play-sharp-fill
ലൈംഗികാതിക്രമം ; നടിയുടെ പരാതിയിൽ നടൻ ജയസൂര്യക്കെതിരെ കേസ് ; ജാമ്യമില്ലാ വകുപ്പും ചുമത്തി ; നടിയുടെ 7 പരാതികളിൽ രജിസ്റ്റർ ചെയ്യുന്ന ആദ്യത്തെ കേസ് ; അന്വേഷണ സംഘത്തിന് മുന്നിലുള്ളത് സാഹചര്യ തെളിവുകൾ ഉൾപ്പെടെ ശേഖരിക്കേണ്ട ദൗത്യം ; അന്വേഷണം നിർണായകം

ലൈംഗികാതിക്രമം ; നടിയുടെ പരാതിയിൽ നടൻ ജയസൂര്യക്കെതിരെ കേസ് ; ജാമ്യമില്ലാ വകുപ്പും ചുമത്തി ; നടിയുടെ 7 പരാതികളിൽ രജിസ്റ്റർ ചെയ്യുന്ന ആദ്യത്തെ കേസ് ; അന്വേഷണ സംഘത്തിന് മുന്നിലുള്ളത് സാഹചര്യ തെളിവുകൾ ഉൾപ്പെടെ ശേഖരിക്കേണ്ട ദൗത്യം ; അന്വേഷണം നിർണായകം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: നടിയോട് ലൈംഗികാതിക്രമം കാട്ടിയെന്ന പരാതിയിൽ നടൻ ജയസൂര്യക്കെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് ജയസൂര്യക്ക് എതിരെ കേസെടുത്തത്. സെക്രട്ടേറിയറ്റിലെ സിനിമ ചിത്രീകരണത്തിനിടെ ശുചിമുറിയുടെ സമീപത്തുവച്ച് കടന്നുപിടിച്ച് ലൈംഗികമായി അതിക്രമം നടത്തിയതിന് ഐ പി സി 354, 354 A, 509 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ലൈംഗികാതിക്രമം, സ്ത്രിത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾക്കൊപ്പമാണ് ജാമ്യമില്ലാ വകുപ്പും ചുമത്തിയിരിക്കുന്നത്.

കൊച്ചി സ്വദേശിയായ നടിയുടെ 7 പരാതികളിൽ രജിസ്റ്റർ ചെയ്യുന്ന ആദ്യത്തെ കേസാണ് ഇത്. നടിയുടെ മൊഴി ഇന്നലെ പ്രത്യേക അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജയസൂര്യക്കെതിരെ കേസെടുത്തത്. നടിയുടെ ആലുവയിലെ വീട്ടിലെത്തിയാണ് പ്രത്യേകാന്വേഷണ സംഘത്തിൽ ഉൾപ്പെട്ട ഡി ഐ ജി അജിതാ ബീഗവും ജി പൂങ്കുഴലിയുമടക്കമുള്ളവരുടെ നേതൃത്വത്തിൽ മൊഴിയെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലൈംഗികാതിക്രമം നേരിട്ടെന്ന നടിയുടെ പരാതിയിൽ ജയസൂര്യക്കെതിരെ കേസെടുത്തതിന് പിന്നാലെ മുകേഷ്, ഇടവേള ബാബു, മണിയൻ പിള്ള രാജു എന്നിവരടക്കമുള്ളവക്കെതിരെയും പൊലീസ് ഇന്ന് കേസെടുത്തേക്കും. ഇവർക്കെതിരെ പരാതി ഉന്നയിച്ച നടിയുടെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. മൊഴിയെടുത്ത ശേഷമാണ് കേസെടുക്കാൻ നീക്കം നടക്കുന്നത്.

സംഭവം നടന്ന അതത് പൊലീസ് സ്റ്റേഷനുകളിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്യാനാണ് നീക്കം. ഇന്ന് തന്നെ ഇക്കാര്യത്തിൽ തീരുമാനമുണ്ടായേക്കുമെന്നാണ് വിവരം. മുകേഷ് എം എൽ എ, ഇടവേള ബാബു, മണിയൻപിള്ള രാജു, ജയസൂര്യ, കോൺഗ്രസ് നേതാവ് അഡ്വ. വി എസ് ചന്ദ്രശേഖരൻ, കാസ്റ്റിംഗ് ഡയറക്ടര്‍ വിച്ചു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍ തുടങ്ങിയവർക്കെതിരെയാണ് പരാതികൾ. ഇതിൽ ജയസൂര്യക്കെതിരായ പരാതിയിൽ മാത്രമാണ് നിലവിൽ കേസെടുത്തിരിക്കുന്നത്.

മുകേഷിനെതിരെ പാലക്കാടും മണിയൻ പിള്ള രാജു, ഇടവേള ബാബു അടക്കമുള്ളവർക്കെതിരെ കൊച്ചിയിലും എഫ് ഐ ആർ രജിസ്റ്റർ ചെയ്യാനാണ് സാധ്യത. ആരോപണങ്ങൾ വർഷങ്ങൾക്ക് മുന്നേ നടന്നിട്ടുളളതും ഗൗരവമേറിയതുമായതിനാൽ സാഹചര്യ തെളിവുകൾ ഉൾപ്പെടെ ശേഖരിക്കേണ്ട ദൗത്യമാണ് അന്വേഷണ സംഘത്തിന് മുന്നിലുള്ളത്. നടിയുടെ പക്കലുള്ള തെളിവുകളും അന്വേഷണത്തിൽ നിർണായകമാകും.