ ടാങ്കിന്റെ അടപ്പ് അതിനോട് ചേർന്ന് തന്നെയാണ് വെച്ചിരുന്നത്. അത് കൈകൊണ്ട് എടുത്തുമാറ്റിയില്ലെന്ന് പറഞ്ഞാണ് പെട്രോൾ അടിക്കാനെത്തിയ ആൾ പ്രകോപിതനായത്.
തുടർന്ന് ദേഷ്യം വന്ന ഇയാൾ പെട്രോളിന്റെ പൈസ സമീപമുണ്ടായിരുന്ന കസേരയിലേക്ക് എറിഞ്ഞു കൊടുത്തു. പൈസ ഇങ്ങനെ എറിയാമോ എന്ന് ചോദിച്ചതോടെ ക്ഷുഭിതനായ ഇയാൾ പമ്പിലെ മാനേജരെ പോയി കണ്ട് സിദ്ദിഖിനെതിരേ പരാതി നൽകി.
പിന്നീട് തിരികെയെത്തി സിദ്ദീഖിന്റെ ഫോൺ നമ്പറും അഡ്രസും ചോദിച്ചു. അത് നൽകാൻ വിസമ്മതിച്ചതോടെ വീണ്ടും മാനേജരെ കണ്ട് പരാതി പറയുകയും തിരികെയെത്തി സിദ്ദിഖിനെ മർദിക്കുകയുമായിരുന്നു. ഏഴുതവണ തന്നെ അടിച്ചതായാണ് സിദ്ദിഖ് പറയുന്നത്.
സിദ്ദിഖിനെ മർദിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. സിദ്ദിഖിനെ ഇയാൾ മർദിക്കുമ്പോൾ സിദ്ദിഖ് മറിഞ്ഞുവീഴുന്നതും ചുറ്റുമുള്ളവർ പിടിച്ചുമാറ്റാൻ പോലും തയ്യാറാകാതെ നോക്കി നിൽക്കുന്നതും വീഡിയോയിൽ കാണാം. വീഡിയോ പ്രചരിച്ചതോടെയാണ് സമീപത്തെ ചെറുപ്പക്കാർ വിവരമറിയുന്നതും സിദ്ദിഖിനെ കൂട്ടി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയും ചെയ്തത്.