കൊച്ചിയിൽ വൻ ലഹരിമരുന്നുവേട്ട: 15 കിലോ കഞ്ചാവുമായി യുവതിയടക്കം ഏഴുപേർ അറസ്റ്റിൽ; സംസ്ഥാനത്തെ വിവിധ ജില്ലകളിൽ വിതരണത്തിനായി ഒഡീഷയിൽ നിന്ന് എത്തിച്ച കഞ്ചാവാണ് പിടികൂടിയത്
സ്വന്തം ലേഖകൻ
കൊച്ചി: എറണാകുളത്ത് 15 കിലോ കഞ്ചാവുമായി ഏഴ് പേർ അറസ്റ്റിലായി. ആലപ്പുഴ കായംകുളം സ്വദേശിനി ശിൽപശ്യാം(19), ആലപ്പുഴ മാവേലിക്കര സ്വദേശിനി മേഘ ചെറിയാൻ (21), ഓച്ചിറ മേപ്പനത്ത് കുമാർ ഭവനത്തിൽ ദിലീപ് എന്ന ബോക്സർ ദിലീപ് (27), ശാസ്താംകോട്ട മണ്ണൂർ അയ്യത്തുവീട്ടിൽ ഹരികൃഷ്ണൻ(26), കരുനാഗപ്പിളളി ശാസ്താംകോട്ട വലിയവിള പുത്തൻവീട്ടിൽ ശ്രീലാൽ (26), എറണാകുളം തിരുവാങ്കുളം മാമല കിഴക്കേടത്ത് വീട്ടിൽ അക്ഷയ് രാജ്(24), കൊല്ലം കരുനാഗപ്പിള്ളി തോട്ടുംമുഖം ജ്യോതിസ് ഭവനത്തിൽ ജ്യോതിസ്(22) എന്നിവരാണ് അറസ്റ്റിലായത്.
എറണാകുളംഅമ്പലമേടിലെ ലോഡ്ജ് കേന്ദ്രീകരിച്ചായിരുന്നു സംഘത്തിന്റെ കഞ്ചാവ് വിൽപ്പന. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ വിതരണത്തിനായി ഒഡീഷയിൽ നിന്ന് എത്തിച്ച കഞ്ചാവാണ് പിടികൂടിയത്. ഒഡീഷയിലെ കഞ്ചാവ് മാഫിയകളിൽ നിന്ന് ഇടനിലക്കാരൻ വഴി വാങ്ങി തമിഴ്നാട് വഴിയാണ് കഞ്ചാവ് സംസ്ഥാനത്ത് എത്തിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതിന് ശേഷം കേരളത്തിലേക്ക് വരുന്ന പച്ചക്കറി വാഹനങ്ങളിൽ ഇത് കയറ്റി അയയ്ക്കും. തുടർന്ന് ഹൈവേയിൽ ഒഴിഞ്ഞ പ്രദേശത്ത് വാഹനം നിർത്തി ഏജന്റുമാർ ഇത് ശേഖരിച്ച് കൊച്ചിയിലെ വിവിധ കേന്ദ്രങ്ങളിലെത്തിക്കും. പിന്നീട് രണ്ട് കിലോഗ്രാം വീതമുള്ള പാക്കറ്റുകളാക്കി വിൽപ്പന നടത്തുന്നതാണ് സംഘത്തിന്റെ രീതി.
പ്രതികളിൽ ബോക്സർ ദിലീപ് എന്നു വിളിപ്പേരുള്ള ദിലീപ് കൊല്ലം ജില്ലയിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ്. കൊച്ചി സിറ്റി പോലിസ് കമ്മീഷണർ കെ.സേതുരാമയ്യർ IPS ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.