video
play-sharp-fill
പ്രതിയെ പിടിക്കാനെത്തിയ പൊലീസിനെ സ്ത്രീകൾ അടിച്ചോടിച്ചു: പൊലീസിനെ ആക്രമിച്ച സംഘത്തിൽ പൊലീസുകാരന്റെ അമ്മയും

പ്രതിയെ പിടിക്കാനെത്തിയ പൊലീസിനെ സ്ത്രീകൾ അടിച്ചോടിച്ചു: പൊലീസിനെ ആക്രമിച്ച സംഘത്തിൽ പൊലീസുകാരന്റെ അമ്മയും

ക്രൈം ഡെസ്‌ക്

കൊല്ലം: പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് സംഘത്തിന് നേരെ പൊലീസുകാരന്റെ അമ്മ അടക്കമുള്ള വനിതകളുടെ ആക്രമണം. കഞ്ചാവ് വിൽപ്പനയും, സ്ത്രീകളുടെ ചിത്രങ്ങൾ മൊബൈലിൽ പകർത്തിയതും അടക്കമുള്ള കേസുകളിൽ പ്രതിയായ യുവാവിനെ പിടികൂടാനെത്തിയ പൊലീസ് സംഘത്തിനു നേരെയാണ് വീട്ടമ്മമാർ അടക്കമുള്ള സംഘം ആക്രമണം നടത്തിയത്.
കൊല്ലം അഞ്ചാലുംമൂട്ടിലായിരുന്നു ആക്രമണം. നിരവധികേസുകളിൽ പ്രതിയായ സാമ്പ്രാണിക്കോടി ആലുന്നവിള വീട്ടിൽ വിശാഖിനെ (20) തിരക്കിയെത്തിയ പൊലീസ് സംഘത്തിനു നേരെയാണ് ആക്രമണം ഉണ്ടായത്. പ്രതി പൊലീസുകാരന്റെ വീട്ടിൽ ഉണ്ടെന്നറിഞ്ഞാണ് അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷനിലെ എസ്.ഐ കെ.ജി പ്രതാപ്ചന്ദ്രൻ, എഎസ്ഐമാരായ ഹുസൈൻ, ജയപ്രകാശ്, സിപിഒ മണികണ്ഠൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം വീട്ടിൽ എത്തിയത്. പ്രതിയെ കസ്റ്റഡിയിൽ എടുക്കാൻ ശ്രമിച്ചതോടെ പ്രതിയുടെ അമ്മയും, പൊലീസുകാരന്റെ അ്മ്മയും അയൽപക്കത്തുള്ള സ്ത്രീകളും ചേർന്ന് ആക്രമിക്കുകയായിരുന്നു. സംഘത്തിലുണ്ടായിരുന്ന പൊലീസുകാർക്കെല്ലാം ആക്രമണത്തിൽ പരിക്കേറ്റു. എന്നിട്ടും പൊലീസ് സംഘം പ്രതിയെ വിടാൻ തയ്യാറായില്ല. ബലമായി പ്രതിയെ പിടികൂടി പൊലീസ് സംഘം വാഹനത്തിൽ കയറ്റി സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.
കയ്യിൽ പ്രതി ആഴത്തിൽ കടിച്ചതിനെ തുടർന്ന് എഎസ്ഐ ഹുസൈൻ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.