പ്രഭാസ് നായകനാകുന്ന സാഹോയുടെ രണ്ടാം മേക്കിംഗ് വീഡിയോ ‘ഷേഡ്‌സ് ഓഫ് സാഹോ- 2’ മാർച്ച് 3-ന് പുറത്തിറങ്ങും

പ്രഭാസ് നായകനാകുന്ന സാഹോയുടെ രണ്ടാം മേക്കിംഗ് വീഡിയോ ‘ഷേഡ്‌സ് ഓഫ് സാഹോ- 2’ മാർച്ച് 3-ന് പുറത്തിറങ്ങും

സിനിമാ ഡെസ്ക്

തിരുവനന്തപുരം: ബാഹുബലി ഫെയിം പ്രഭാസ് നായകനാകുന്ന ബഹുഭാഷാ സൂപ്പര്‍ ആക്ഷന്‍ ചിത്രം സാഹോയുടെ മേക്കിംഗ് വീഡിയോ ഷേഡ്‌സ് ഓഫ് സാഹോയുടെ രണ്ടാം ഭാഗം ഉടന്‍ പുറത്തിറങ്ങും. ചിത്രത്തിലെ നായികയായ ശ്രദ്ധ കപ്പൂറിന്റെ ജന്മദിനമായ മാര്‍ച്ച് 3-ന് ഷേഡ്‌സ് ഓഫ് സാഹോ-2 പുറത്തിറക്കാനാണ് അണിയറക്കാര്‍ ഒരുങ്ങുന്നത്. പ്രഭാസിന്റെ  പിറന്നാള്‍ ദിനമായ ഒക്ടോബര്‍ 23-ന് പുറത്തിറക്കിയ ഷേഡ്‌സ് ഓഫ് സാഹോയുടെ ആദ്യ ഭാഗം നവമാധ്യമങ്ങളില്‍ വന്‍ തരംഗമായിരുന്നു. യൂട്യൂബിലും അപ് ലോഡ് ചെയ്ത വീഡിയോ ഒന്നേകാല്‍ കോടിയിലേറെ പേര്‍ കണ്ടുകഴിഞ്ഞിട്ടുണ്ട്.  https://www.youtube.com/watch?v=huw6wD_1ppE&feature=youtu.be&fbclid=IwAR320eMAvbuNzHgbSUFn0t2p2zJWq9nNJZtrPvI5SZXEDZzclttQ1Z7x8F4 


ചിത്രത്തിന്റെ നിര്‍മാതാക്കളായ യുവി ക്രിയേഷന്‍സിന്റെ ഫേസ്ബുക് പേജിലൂടെയാകും (https://www.facebook.com/UVCTheMovieMakers/) ‘ഷേഡ്‌സ് ഓഫ് സാഹോ-2’ പുറത്തിറക്കുക. ഏറിയ ഭാഗവും അബുദാബിയില്‍ ചിത്രീകരിച്ചിരിക്കുന്ന വന്‍ ആക്ഷന്‍ രംഗങ്ങളുള്ള ചിത്രം ആഗസ്റ്റ് 15-ന് തീയറ്ററുകളില്‍ എത്തും. 

ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ ഇറങ്ങുന്ന ബിഗ് ബജറ്റ് ചിത്രമായ സാഹോയില്‍ പ്രഭാസിനും ശ്രദ്ധ കപ്പൂറിനും പുറമേ ജാക്കി ഷ്രോഫ്, നീല്‍ നിതിന്‍ മുകേഷ്, മന്ദിര ബേദി, ചങ്കി പാണ്ഡേ, മഹേഷ് മഞ്ജരേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ തുടങ്ങിയവരും വേഷമിടുന്നുണ്ട്. റണ്‍ രാജാ റണ്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജീത് ആണ് സാഹോ സംവിധാനം ചെയ്യുന്നത്. ശങ്കര്‍-എഹ്‌സാന്‍-ലോയ് ത്രയങ്ങളാണ് സംഗീതസംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിലെ ഗാനരചന നിര്‍വഹിച്ചിരിക്കുന്നത് അമിതാബ് ഭട്ടാചാര്യയാണ്.