play-sharp-fill
ഐഎസ്ആര്‍ഒയില്‍ ജോലിയും എംബിബിഎസ് അഡ്മിഷനും വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; തട്ടിയെടുത്തത് 70 ലക്ഷം രൂപ ; പരാതിയില്ലെന്ന് യുവതി; കോടതിയിലെ നാടകീയ രംഗങ്ങള്‍ക്ക് ഒടുവിൽ പ്രതിയ്ക്ക് ജാമ്യം

ഐഎസ്ആര്‍ഒയില്‍ ജോലിയും എംബിബിഎസ് അഡ്മിഷനും വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; തട്ടിയെടുത്തത് 70 ലക്ഷം രൂപ ; പരാതിയില്ലെന്ന് യുവതി; കോടതിയിലെ നാടകീയ രംഗങ്ങള്‍ക്ക് ഒടുവിൽ പ്രതിയ്ക്ക് ജാമ്യം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഐ എസ് ആര്‍ ഒയില്‍ ജോലിയും അടൂര്‍ മൗണ്ട് സിയോണ്‍ മെഡിക്കല്‍ കോളേജില്‍ എം ബി ബി എസ് അഡ്മിഷനും വാഗ്ദാനം ചെയ്ത് 70 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പ്രതി ബിജോ ഫിലിപ്പിന് ജാമ്യം. പൂജപ്പുര തട്ടിപ്പു കേസില്‍ കസ്റ്റഡിയില്‍ കഴിയുന്ന പ്രതിക്കെതിരെ പരാതിയില്ലെന്ന് കോടതിയില്‍ ഇരയായ സ്ത്രീ സത്യവാങ്മൂലം നല്‍കിയിരുന്നു. ചതിച്ചെടുത്ത പണം തിരികെ തരാമെന്ന് പ്രതി സമ്മതിച്ചതായും കേസ് തുടര്‍ന്ന് നടത്തേണ്ട ആവശ്യമില്ലെന്നും മേല്‍ പരാതിയില്ലെന്നും പ്രതിക്ക് ജാമ്യം നല്‍കുന്നതില്‍ തനിക്ക് ആക്ഷേപമില്ലെന്നും യുവതി സത്യവാങ്മൂലത്തില്‍ പറയുന്നു.

തുടര്‍ന്ന് പ്രതി ബിജോ ഫിലിപ്പിന് കോടതി കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു. തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് എല്‍സാ കാതറിന്‍ ജോര്‍ജിന്റെ കോടതിയിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. പ്രതിയായ റാന്നി ഐത്തല പ്ലാന്തോട്ടത്തില്‍ വീട്ടില്‍ ബിജോ ഫിലിപ്പിന്റെ (39) ജാമ്യഹര്‍ജി പരിഗണിക്കവേയാണ് സത്യവാങ്മൂലവുമായി
പരാതിക്കാരിയായ പൂജപ്പുര സ്വദേശിനി കോടതിയില്‍ എത്തിയത്. പൂജപ്പുര സ്വദേശിനിക്ക് ഐ എസ് ആര്‍ ഒ യില്‍ ജോലിയും ബന്ധുവിന് മെഡിക്കല്‍ സീറ്റും വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ് നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവില്‍ അമേരിക്കയില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ കബളിപ്പിച്ച് 42.94 ലക്ഷം രൂപയും 22 പവന്‍ സ്വര്‍ണവും തട്ടിയ കേസില്‍ 2024 ജൂലൈ12 ന് അറസ്റ്റ് ചെയ്യപ്പെട്ട് ജയിലില്‍ കഴിയുകയാണ് പ്രതി. തുടര്‍ന്ന് പൂജപ്പുര പോലീസ് കോടതി അനുമതിയോടെ ജൂലൈ 23 ന് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. യുഎസില്‍ ജോലിയും പഠനവും വാഗ്ദാനം ചെയ്താണ് യുവാവ് വന്‍ തട്ടിപ്പ് നടത്തിയത്. ബെംഗളൂരുവില്‍ നിന്ന് റാന്നി പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. റാന്നി തെക്കേപ്പുറം ചരിവുകാലായില്‍ സി.ടി.അനിഷയുടെ പരാതിയിലായിരുന്നു അറസ്റ്റ്. ബെംഗളൂരുവില്‍ താമസക്കാരനായ ബിജോ നാട്ടിലെത്തിയാണ് വന്‍ തട്ടിപ്പ് നടത്തിയത്.

അമേരിക്കയിലുള്ള പരിചയക്കാര്‍ വഴി വിസ തരപ്പെടുത്തി നല്‍കാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. നാട്ടിലുണ്ടായിരുന്ന ബിജോ ജൂണ്‍ 10 ന് ബെംഗളൂരുവിലേക്കു പോയിരുന്നു. ഇതറിഞ്ഞ് റാന്നി പൊലീസ് അവിടെയെത്തിയാണു കസ്റ്റഡിയിലെടുത്തത്. റാന്നി പോലീസ് ഇയാളെ ബാങ്കുകളിലെത്തിച്ചു തെളിവെടുപ്പ് നടത്തിയിരുന്നു.

42.94 ലക്ഷം രൂപ പലപ്പോഴായി ബിജോ വാങ്ങിയിട്ടുണ്ടെന്ന് അനിഷയുടെ പരാതിയിലുണ്ട്. ഇതില്‍ 2.93 ലക്ഷം രൂപ പലപ്പോഴായി അനിഷയുടെ അക്കൗണ്ടിലേക്കു തിരികെ നല്‍കിയിട്ടുണ്ട്. കൂടാതെ 12.15 ലക്ഷം രൂപ മൂല്യം വരുന്ന സ്വര്‍ണാഭരണങ്ങളും വാങ്ങിയിട്ടുണ്ടെന്ന് മൊഴിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇട്ടിയപ്പാറയില്‍ ജനസേവന കേന്ദ്രം നടത്തുന്നതിനിടെയാണ് ഇയാളെ പരിചയപ്പെട്ടതെന്ന് ഐത്തല നിള വീട്ടില്‍ അനിഷയുടെ മൊഴിയില്‍ പറയുന്നു.

ബിജോയ്ക്ക് യുഎസില്‍ പരിചയമുള്ള ഏജന്‍സി ഉണ്ടെന്നും യുഎസില്‍ താമസക്കാരായ രണ്ട് കുമ്പനാട് സ്വദേശികള്‍ വഴി അമേരിക്കയില്‍ കൊണ്ടു പോകാമെന്നുമാണ് വാഗ്ദാനം ചെയ്തത്. 22 പവന്‍ തൂക്കം വരുന്ന സ്വര്‍ണാഭരണങ്ങളും അനിഷയില്‍ നിന്നു വാങ്ങിയെന്ന് കോടതിയില്‍ ഹാജരാക്കിയ പോലീസ് മൊഴിയിലുണ്ട്.