പ്രസവാനന്തര വിഷാദം കേരളത്തില്‍ 28 ശതമാനം വരെ ; ബേബി ബ്ലൂസും പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനും പരിഹാരമാര്‍ഗ്ഗവും

പ്രസവാനന്തര വിഷാദം കേരളത്തില്‍ 28 ശതമാനം വരെ ; ബേബി ബ്ലൂസും പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനും പരിഹാരമാര്‍ഗ്ഗവും

സ്വന്തം ലേഖകൻ

കോട്ടയം: സന്തോഷകരമായ മാതൃത്വത്തിനിടയിലും കേരളത്തില്‍ 28 ശതമാനംവരെ അമ്മമാര്‍ പ്രസവാനന്തര വിഷാദം അനുഭവിക്കുന്നതായി സര്‍വേ.ബയോസയൻസ് ബയോടെക്നോളജി റിസര്‍ച്ച്‌ കമ്യൂണിക്കേഷൻ 2023 ആരംഭത്തില്‍ നടത്തിയ സര്‍വേയില്‍ പ്രസവാനന്തര വിഷാദം അനുഭവിക്കുന്നവര്‍തന്നെയും ഇതിനെ ഒരു മാനസികാരോഗ്യ പ്രശ്നമായി മനസ്സിലാക്കുന്നില്ലെന്ന് തെളിഞ്ഞു.

കേരളത്തില്‍ ജനിച്ചുവളര്‍ന്ന 25മുതല്‍ 40വരെ പ്രായമുള്ള 150 അമ്മമാരില്‍നിന്ന് ശേഖരിച്ച വിവരമനുസരിച്ച്‌ 53.9 ശതമാനംപോരേ പ്രസവാനന്തര മനഃസംഘര്‍ഷത്തെപ്പറ്റി കേട്ടിട്ടുള്ളൂ. എന്നാല്‍, 77.3 ശതമാനം പേരില്‍ ലക്ഷണങ്ങള്‍ കണ്ടു. ഇതില്‍ 28.3 ശതമാനം പേര്‍ക്ക് ആറുമാസവും 24.2 ശതമാനം പേര്‍ക്ക് ഒരു വര്‍ഷം വരെയും പ്രസവാനന്തര വിഷാദം നീണ്ടുനിന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രസവത്തിന് പിന്നാലെ ചെറിയ കാലത്തേക്ക് അനുഭവപ്പെടുന്ന വിഷാദാവസ്ഥ ‘ബേബി ബ്ലൂസ്’ എന്നാണറിയപ്പെടുന്നത്. ഇത് കൂടുതല്‍കാലം നീണ്ടു നില്‍ക്കുകയും കൂടുതല്‍ തീവ്രമാവുകയും ചെയ്യുമ്പോള്‍ ‘പോസ്റ്റ്പാര്‍ട്ടം ഡിപ്രഷൻ’ എന്ന വിഷാദാവസ്ഥയായി മാറുന്നു.

സംസ്ഥാനത്തെ തൃതീയ പരിചരണ സംവിധാനത്തില്‍പ്പെടുന്ന ആശുപത്രികള്‍, 2023 നവംബറില്‍ നടത്തിയ മറ്റൊരു പഠനറിപ്പോര്‍ട്ട് കറന്റ് വിമെൻസ് ഹെല്‍ത്ത് റിവ്യു ജേണലില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇതനുസരിച്ച്‌ പ്രസവശേഷം രണ്ടാഴ്ചമുതല്‍ ആറുമാസംവരെയുള്ള 427 സ്ത്രീകളില്‍ 112 പേര്‍ക്ക് (26.2ശതമാനം) പ്രസവാനന്തര വിഷാദം കണ്ടെത്തി.

ബേബി ബ്ലൂസും പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനും

പ്രസവം കഴിഞ്ഞ് ആദ്യത്തെ രണ്ടാഴ്ചയ്ക്കുള്ളിലുണ്ടാകുന്ന ഹോര്‍മോണ്‍ മാറ്റങ്ങളാണ് ബേബി ബ്ലൂസിന് പ്രധാന കാരണം. ഇത് പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനെക്കാള്‍ (പി.പി.ഡി.) സൗമ്യമാണ്. 85 ശതമാനംവരെ സ്ത്രീകളില്‍ ഇതു കാണാറുണ്ട്. എന്നാല്‍, പി.പി.ഡി. കൂടുതല്‍ മാനസിക സംഘര്‍ഷം അനുഭവിക്കുന്ന സങ്കീര്‍ണ വിഷാദ സ്വഭാവമുള്ളതാണ്.

രണ്ടവസ്ഥയിലും സങ്കടം, ഉറക്കമില്ലായ്മ, ക്ഷോഭം എന്നിവ ഉള്‍പ്പെടെയുള്ള ലക്ഷണങ്ങള്‍ പൊതുവായുണ്ട്. തീവ്രതയിലാണ് പ്രധാനവ്യത്യാസം.

കുഞ്ഞിന് എന്തെങ്കിലും സംഭവിക്കുമോ എന്ന ഭയം, വിശപ്പില്ലായ്മ, ഉറക്കക്കുറവ്, പെട്ടെന്ന് ദേഷ്യമോ സങ്കടമോ വരുക എന്നീ അവസ്ഥകള്‍ തീവ്രമാണെങ്കില്‍ ഡോക്ടര്‍മാരുടെ ഉപദേശം തേടണം. ചുരുക്കം ചിലര്‍ക്ക് നവജാതശിശുവിനെ പരിപാലിക്കാനുള്ള കഴിവില്ലായ്മ തോന്നുകയും ആത്മഹത്യാ ചിന്തവരെ എത്തുകയും ചെയ്യാം.

പരിഹാരമാര്‍ഗം

പോസ്റ്റ്പാര്‍ട്ടം ഡിപ്രഷൻ കൃത്യസമയത്ത് കണ്ടെത്തി കൗണ്‍സലിങ്ങും കോഗ്നിറ്റീവ് ബിഹേവിയര്‍ തെറാപ്പിയും നല്‍കുന്നത് ഫലപ്രദമായതും പാര്‍ശ്വഫലങ്ങളില്ലാത്തതുമായ മാര്‍ഗമാണ്. പങ്കാളിയും വീട്ടിലുള്ള മറ്റുള്ളവരുമാണ് ഈ ഘട്ടത്തില്‍ കൂടുതല്‍ കരുതല്‍ കാണിക്കേണ്ടതെന്ന് കോട്ടയം മെഡിക്കല്‍കോളേജ് മനോരോഗ ചികിത്സാവിഭാഗം മുൻ മേധാവി ഡോ. വി. സതീഷ് പറയുന്നു.