തിരുവഞ്ചൂർ പൂവത്തുമ്മൂട് തൂക്കുപാലത്തിന് സമീപം വീണ്ടും അപകടം: വെള്ളത്തിൽ കുളിക്കാനിറങ്ങിയ പനച്ചിക്കാട് സ്വദേശിയായ യുവാവിനെ കാണാതായി; അഗ്നിരക്ഷാ സേനയും പൊലീസും തിരച്ചിൽ നടത്തുന്നു

തിരുവഞ്ചൂർ പൂവത്തുമ്മൂട് തൂക്കുപാലത്തിന് സമീപം വീണ്ടും അപകടം: വെള്ളത്തിൽ കുളിക്കാനിറങ്ങിയ പനച്ചിക്കാട് സ്വദേശിയായ യുവാവിനെ കാണാതായി; അഗ്നിരക്ഷാ സേനയും പൊലീസും തിരച്ചിൽ നടത്തുന്നു

തേർഡ് ഐ ബ്യൂറോ

കോട്ടയം: സ്‌കൂൾ കലോത്സവം കണ്ട ശേഷം മൂന്നു വിദ്യാർത്ഥികൾ മുങ്ങി മരിച്ച പാറമ്പുഴ പൂവത്തുമ്മൂട് കടവ് വീണ്ടും അപകട കേന്ദ്രമായി. വെള്ളത്തിൽ കുളിക്കാനിറങ്ങിയ പനച്ചിക്കാട് ചാന്നാനിക്കാട് സ്വദേശിയായ 21 കാരനെ കാണാതായതായി റിപ്പോർട്ട്. പനച്ചിക്കാട് സ്വദേശിയും 21 കാരനുമായ കാലായിൽ ലൈവിയുടെയും  മഞ്ജുവിൻ്റെയും മകൻ ഗൗതം ലൈവിയെയാണ് മീനച്ചിലാറ്റിൽ വീണ് കാണാതായത് എന്നാണ് പൊലീസിനു ലഭിച്ചിരിക്കുന്ന വിവരം.

ഇറഞ്ഞാലിലെ ബന്ധുവിന്റെ വീട്ടിൽ എത്തിയതായിരുന്നു ഗൗതം. ഇവിടെ എത്തിയ ശേഷം സുഹൃത്തായ അനന്തനെയും കൂട്ടി ഗൗതം മീനച്ചിലാറ്റിൽ എത്തി. വ്യാഴാഴ്ച വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം. ഇവിടെ പൂവത്തുമ്മൂട് മഞ്ചാടിക്കവലയിലെ കടവിൽ ഇരുവരും കുളിക്കാൻ ഇറങ്ങുകയായിരുന്നു. ആറ്റിൽ നീന്താൻ ഇറങ്ങിയ ഗൗതമിനെ ഇവിടെ വച്ച് കാണാതാകുകയായിരുന്നു. ഇതോടെ ബഹളം വച്ച് കരയിലേയ്ക്കു കയറിയ അനന്തന്റെ നിലവിളി കേട്ടാണ് നാട്ടുകാർ ഓടിയെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാട്ടുകാരിൽ ചിലർ ആറ്റിൽ ചാടി രക്ഷാപ്രവർത്തനം നടത്താൻ ശ്രമിച്ചെങ്കിലും ഗൗതമിനെ കണ്ടു കിട്ടിയില്ല. തുടർന്നു നാട്ടുകാർ വിവരം അഗ്നിരക്ഷാ സേനയിലും, മണർകാട് പൊലീസിലും അറിയിച്ചു. മണർകാട് പൊലീസ് സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തി. ഒരു മണിക്കൂറിലേറെയായി ആറ്റിൽ തിരച്ചിൽ നടത്തുകയാണ്. സംഭവം അറിഞ്ഞ് പ്രദേശത്ത് നൂറുകണക്കിന് ആളുകൾ തടിച്ചു കൂടിയിട്ടുമുണ്ട്.

കഴിഞ്ഞ വർഷം നവംബറിൽ എംഡി സെമിനാരി സ്‌കൂൾ വിദ്യാർത്ഥികൾ മുങ്ങി മരിച്ച ഇതേ കടവിൽ തന്നെയാണ് വ്യാഴാഴ്ച വൈകിട്ട് വിദ്യാർത്ഥിയെ വീണു കാണാതായിരിക്കുന്നത്. പുതുപ്പള്ളി ഐ.എച്ച്.ആർ.ഡി.യിലെ പ്ലസ്ടു വിദ്യാർത്ഥികളായിരുന്ന കൈതേപ്പാലം സ്വദേശി അശ്വിൻ (17), ചിങ്ങവനം സ്വദേശി അലൻ (17), മീനടം സ്വദേശി ഷിബിൻ (17) എന്നിവരാണ് കഴിഞ്ഞ നവംബറിൽ പൂവത്തുമ്മൂട് തൂക്ക് പാലത്തിനു സമീപമുണ്ടായ അപകടത്തിൽ കഴിഞ്ഞ നവംബറിൽ മരിച്ചത്.

ഇതേ സ്ഥലത്തു കുളിക്കാനിറങ്ങിയ 21 കാരനെയാണ് ഇപ്പോൾ കാണാതായത് എന്നാണ് ലഭിക്കുന്ന ഏറ്റവും പുതിയ വിവരം. ചാന്നാനിക്കാട് എസ്.എൻ കോളേജിൽ ബികോം കോഴ്‌സ് പൂർത്തിയാക്കിയ ശേഷം എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തിൽ ഡേറ്റാ എൻട്രി കോഴ്‌സ് പഠിക്കുകയാണ് കാണാതായ ഗൗതം. ഇയാൾ പനച്ചിക്കാട് നിന്ന് എങ്ങിനെയാണ് ഇവിടെ എത്തിയത് എന്നത് അടക്കമുള്ള കാര്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്.