കുറിച്ചിയിൽ പള്ളിയുടെ നേർച്ചപ്പെട്ടി തകർത്ത് മോഷണം: പ്രധാന പ്രതി പൊലീസ് പിടിയിലായി; പ്രതിയെ കുടുക്കിയത് വിരലടയാളം
ക്രൈം ഡെസ്‌ക്
കോട്ടയം: കുറിച്ചിയിലെ പള്ളിയുടെ നേർച്ചപ്പെട്ടി കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ പ്രധാന പ്രതി പൊലീസ് പിടിയിലായി. പള്ളിയ്ക്കുള്ളിൽ കയറിയ ശേഷം കാണിക്കവഞ്ചി തകർത്ത് മോഷണം നടത്തിയ കേസിലാണ് ഇയാളെ പൊലീസ് ഇപ്പോൾ പിടികൂടിയിരിക്കുന്നത്.
കുറിച്ചി ഫ്രഞ്ച് മുക്കിലെ ചെങ്ങാട്ടുപറമ്പിൽ ജിനു (23)വിനെയാണ് ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ ബിൻസ് ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരാഴ്ച മുൻപായിരുന്നു കേസിനാസ്പദമായ സംഭവം. കുറിച്ചി സെന്റ് ഇഗ്നാത്തിയോസ് ക്‌നാനായ പള്ളി കുത്തിത്തുറന്ന് അകത്തു കയറിയ മോഷ്ടാവ്, ഈ കാണിക്കവഞ്ചി തകർക്കുകയായിരുന്നു. കാണിക്കവഞ്ചിയ്ക്കുള്ളിലുണ്ടായിരുന്ന രണ്ടായിരം രൂപയും ഇയാൾ കവർന്നിരുന്നു.
സംഭവത്തിൽ ദിവസങ്ങളായി ചങ്ങനാശേരി ഡിവൈ.എസ്.പി എസ്.സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അന്വേഷണം നടത്തി വരികയായിരുന്നു. രണ്ടായിരത്തോളം രൂപയാണ് കാണിക്കവഞ്ചിയിൽ നിന്നും ഇയാൾ മോഷ്ടിച്ചിരുന്നത്. ഇതിനിടെയാണ് പൊലീസിനു പ്രതിയെപ്പറ്റി സൂചന ലഭിച്ചത്.
തുടർന്നു പ്രതിയുടെ വിരലടയാളവും സിസിടിവി കാമറാ ദൃശ്യങ്ങളും ശേഖരിച്ച പൊലീസ് സംഘം പ്രതിയെ പിടികൂടുകയായിരുന്നു. എസ്.ഐമാരായ അബ്ദുൾ ജലീൽ, സുരേഷ്, എ.എസ്.ഐ ജീമോൻ, സിപിഒമാരായ ഡെന്നി സന്തോഷ് മനോജ് എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.