ക്ഷേത്ര ഭണ്ഡാരവും ഓഫീസും കുത്തിതുറന്ന് മോഷണം ; കവർച്ചയ്ക്ക് ശേഷം തൊണ്ടിമുതലുമായി ക്ഷേത്രമുറ്റത്ത് കിടന്നുറങ്ങിയ യുവാവ് പൊലീസ് പിടിയിൽ
സ്വന്തം ലേഖകൻ
മലപ്പുറം : ക്ഷേത്ര ഭണ്ഡാരവും ഓഫീസും കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതി പൊലീസ് പിടിയിൽ. നിലമ്പൂർ മമ്മുള്ളി കുട്ടിച്ചാത്തൻ കാവ് ക്ഷേത്രത്തിൽ മോഷണം നടത്തിയ പ്രതിയ വഴിക്കടവ് കമ്പളക്കല്ല് സ്വദേശി കുന്നുമ്മൽ ആബിദിനെയാണ് (35) നിലമ്പൂർ പൊലീസ് പിടികൂടിയത്.
ക്ഷേത്രത്തിലെ ഭണ്ഡാരവും ഓഫിസും കുത്തിത്തുറന്ന് കവർച്ച നടത്തിയ ശേഷം തൊണ്ടിമുതലുമായി ആബിദ് ക്ഷേത്രമുറ്റത്ത് കിടന്നുറങ്ങിപോകുകയായിരുന്നു. പുലർച്ചെ ക്ഷേത്രത്തിൽ വിളക്ക് വെക്കാനെത്തിയ ക്ഷേത്ര ഭാരവാഹിയാണ് ഓഫിസിന് സമീപത്ത് കിണറിനോട് ചേർന്ന് ഒരാൾ കിടന്നുറങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് ഇയാൾ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസെത്തി യുവാവിനെ ചോദ്യം ചെയ്യുകയും തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാൾ മോഷ്ടാവാണെന്ന് തിരിച്ചറിയുകയായിരുന്നു. പൊലീസ് നടത്തിയ പരിശോധനയിൽ ഇയാളിൽ നിന്ന് നാലായിരത്തിലേറെ രൂപയും കണ്ടെടുത്തു.
ഭണ്ഡാരത്തിലെ നാണയങ്ങൾ ഒഴിവാക്കി നോട്ടുകൾ മാത്രമാണ് എടുത്തതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. സംഭവസമയം, പ്രതിമദ്യലഹരിയിലായിരുന്നു.
അതേസമയം, നേരത്തെ മുതീരി പള്ളിയറക്കൽ ദുർഗാഭഗവതി ക്ഷേത്രത്തിലെ ഭണ്ഡാരം പൊളിച്ച് എൺപതിനായിരത്തോളം രൂപ കവർന്ന സംഭവവുമായി ഇയാൾക്ക് ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.