അമ്മാവന് അടുപ്പിലും ആകാം ..!  നഗരസഭ ഉപരോധിക്കാൻ ഡിവൈഎഫ്ഐ: സുരക്ഷ ഒരുക്കാൻ  പൊലീസുകാർ എത്തിയ വാഹനം പാർക്ക് ചെയ്തത് നടുറോഡിൽ; നാട്ടുകാരുടെ മുതുകിൽ പിഴ ഒട്ടിക്കുന്ന പൊലീസ് വണ്ടിയ്ക്ക് എന്തും ആകാം

അമ്മാവന് അടുപ്പിലും ആകാം ..! നഗരസഭ ഉപരോധിക്കാൻ ഡിവൈഎഫ്ഐ: സുരക്ഷ ഒരുക്കാൻ പൊലീസുകാർ എത്തിയ വാഹനം പാർക്ക് ചെയ്തത് നടുറോഡിൽ; നാട്ടുകാരുടെ മുതുകിൽ പിഴ ഒട്ടിക്കുന്ന പൊലീസ് വണ്ടിയ്ക്ക് എന്തും ആകാം

തേർഡ് ഐ ബ്യൂറോ

കോട്ടയം: അമ്മാവന് അടുപ്പിലും ആകാമെന്ന പഴഞ്ചൊല്ലൽ ശരിയാണെന്ന് വരുത്തുകയാണ് കേരള പൊലീസ്. നഗരസഭ കൗൺസിൽ യോഗം ഉപരോധിക്കാൻ എത്തിയ ഡിവൈഎഫ്ഐ പ്രവർത്തകരെ തടയാൻ എത്തിയ പൊലീസ് വാഹനം പാർക്ക് ചെയ്തത് നടു റോഡിൽ. അതും തിരക്കേറിയ എംസി റോഡിൽ പോസ്റ്റ് ഓഫിസിന്റെയും നഗരസഭ ഓഫിസിന്റെയും മധ്യഭാഗത്ത്. സാധാരണക്കാരന്റെ വാഹനം ഇവിടെ പാർക്ക് ചെയ്താൽ മുതുകിൽ പിഴ ഒട്ടിയ്ക്കുന്ന പൊലീസാണ് ഇവിടെ വാഹനം പാർക്ക് ചെയ്തത് നിയമത്തെ സ്വയം വെല്ലുവിളിക്കുന്നത്.

ശനിയാഴ്ച രാവിലെ പത്തരയോടെയാണ് ഡിവൈഎഫ്ഐ പ്രവർത്തകർ നഗരസഭ ഓഫിസ് ഉപരോധിക്കാനായി എത്തിയത്. പ്രതിഷേധം കണക്കിലെടുത്ത് കോട്ടയം വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ എം.ജെ അരുണിന്റെ നേതൃത്വത്തിലാണ് പൊലീസ് സംഘം സുരക്ഷ ഒരുക്കുന്നതിനായി എത്തിയിരുന്നത്. സംഘർഷ സാധ്യത കണക്കിലെടുത്ത് എ.ആർ ക്യാമ്പിൽ നിന്നുള്ള പൊലീസ് സംഘത്തെയും എത്തിച്ചിരുന്നു. ഇവർ എത്തിയ വാഹനമാണ് എം സി റോഡിൽ രാജധാനി ഹോട്ടലിന് മുന്നിൽ പാർക്ക് ചെയ്തിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റോഡ് നിറഞ്ഞ് കിടന്നിരുന്ന ബസ് വൻ ഗതാഗതക്കുരുക്കിനാണ് ഇടയാക്കിയത്. എന്നാൽ ഗതാഗതക്കുരുക്ക് ഉണ്ടാക്കിയതല്ലാതെ ഗതാഗതം നിയന്ത്രിക്കാൻ ഒരു പൊലീസ് ഉദ്യോഗസ്ഥൻ പോലും സ്ഥലത്ത് ഉണ്ടായിരുന്നില്ല. നഗരസഭയിലെ ഭരണപക്ഷത്തിന്റെ അഴിമതിയ്ക്കെതിരെയാണ് ഡിവൈഎഫ്ഐ നേതൃത്വത്തിൽ പ്രതിഷേധവും ധർണയും സംഘടിപ്പിച്ചത്.

പ്രകടനമായി എത്തിയ പ്രവർത്തകർ നഗരസഭ കൗൺസിൽ ഹാൾ ഉപരോധിച്ച്. രണ്ടു മണിക്കൂറോളം പ്രതിഷേധം നീണ്ടു. ഈ സമയം എല്ലാം പൊലീസ് വാഹനം ഗതാഗതക്കുരുക്കുണ്ടാക്കി നടുറോഡിൽ കിടക്കുകയായിരുന്നു.