പോളിയോ തുളളിമരുന്ന് വിതരണം ഞായറാഴ്‌ച; ഇത്തവണ നല്‍കുന്നത് 24 ലക്ഷത്തിലധികം കുട്ടികള്‍ക്ക്; കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചായിരിക്കും വിതരണം
സ്വന്തം ലേഖിക
തിരുവനന്തപുരം: പോളിയോ പ്രതിരോധത്തിനായുളള പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി സംസ്ഥാന വ്യാപകമായി ഫെബ്രുവരി 27 ഞായറാഴ്ച നടക്കും.
ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സംസ്ഥാനതല ഉദ്ഘാടനം പത്തനംതിട്ട ജില്ലയില്‍ വച്ച് നിര്‍വഹിക്കും.
കോവിഡ് സാഹചര്യത്തില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കി കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചായിരിക്കും പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണം ചെയ്യുക.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അഞ്ച് വയസ് വരെയുള്ള 24,36,298 കുട്ടികള്‍ക്ക് പ്രത്യേകം സജ്ജീകരിച്ച ബൂത്തുകള്‍ വഴി പോളിയോ തുള്ളിമരുന്ന് നല്‍കുവാനാണ് ലക്ഷ്യമിടുന്നത്.
ട്രാന്‍സിറ്റ്, മൊബൈല്‍ ബൂത്തുകള്‍ ഉള്‍പ്പെടെ 24,614 ബൂത്തുകളാണ് പ്രവര്‍ത്തിക്കുന്നത്. തുളളിമരുന്ന് വിതരണം ചെയ്യുന്നതിനായി 49,228 വോളണ്ടിയര്‍മാര്‍ക്കും 2,183 സൂപ്പര്‍വൈസര്‍മാര്‍ക്കും പരിശീലനം നല്‍കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.
രാവിലെ 8 മണി മുതല്‍ വൈകിട്ട് 5 മണി വരെ പ്രവര്‍ത്തിക്കുന്ന ബൂത്തുകളിലെ തിരക്ക് ഒഴിവാക്കുവാനായി ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ദ്ദേശിക്കുന്ന സമയത്ത് കുട്ടികളെ കൊണ്ടുപോയി തുള്ളിമരുന്ന് നല്‍കാന്‍ അമ്മമാര്‍ പ്രത്യേകം ശ്രദ്ധിക്കണം.
സ്‌കൂളുകള്‍, അങ്കണവാടികള്‍, വായനശാലകള്‍, ആരോഗ്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ബൂത്തുകള്‍, ബസ് സ്റ്റാന്റുകള്‍, റെയില്‍വേ സ്‌റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളിലെ ട്രാന്‍സിറ്റ് ബൂത്തുകള്‍, അന്യസംസ്ഥാനതൊഴിലാളികളുടെ ക്യാമ്പുകള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ മൊബൈല്‍ ബൂത്തുകള്‍ എന്നിവ വഴിയാണ് തുള്ളിമരുന്ന് വിതരണം നടത്തുന്നത്.
പോളിയോ ബൂത്തിലുള്ളവരും കുട്ടികളെ കൊണ്ടുവരുന്നവരും കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, വിവിധ വകുപ്പുകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ പൂര്‍ണ സഹകരണത്തോടെയാണ് പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ സംഘടിപ്പിക്കുന്നത്.