കുത്തഴിഞ്ഞ് പൊലീസ് സ്റ്റേഷനുകൾ: ഭരണ പരിഷ്‌കാരം കാക്കിയെ അടിമുടി ഉലച്ചു; എസ്.എച്ച്.ഒ സ്റ്റേഷനുകളിൽ വെറും എസ്.ഐമാരായ സി.ഐമാർ

കുത്തഴിഞ്ഞ് പൊലീസ് സ്റ്റേഷനുകൾ: ഭരണ പരിഷ്‌കാരം കാക്കിയെ അടിമുടി ഉലച്ചു; എസ്.എച്ച്.ഒ സ്റ്റേഷനുകളിൽ വെറും എസ്.ഐമാരായ സി.ഐമാർ

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: തോളിൽ നക്ഷത്രം മൂന്നെണ്ണമുണ്ടെങ്കിലും, സി.ഐമാർ ചെയ്യുന്നത് എസ്.ഐയുടെ പണി. തോന്നും പടി സ്റ്റേഷൻ ഭരണവും, ആളില്ലാത്ത ശ്വാസം മുട്ടുന്ന പൊലീസൂകാരും ചേർന്ന് സംസ്ഥാനത്തെ കാക്കി സേനയുടെ ശ്വാസം മുട്ടിക്കുന്നു. ജനമൈത്രി മുതൽ മാലിന്യം തള്ളുന്നവരെ കണ്ടെത്തൽ വരെയും, പെറ്റിക്കേസ് മുതൽ കു്റ്റാന്വേഷണം വരെയും നീണ്ടു കിടക്കുന്ന പൊലീസിന്റെ ജോലികൾ കേരളത്തിലെ കാക്കിക്കാരെ ശ്വാസം മുട്ടിച്ചു തുടങ്ങി. കുത്തഴിഞ്ഞ സ്റ്റേഷൻ ഭരണം മുതൽ സേനയിൽ ഇപ്പോൾ നടക്കുന്നതെല്ലാം കടുത്ത അസംതൃപ്തിയാണ് ഡിവൈ.എസ്.പി മുതൽ താഴേയ്ക്കുള്ള ഉദ്യോഗസ്ഥർക്ക് ഉണ്ടാക്കുന്നത്. ഇത് പൊലീസ് സേനയുടെ കാര്യക്ഷമതയെ തന്നെ ബാധിക്കുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ നൽകുന്ന സൂചന.പൊലീസ് സ്റ്റേഷനുകളുടെ ചുമതല എസ്.ഐയിൽ നിന്നും സി.ഐയിലേക്ക് മാറിയതാണ് ഈ അവസ്ഥക്ക് പ്രധാന കാരണം. ക്രമസമാധാന ചുമതലയുള്ള സി.ഐമാരിൽ മിക്കവരും ഇപ്പോഴത്തെ എസ്.എച്ച്.ഒ ചുമതലയെ എസ്.ഐ പോസ്റ്റിലേയ്ക്കുള്ള തരംതാഴ്ത്തൽ നടപടിയായാണ് കാണുന്നത്. ഇവരുടെ കീഴിലുള്ള എസ്.ഐമാർ ആകട്ടെ എല്ലാം സി.ഐ നോക്കി കൊള്ളുമെന്ന നിലപാടിലുമാണ് .മുൻപ് സ്റ്റേഷൻ ചുമതലയുള്ള എസ്.ഐ, സി.ഐക്കാണ് റിപ്പോർട്ട് ചെയ്തിരുന്നതെങ്കിൽ ഇപ്പോൾ റിപ്പോർട്ടിങ് ഉദ്യോഗസ്ഥൻ ഡി.വൈ.എസ്.പിയാണ്. സബ് ഡിവിഷണിലെ മുഴുവൻ പൊലീസ് സ്റ്റേഷനുകളുടെയും കാര്യം നോക്കേണ്ടതിനാൽ ഭാരിച്ച ഉത്തരവാദിത്വമാണ് ഡി.വൈ.എസ്.പിമാർക്കുള്ളത്. കേരളത്തെ സംബന്ധിച്ച് തികച്ചും അശാസ്ത്രീയമായ ഒരു മാറ്റമാണ് ഇതെന്നാണ് സേനയിലെ പൊതുവികാരം.ക്രമസമാധാന ചുമതലയിൽ വരുവാൻ താൽപ്പര്യപ്പെട്ടിരുന്ന സി.ഐമാർ രൂപമാറ്റം ലഭിച്ച പദവിയോട് മുഖം തിരിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇവർക്ക് സ്‌പെഷ്യൽ യൂണിറ്റുകളോടാണ് ഇപ്പോൾ താൽപ്പര്യം. എസ്.ഐ ആയി നേരിട്ട് നിയമനം നേടിയവർക്കാവട്ടെ സി.ഐയുടെ കീഴിൽ പൊലീസ് സ്റ്റേഷൻ ആയതിനാൽ സ്വതന്ത്രമായി പ്രവർത്തിക്കാനും കഴിയാത്ത അവസ്ഥയുണ്ട്.ആകെ മൊത്തം താറുമാറായ അവസ്ഥയിലാണിപ്പോൾ പൊലീസ് സംവിധാനം. മറ്റു സംസ്ഥാനങ്ങളിൽ നിന്നും വിഭിന്നമായി കേരളത്തിൽ പൊലീസിങ് ശക്തിപ്പെടാൻ കാരണം എസ്.ഐമാർ സ്റ്റേഷൻ ചുമതലയിൽ ഉണ്ടായിരുന്നതു കൊണ്ടുകൂടിയാണ്. സർക്കിൾ ഇൻസ്‌പെക്ടർമാരും ഈ സാഹചര്യത്തിൽ ഉഷാറായാണ് പ്രവർത്തിച്ചിരുന്നത്. സ്റ്റേഷൻ ഭരണത്തിന്റെ മേൽനോട്ടം പരിശോധിച്ചിരുന്നത് മുൻകാലങ്ങളിൽ സി.ഐമാരായിരുന്നു.നഗരങ്ങളിലും ഗ്രാമങ്ങളിലും പൊലീസ് പെട്രോളിങ്ങും ഇപ്പോൾ പഴയ പോലെ സജീവമല്ല. കേസുകൾ അന്വേഷിക്കുന്ന കാര്യത്തിലും പ്രതികളെ പിടികൂടുന്ന കാര്യത്തിലും ഈ മെല്ലെപ്പോക്ക് ശരിക്കും ബാധിക്കുന്നുണ്ട്. സ്റ്റേഷൻ നിയന്ത്രണത്തിന് നാഥനില്ലാത്തത് ലോക്കപ്പ് മർദ്ദനങ്ങൾക്കും കള്ളക്കേസുകൾക്കും കാരണമാകുന്നുണ്ട്. നീതിക്കുവേണ്ടി സ്റ്റേഷനിൽ കയറി ഇറങ്ങുന്നവരുടെ എണ്ണവും വർദ്ധിച്ചു കഴിഞ്ഞു. ഇതെല്ലാം സംഭവിക്കുന്നതിന് പിന്നിൽ അശാസ്ത്രീയമായ പരിഷ്‌ക്കാരത്തിനുള്ള പങ്ക് വളരെ വലുതാണ്. കർണ്ണാടകയിൽ പോലും സ്റ്റേഷൻ ഭരണം എസ്.ഐയിൽ നിന്നും മാറ്റാൻ തയ്യാറാകാത്തപ്പോഴാണ് കേരളം അത് പരീക്ഷിച്ചിരിക്കുന്നത്. ഈ നയം മാറ്റി പഴയ പോലെ എസ്.ഐമാരെ സ്റ്റേഷൻ ചുമതലയിൽ നിയമിച്ചാൽ മാത്രമേ ഇപ്പോഴത്തെ പ്രതിസന്ധി മാറ്റാൻ കഴിയൂ എന്നാണ് മുൻ ഐ.പി.എസ് ഉദ്യോഗസ്ഥരും ചൂണ്ടിക്കാട്ടുന്നത്.സുപ്രീംകോടതി പ്രകാശ് സിങ് ബാദൽ കേസിൽ പുറപ്പെടുവിച്ച സുപ്രധാന വിധിയിൽ പോലും വെള്ളം ചേർത്ത് 2011ൽ കേരള നിയമസഭ പാസാക്കിയ ‘കേരള പൊലീസ് നിയമവും’ ആത്മാർത്ഥമായി തന്നെ നടപ്പാക്കണ്ടേതുണ്ട്. എല്ലാ പൊലീസ് അതിക്രമങ്ങളും അന്വേഷണ അട്ടിമറികളും അഴിമതികളും പൊലീസിന്റെ മാത്രം തലയിൽ കെട്ടിവച്ച് കൈകഴുകാൻ രാഷ്ട്രീയ നേതാക്കൾക്കും കഴിയില്ല. പലതിലും പ്രാദേശികമായും അല്ലാതെയും രാഷ്ട്രീയ നേതൃത്വങ്ങളുടെ സമ്മർദ്ദഫലമായി പൊലീസ് ചെയ്യുന്നതാണ്.പൊലീസ് കോൺസ്റ്റബിൾ മുതൽ സബ് ഇൻസ്‌പെക്ടർ വരെയുള്ളവരെ കഴിവും യോഗ്യതയും അഭിരുചിയും നോക്കി നിയമിക്കാനുള്ള നിയമപരമായ അധികാരവും ഉത്തരവാദിത്വവും അതത് ജില്ലാ പൊലീസ് മേധാവികളിൽ മാത്രം നിക്ഷിപ്തമാണ്. എന്നാൽ ഇക്കാര്യങ്ങളിലും രാഷ്ട്രീയ ഇടപെടലുകൾ നടക്കാറുണ്ട്. അതുകൊണ്ടു തന്നെ ഇടപെടുന്ന രാഷ്ടീയക്കാരോട് കാക്കിക്കും വിധേയത്വം കൂടുതലാണ്. ഏതു മുന്നണി ഭരിച്ചാലും അവസ്ഥ ഇതൊക്കെ തന്നെയാണ്.

ഗസറ്റഡ് റാങ്കിലുള്ള സർക്കിൾ ഇൻസ്‌പെക്ടറുടെ നിയമനാധികാരി സംസ്ഥാന പൊലീസ് മേധാവിയാണ്. ഈ അധികാരവും കയ്യാളുന്നത് ഭരണകക്ഷി രാഷ്ടീയക്കാരും മൂലധന മാഫിയകളുമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡിവൈഎസ്പി മുതൽ എഡിജിപി വരെയുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ നിയമനാധികാരം സർക്കാരിനാണ്. സർക്കാരിനു വേണ്ടി ആഭ്യന്തര സെക്രട്ടറിയാണ് ഇവരുടെ സ്ഥലമാറ്റ- നിയമന ഉത്തരവുകളിൽ ഒപ്പുവയ്ക്കുന്നത്. ഇവിടെയും കഴിവിനേക്കാൾ വിധേയത്വത്തിനാണ് പരിഗണന ലഭിക്കുന്നത്. അറിവും കഴിവും കാര്യക്ഷമതയുമുള്ള ഉദ്യോഗസ്ഥരാണ് ഈ നിലപാടു മൂലം തഴയപ്പെടുന്നത്. ഇതും പൊലീസിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്ന പ്രധാന ഘടകമാണ്.

കേരള പൊലീസ് നിയമത്തിലെ 23-ാം വകുപ്പിൽ പറയുന്ന തരത്തിൽ കുറ്റാന്വേഷണവും ക്രമസമാധാനവും വേർതിരിക്കുന്നതും പൊലീസിങിനു ഗുണമാണ് ചെയ്യുക. പ്രസ്തുത വേർതിരിവ് ഒരു പ്രഹസനമായി മാറാതിരിക്കാൻ എട്ടു മണിക്കൂർ വീതമുള്ള മൂന്നു ഷിഫ്റ്റ് സമ്പ്രദായം ആവശ്യമായ അംഗബലത്തോടെ ഒരോ പൊലീസ് സ്റ്റേഷനിലും നടപ്പാക്കുകയും വേണം. ഇതോടൊപ്പം എസ്.ഐമാർക്കു തന്നെ വീണ്ടും പൊലീസ് സ്റ്റേഷനുകളുടെ ചുമതല നൽകി പൊലീസിങ് ശക്തമാക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കേണ്ടത്. അതല്ലെങ്കിൽ കാക്കിക്ക് കൂടുതൽ താളം തെറ്റും.