പൂട്ടാനിരുന്ന സ്കൂളുകളില്‍ പോലും പ്രവേശത്തിന് തിക്കും തിരക്കും; മന്ത്രി വി.എന്‍ വാസവന്‍
സ്വന്തം ലേഖകൻ
കോട്ടയം: പൂട്ടാന്‍ നിശ്ചയിച്ച സ്കൂളുകളില്‍ പോലും വിദ്യാര്‍ഥി പ്രവേശനത്തിന് തിക്കും തിരക്കുമുണ്ടാകത്തക്കവിധം സംസ്ഥാനത്തെ സ്കൂളുകള്‍ പുരോഗതി പ്രാപിച്ചതായി സഹകരണ-രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍.വാസവന്‍ പറഞ്ഞു.
പാറമ്ബുഴ ദേവീവിലാസം ഗവണ്‍മെന്റ് എല്‍.പി സ്കൂള്‍ മാതൃകാ പ്രീ സ്കൂള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒടിഞ്ഞ കാലുള്ള ബഞ്ചും ഡസ്കും ഒരു ബ്ലാക് ബോര്‍ഡും മാത്രമുണ്ടായിരുന്ന ക്ലാസ് മുറികള്‍ മാറി വിനോദത്തിലൂടെ വിജ്ഞാനത്തിലേക്ക് കടന്നു വരുന്ന കാലഘട്ടത്തിലാണ് നാം ഇപ്പോഴുള്ളത്. പൊതു വിദ്യാഭ്യാസയജ്ഞം പദ്ധതി നടപ്പാക്കാന്‍ തുടങ്ങിയതോടെ 10 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് സംസ്ഥാനത്ത് അണ്‍ എയ്ഡഡ് മേഖലയില്‍ നിന്നും എയ്ഡഡ്, സര്‍ക്കാര്‍ മേഖലയിലേക്ക് കടന്നു വന്നത്. പ്രീപ്രൈമറിയില്‍ നിന്ന് തുടങ്ങി പൊതു വിദ്യാഭ്യാസം അതിന്റെ എല്ലാ പൂര്‍ണതയിലുമെത്തിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. സ്കൂള്‍ തുറക്കുംമുമ്ബ് തന്നെ പാഠപുസ്തകം, യൂണിഫോം, നോട്ട്ബുക്ക് എന്നിവയടക്കം ഇതിനോടകം വിതരണം ചെയ്തു കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
സമഗ്ര ശിക്ഷ കേരള അനുവദിച്ച 10 ലക്ഷം രൂപ ചെലവഴിച്ചാണ് മാതൃകാ പ്രീ- സ്കൂളും കുട്ടികളുടെ പാര്‍ക്കും സ്ഥാപിച്ചത്. സ്കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍.എ അധ്യക്ഷത വഹിച്ചു. നഗരസഭാ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സിന്ധു ജയകുമാര്‍, നഗരസഭാംഗങ്ങളായ ലിസി കുര്യന്‍, സാബു മാത്യു, സമഗ്ര ശിക്ഷാ കേരള ജില്ലാ പ്രോഗ്രാം ഓഫീസര്‍ ആഷ ജോര്‍ജ്, കുമാരനെല്ലൂര്‍ സര്‍വീസ് സഹകരണബാങ്ക് പ്രസിഡന്റ് പ്രൊഫ. കെ.ആര്‍. ചന്ദ്രമോഹനന്‍ , ജോജി കുറത്തിയാടന്‍, എം.വി ശ്രീലത, ബി. ദയാകുമാരി, പി.ജി. സക്കറിയ, റിജോഷ് കെ. തോമസ്, പി.ടി.എ പ്രസിഡന്റ് ടി. ഗോപകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പാറമ്ബുഴ ദേവീവിലാസം ഗവണ്‍മെന്റ് എല്‍.പി സ്കൂള്‍ മാതൃകാ പ്രീ സ്കൂള്‍ സഹകരണ-രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യുന്നു.